തിരയുക

Vatican News
വത്തിക്കാന്‍  സായംപ്രഭയില്‍ വത്തിക്കാന്‍ സായംപ്രഭയില്‍  (AFP or licensors)

ദൈവസ്തുതി മനുഷ്യരക്ഷയ്ക്കുള്ള ഉപാധിയാണ്!

സങ്കീര്‍ത്തം 117- ഒരു സമ്പര്‍ണ്ണസ്തുതിപ്പിന്‍റെ പഠനം – ഭാഗം 5.

- ഫാദര്‍ വില്യം നെല്ലിക്കല്‍
ശബ്ദരേഖ - സങ്കീര്‍ത്തനം 117-ന്‍റെ പഠനം അഞ്ചാം ഭാഗം

ശബ്ദരേഖ - സങ്കീര്‍ത്തനം 117-ന്‍റെ പഠനം ഭാഗം അഞ്ച്

സങ്കീര്‍ത്തനം 117-ന്‍റെ ആത്മീയ വിചന്തനമാണ് ഇന്നും നാം ശ്രവിക്കുന്നത്. ആഴമായ വിശ്വാസത്തില്‍നിന്നു ഉതിര്‍ക്കൊള്ള ദൈവസ്തുതിയാണ് ഈ ഗീതത്തിന്‍റെ പദങ്ങളില്‍ പുറത്തുവരുന്നത്. ‘സകലജനതകളും ദൈവത്തെ സ്തുതിക്കട്ടെ!’ എന്ന പ്രവചനപരമായ ഈ ഗീതത്തിലെ ആശയം വെളിപാടുഗ്രന്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് ആത്മീയ വിചിന്തനത്തിന് സഹായകമായി സ്വീകരിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. (വെളിപാടി 7, 9-10).

Recitation :
“ഞാന്‍ നോക്കിയപ്പോള്‍ ഇതാ, ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍
സാധിക്കാത്ത ഒരു ജനക്കൂട്ടം, വലിയ ജനക്കൂട്ടം!
അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും
രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍.
വെള്ളയങ്കിയണിഞ്ഞവര്‍ കൈകളില്‍ കുരുത്തോലയുമായി
സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്‍റെ മുമ്പിലും സ്തുതിപാടി നില്കുന്നു.
അവര്‍ ആര്‍ത്തുവിളിച്ചു. 
സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്‍റെയും
കുഞ്ഞാടിന്‍റെയും പക്കലാണു രക്ഷ.”

സകല ജനതകളും – ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും സംസാക്കാരങ്ങളിലുമുള്ളവര്‍ ദൈവത്തെ സ്തുതിക്കുന്നതായ ദൃശ്യബിംബമാണ് വെളിപാടു ഗ്രന്ഥത്തില്‍ നാം കാണുന്നത്. അവര്‍ ദൈവത്തിന്‍റെയും ദിവ്യകുഞ്ഞാടായ ക്രിസ്തുവിലുമുള്ള രക്ഷയെ പ്രഘോഷിക്കുന്നതായി വരികള്‍ ചിത്രീകരിക്കുന്നു. ദൈവികസ്വഭാവമായ അവിടുത്തെ അനന്ത സ്നേഹത്തെയും കാരുണ്യത്തെയും ആധാരമാക്കിയാണ് ഈ സ്തുതിപ്പ്. ദൈവത്തെ സ്തുതിച്ചു ജീവിക്കുന്നവര്‍ അവിടുത്തെ പരിപാലനയ്ക്കും രക്ഷയ്ക്കും യോഗ്യരാകുന്നു പാത്രീഭൂതരാകുന്ന എന്ന വസ്തുത ഇന്നത്തെ ആത്മീയ വിചിന്തനത്തിന് ആധാരമാണ്.

സങ്കീര്‍ത്തനം 117 ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും  സംഘവും.

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

എല്ലാം സുരക്ഷിതമെന്നും സമൃദ്ധമെന്നും സമ്പന്നമെന്നും വിചാരിക്കുന്ന ഇന്നത്തെ ലോകത്ത് ഈ സ്തുതിപ്പ്, 117-Ɔ൦ സങ്കീര്‍ത്തനം ദൈവ-മനുഷ്യബന്ധത്തിന്‍റെ ആത്മീയ ജീവനിലേയ്ക്കുള്ള വെളിച്ചമാണ്. ചെറിയൊരു ഗീതമാണിത്. എന്നാല്‍ കാലക്രമത്തില്‍ ലോകത്തുള്ള ഭാഷകളിലൂടെയും ജനതകളിലൂടെയും ഒരു ആഗോള പ്രാര്‍ത്ഥനയായി മാറിയിരിക്കുന്നു. ഈ ഗീതത്തിന്‍റെ രണ്ടാമത്തെ പദം വിവരിക്കുന്നതുപോലെ, ദൈവത്തിന് തന്‍റെ ജനത്തോടുള്ള ഉടമ്പടിസ്നേഹവും വിശ്വസ്തതയുമാണ് ഇതിലെ അടിസ്ഥാനസന്ദേശം!  സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ത്തന്നെ അതു പറയുകയാണെങ്കില്‍ 

Recitation :
നമ്മളോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്.
അവിടുത്തെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.

