Cerca

Vatican News
100 വയസ്സു തികയാന്‍ ഒരു ദിവസംകൂടി നില്ക്കേ... 18 ജൂലൈ 2018 ആ സമാധാനപ്രാവു പറന്നുപോയി - നെല്‍സണ്‍ മണ്ടേല. 100 വയസ്സു തികയാന്‍ ഒരു ദിവസംകൂടി നില്ക്കേ... 18 ജൂലൈ 2018 ആ സമാധാനപ്രാവു പറന്നുപോയി - നെല്‍സണ്‍ മണ്ടേല.  (ANSA)

സ്വച്ഛന്ദമായ മരണവും കുഴലുകള്‍ക്കിടയിലെ മരണവും

‘വയോജനങ്ങള്‍ക്കും ആസന്നമരണര്‍ക്കും നാം നല്കേണ്ട പരിചരണ’ത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. കൂടെ... ഉണ്ണിമേനോന്‍ ആലപിച്ച റഫീക്ക അഹമ്മദിന്‍റെയും ഷബാസ് അമന്‍റെയും “മരണമെത്തുന്ന നേരത്ത്...” എന്ന ഗാനവും. അവതരണം – ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.
ശബ്ദരേഖ - ആസന്നമരണര്‍ക്കു നല്കേണ്ട പരിചരണം

‘വയോജനങ്ങളുടെയും ആസന്നമരണരുടെയും പരിചരണം’ (Oldage and Palliative care) എന്ന വിഷയത്തെ ആധാരമാക്കി പൊന്തിഫിക്കല്‍ ജീവല്‍ അക്കാഡമി Pontifical Academy for Life വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ അതിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ പ്രഥമ ദിനത്തില്‍ത്തന്നെ പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്തു. രാജ്യാന്തര തലത്തിലുള്ള ശാസ്ത്രജ്ഞന്മാരും, ഡോക്ടര്‍മാരും, ഗവേഷകരും ഉള്‍പ്പെടുന്ന പ്രബുദ്ധമായൊരു സദസ്സിനോട് നവയുഗത്തിലെ സാമൂഹിക സ്പന്ദനം അറിയുന്ന പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണ് ഈ പരിപാടിക്ക് പ്രചോദനമായത്. 

‘പാലീയേറ്റീവ് കെയര്‍’ സംവിധാനങ്ങള്‍ 
മനുഷ്യന്‍ പരസ്പരം തുണയ്ക്കണം, വിശിഷ്യാ യാതനകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്ന അടിസ്ഥാന കാഴ്ചപ്പാടില്‍നിന്നുമാണ് - മാരകമായ രോഗങ്ങള്‍ക്കും വാര്‍ദ്ധക്യത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കും കീഴ്പ്പെടുന്നവരെ പിന്‍തുണയ്ക്കാന്‍ ‘പാലീയേറ്റീവ് കെയര്‍’ സംവിധാനങ്ങള്‍, അല്ലെങ്കില്‍ ആസന്നമരണരുടെ പരിചരണം ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രായമായാലും രോഗഗ്രസ്ഥമായാലും മനുഷ്യന്‍ മനുഷ്യന്‍തന്നെയാണെന്നും, അവന്‍റെ അല്ലെങ്കില്‍ അവളുടെ വ്യക്തിത്വം മരണംവരെ, അന്ത്യനിമിഷംവരെ മാനിക്കപ്പെടണമെന്നുമുള്ളത് അടിസ്ഥാന തത്വമാണ്, മൂല്യമാണ്. വ്യക്തികള്‍ എത്ര ചെറുതോ വലുതോ ആവട്ടെ, ആദരിക്കപ്പെടേണ്ടതായ അന്തസ്സ് ഒരോരുത്തര്‍ക്കുമുണ്ട്.