ദൈവത്തിന്‍റെ കാരുണ്യവും വിശ്വസ്തതയും - ഗീതത്തിലെ രണ്ട് അടിസ്ഥാന പദങ്ങളാണ്. രണ്ടും ഈ ഗീതം പ്രഘോഷിക്കുന്ന ദൈവിക സ്വഭാവങ്ങളുമാണ്. ദൈവവും തന്‍റെ ജനവുമായുള്ള ഉടമ്പടി വളരെ സംക്ഷിപ്തമായി വിവരിക്കുന്ന പദപ്രയോഗങ്ങളാണ് അവിടുത്തെ അചഞ്ചലമായ കാരുണ്യവും, എന്നും നിലനില്ക്കുന്ന  വിശ്വസ്തതയും!

സീനായ് മലയില്‍വച്ച് മോശയോടു ദൈവം സംസാരിച്ച വാക്കുകളുടെ പ്രതിധ്വനിയാണ് 117-Ɔ൦ സങ്കീര്‍ത്തനപദങ്ങളില്‍ നാം കേള്‍ക്കുന്നതെന്ന് ചില നിരൂപകന്മാര്‍ വ്യാഖ്യാനിക്കാനിക്കുന്നതും ഈ ആത്മീയ വിചിന്തനത്തിന് സഹായകമാണ്. ദൈവം നല്കിയ പ്രമാണങ്ങളുടെ കല്‍പലകങ്ങളുമായി മല ഇറങ്ങിവന്ന മോശ കണ്ടത് ജനങ്ങളുണ്ടാക്കിയ കാളക്കുട്ടിയെയും, അതിനെ ചുറ്റിപ്പറ്റി അവര്‍ തുടങ്ങിയ വിഗ്രഹാരാധനയുടെയുമെല്ലാം ആഘോഷങ്ങളായിരുന്നു.  പിന്നെ പാപജീവിതവും. അതായത് ദൈവജനത്തിന്‍റെ അവിശ്വസ്തത! ജനം ദൈവത്തില്‍നിന്നും അകന്നുപോകുന്ന അവസ്ഥ! മോശ കുപിതനായി കല്പനകളുടെ കല്‍ഫലകങ്ങള്‍ ഉടച്ചുകളഞ്ഞു.

ജനത്തെ ശാസിച്ച മോശ, എന്നാല്‍ പിന്നീട് അനുതപിച്ച്, ജനത്തിനുവേണ്ടി ദൈവത്തോടു മാപ്പിരന്നു. പിന്നെയും രണ്ടു കല്‍പലകങ്ങള്‍ ഉണ്ടാക്കി. എന്നിട്ട് ഹൊറേബു മല കയറി,  കല്പനകള്‍ക്കും ആജ്ഞയ്ക്കുമായി ദൈവസന്നിധിയില്‍ ദിനരാത്രങ്ങള്‍ കാത്തിരുന്നു. അപ്പോള്‍ കര്‍ത്താവു മേഘത്തില്‍ ഇറങ്ങിവന്ന് മോശയ്ക്കു മുന്നലി‍നില്ക്കുകയും, തന്‍റെ നാമം വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. എന്നിട്ട് അയാളുടെ മുന്നിലൂടെ കാരുണ്യത്തിന്‍രെ വചസ്സുകള്‍ ഉച്ചരിച്ചുകൊണ്ട് യാഹ്വേ കടന്നുപോയെന്നു പുറപ്പാടു ഗ്രന്ഥം രേഖപ്പെടുത്തുന്നു.  മോശയോട് യാഹ്വേ ഉച്ചരിച്ച വാക്കുകള്‍ 117-Ɔ൦ സങ്കീര്‍ത്തനത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നത് നമുക്കിവിടെ ശ്രവിക്കാം.

Recitation :
“കര്‍ത്താവു കാരുണ്യവാനും കൃപാനിധിയുമായ ദൈവം,
കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍.
തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട്
ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍. എന്നാല്‍
കുറ്റവാളിയുടെ നേരേ കണ്ണടയ്ക്കാതെ,
തലമുറയോളം ശിക്ഷിക്കുന്നവന്‍…തിരുത്തുന്നോന്‍...” (പുറപ്പാട് 34, 6).

സങ്കീര്‍ത്തനം 117 ചെറുതെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന ഭാവത്തിനും ആശയങ്ങള്‍ക്കും ഒരു സൂക്ഷ്മതയും ഒരു മനോഹാരിതയുണ്ട്. അത് സ്തുതിയിലൂടെ ഉയരുന്ന ദൈവവുമായുള്ള വളരെ വ്യക്തിഗതമായ പ്രാര്‍ത്ഥനയാണ്. പിന്നെ പ്രാര്‍ത്ഥനയില്‍ വെളിപ്പെട്ടുകിട്ടുന്ന നിഗൂഢമായ ദൈവികപ്രാഭവം ദൈവത്തിന്‍റെ അളവില്ലാത്ത സ്നേഹമായും, അചഞ്ചലവും പതറാത്തതുമായ വിശ്വസ്തതയായും വെളിപ്പെട്ടുകിട്ടുന്നു. അങ്ങനെ ഈ ഗീതം ഉരുവിടുന്ന പ്രാര്‍ത്ഥന ദൈവസ്നേഹത്തിന്‍റെയും ദൈവത്തോടുള്ള വിശ്വസ്തതയുടെയും സാക്ഷ്യമാണ്. ഏകദൈവത്തെ അറിയാത്തവര്‍ക്കും,  അവിടുന്നില്‍ വിശ്വസിക്കാത്തവര്‍ക്കുമുള്ള സാക്ഷ്യമായും ഗീതം ഇന്നും ഉപോയോഗത്തില്‍ നില്ക്കുന്നു.

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
2. നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.
എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

പടിപടിയായി വ്യക്തിയുടെ പ്രാര്‍ത്ഥനാനുഭവം ഒരു സാക്ഷ്യവും പ്രഘോഷണവുമായി രൂപാന്തരപ്പെടുകയാണ് ഗീതത്തില്‍...! ബൈബിളിലെ ഏറ്റവും ചെറിയ അദ്ധ്യായത്തിന്‍റെയും, ഏറ്റവും ചെറിയ സ്തുതിപ്പിന്‍റെയും അന്യൂനമായമായ ഭംഗിയാണിത്. നമുക്ക് മറിച്ചും പറയാം. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയുടെ ക്രിയാത്മകമായ രൂപമാണ് സ്തുതിപ്പ്, ദൈവസ്തുതി. അത് വ്യക്തിയുടെ ജീവിതത്തില്‍ അത് സാക്ഷ്യമായി പരിണമിക്കുന്നു, രൂപപ്പെടുന്നു. പ്രാര്‍ത്ഥനയിലൂടെ വ്യക്തി ദൈവികൈക്യം പ്രാപിക്കുകയും,  ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദൈവമനുഷ്യ രമ്യതയാണ് ജീവിതസാക്ഷ്യമായി തെളിയുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ദൈവികരഹസ്യം വിശ്വസ്തതയും സ്നേഹവുമായി ജീവിതത്തില്‍ വെളിപ്പെടുത്തപ്പെടുന്നു.

ദൈവസ്തുതി മനുഷ്യരക്ഷയ്ക്കുള്ള ഉപാധിയാമെന്ന് ആത്മീയഗുരുക്കന്മാര്‍ ഉദ്ബോധിപ്പിക്കുന്നത്. വിശുദ്ധിയുള്ള വിശ്വാസസാക്ഷ്യം നല്കുകയെന്നത് വലിയ ദൗത്യമാണ്. സകല ജനതകളെയും ആശ്ലേഷിക്കുവാനുള്ള ആഹ്വാനവും, അത് ദൈവിക കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷ്യമായി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നതാണ് സങ്കീര്‍ത്തനം 117-ന്‍റെ സത്ത.  ഈ സ്തുതിപ്പില്‍ നാം കാണുന്നത് വിശ്വാസത്തിന്‍റെ മനോഹാരിതയാണ്.  സഹോദരങ്ങളുമായി നാം പങ്കുവയ്ക്കേണ്ട ദൈവസ്നേഹത്തിന്‍റെ ജീവിതസാക്ഷ്യം പദങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു. ഇതാണ് സ്തുതിപ്പിന്‍റെ യഥാര്‍ത്ഥ ലക്ഷ്യവും രൂപവും. ദൈവസ്തിതിയിലൂടെ ലഭിക്കുന്ന നവജീവനും രക്ഷയും ഈ ഗീതത്തിന്‍റെ ആത്മീയഭാവമാണ്! നെബുക്കദ്നേസര്‍ രാജാവിന്‍റെ കാലത്ത്, തീച്ചൂളയില്‍ എറിയപ്പെട്ട 3 യുവാക്കള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട്, അവിടെനിന്നും അത്ഭുതകരമായി രക്ഷപ്രാപിക്കുന്നത് നാം ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ വായിക്കുന്നു (ദാനി. 3, 23).  നീതിനിഷ്ഠനായ മനുഷ്യന്‍ ദൈവത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ദൈവത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ അവിടുത്തെ സ്തുതിക്കുന്നു. സ്തുതിക്കുന്നവര്‍ ദൈവിക കാരുണ്യിലും സ്നേഹത്തിലും സമൃദ്ധമായി വളരുന്നു. ദൈവികകൃപ കണ്ടെത്തുന്നു, ദൈവത്തിന്‍റെ കൃപാസ്പര്‍ശത്താല്‍ നവീകൃതരാകുന്നു, നവജീവന്‍ പ്രാപിക്കുന്നു!

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

04 September 2018, 13:11