മനുഷ്യജീവിതം ഏത് അവസ്ഥയിലും, തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാണ്. ജീവന്‍ ദൈവത്തിന്‍റെ ദാനമാകയാല്‍ മൂല്യമുള്ളതാണ്. സകലരെയും ദൈവം സ്നേഹിക്കുന്നു, അതിനാല്‍ ജീവിതാലസ്യങ്ങളില്‍പ്പെട്ടവരെയും.... രോഗഗ്രസ്ഥമാവുകയോ, ജീവിതസായാഹ്നത്തില്‍ എത്തുകയോ ചെയ്യുമ്പോള്‍ നാമും മഹാമനസ്ക്കതയോടെ അവരെ സഹായിക്കുവാനും പിന്‍തുണയ്ക്കുവാനും കടപ്പെട്ടിരിക്കുന്നു.

മുതിര്‍ന്നവരോടുള്ള ആദരവിന്‍റെ മൂല്യം
“നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (പുറപ്പാട് 20, 12.). “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുവാനും നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്മ ഉണ്ടാകുവാനുംവേണ്ടി അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5, 16) ഇതു വചനമാണ്, ദൈവകല്പനയാണ്.  ‘മാതാപിതാക്കളെ ബഹുമാനിക്കുക,’ എന്ന നാലാം പ്രമാണത്തോടുള്ള വിശ്വസ്തത മനുഷ്യന് ആയുസ്സു നല്കുന്നു എന്നു മാത്രമല്ല, അത് ആസ്വദിച്ചു ജീവിക്കുവാനുള്ള അവസരം കൈവരുത്തുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കുവാനും അവരുടെ ആയുസ്സിന്‍റെ മൂല്യം മനസ്സിലാക്കുവാനുമുള്ള വിവേകം നമുക്ക് ദൈവാനുഗ്രഹം നേടിത്തരും. മാത്രമല്ല കുടുംബത്തിലും സമൂഹത്തിലും ദൈവപരിപാലനയ്ക്കൊത്തു സന്തോഷത്തോടെ ജീവിക്കുവാനും അത് ഇടയാക്കും. ജീവിതത്തിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ നാം അനുസരിക്കേണ്ട ‘മാതാപിതാക്കളെ ബഹുമാനിക്കണം’ എന്ന കല്പനയ്ക്ക് എക്കാലത്തും ഏറെ ബോധനപരമായ പ്രസക്തിയുണ്ട്. അത് തലമുറകളുടെ വളര്‍ച്ചുയുടെ വിവിധ ഘട്ടങ്ങളില്‍ പകര്‍ന്നു നല്കേണ്ടതാണ്. മാതാപിതാക്കളും മക്കളും തമ്മിലും, മുതിര്‍ന്നവരും യുവജനങ്ങളും തമ്മിലും നിലനിറുത്തേണ്ട ആദരവിന്‍റെയും അംഗീകാരത്തിന്‍റെയും മൂല്യം അനുദിന ജീവിതത്തില്‍ കൈമാറേണ്ടതാണ്. ഈ കല്പന ആദരിക്കുന്നവര്‍ക്കും, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ക്കും തീര്‍ച്ചയായും അതിന്‍റേതായ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നും, ജീവിതനന്മ കൈവരിക്കാനാകുമെന്നും പാപ്പാ പ്രബോധിപ്പിക്കുന്നു.

വലിച്ചെറിയല്‍ സംസ്ക്കാരമോ?
ദൈവവചനം തന്നെയായ കല്പനകള്‍ നാം ജീവിതത്തില്‍ പാലിക്കേണ്ടതാണ്. അത് സമകാലീന സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. ‘ഉപയോഗത്തിനുശേഷം സാധനങ്ങള്‍ വലിച്ചെറിയുന്ന’ ഉപഭോഗസംസ്ക്കാരത്തിന്‍റെ യുക്തിക്കും മീതെ കൂട്ടായ്മയുടെയും സഹാനുഭാവത്തിന്‍റെയും മനോഭാവം കുടുംബങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ദൈവവചനത്തില്‍നിന്നും അടര്‍ത്തിയെടുത്ത കല്പനകളെ വിശാല മനസ്ക്കതയോടെ നാം സ്വീകരിക്കേണ്ടതാണ്. കല്പനങ്ങളെ ബന്ധനങ്ങളായി കാണാതെ ജീവല്‍വചനമായി കാണുവാന്‍ സാധിക്കണം. പിന്നെ അവ ജീവിതത്തില്‍ പകര്‍ത്തുവാനും, ജീവിക്കുവാനും പരിശ്രമിക്കണം.

ശാരീരികവും സാമൂഹികവുമായ കാരണങ്ങളാല്‍ മരണവുമായി മല്ലടിക്കുന്ന അവശരെയും, മരണത്തിന് വിധിക്കപ്പെട്ടു കഴിയുന്ന പരിത്യക്തരെയും സ്പര്‍ശിക്കുന്നതാണ് നാം കണ്ട ‘മാതാപിതാക്കളെ ബഹുമാനിക്കുക’ എന്ന കല്പന. ആധുനിക ചികിത്സാക്രമത്തിലും ആരോഗ്യപരിലാനാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരുടെ അടിസ്ഥാന മാനദണ്ഡം യോഗ്യതകളും കാര്യക്ഷമതയും മാത്രമായിരിക്കരുത്. മനുഷ്യരെയും ജീവനെയും ബഹുമാനിക്കുന്ന മനോഭാവം ഇവിടെ അനിവാര്യമാണ്. അതുപോലെ സാമൂഹത്തിന്‍റെ ആരോഗ്യപരിപാലനാ-സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ടത് ധനവും സാമ്പത്തിക നേട്ടവുമല്ല. മറിച്ച് മനുഷ്യാന്തസ്സും അതിനോടുള്ള ആദരവുമാണ്. രാഷ്ട്രമോ സമൂഹമോ സഭയോ ആരോഗ്യപാലന രംഗത്തുനിന്നും, അതുമായ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ലാഭം കൊയ്യാമെന്നു ചിന്തിക്കുന്നത് തെറ്റാണ്. മറിച്ച് വ്യക്തികളെ സംരക്ഷിക്കുവാനും അവരുടെ അവകാശങ്ങള്‍ മാനിക്കുവാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് നിറവേറ്റുകായാണു വേണ്ടത്.

ആദ്യപരിചരണം കുടുംബങ്ങളില്‍ 
അര്‍ബുദംപോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ചുറ്റുപാടില്‍ തീര്‍ച്ചയായും ‘പാലീയേറ്റീവ് കെയറി’നും അല്ലെങ്കില്‍ ആസന്നമരണരുടെ പരിചരണത്തിനും, ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതികതയ്ക്കും ഏറെ പ്രസക്തിയുണ്ട്. വിശിഷ്യ വയോജനങ്ങളുടെ രോഗങ്ങളെയും, അവര്‍ അനുഭവിക്കുന്ന ഏകാന്തതയും പരിത്യക്തതയുമായി ബന്ധപ്പെട്ട അവശതകളെയും കുറിച്ച് ഇനിയും പഠിച്ച് പരിഹാരങ്ങള്‍ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എന്നാല്‍ പ്രായമായ മാതാപിതാക്കളും വൃദ്ധജനങ്ങളും കുടുംബങ്ങളിലാണ് ആദ്യമായി പരിചരിക്കപ്പെടേണ്ടത്, സംരക്ഷിക്കപ്പെടേണ്ടത് എന്ന അടിസ്ഥാന കാഴ്ചപ്പാടിലായിരിക്കണം അവരുടെ ശുശ്രൂഷയും ജീവിതാന്ത്യ പരിചരണവും വികസിപ്പിച്ചെടുക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതും. കാരണം കുടുംബങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന പരിചരണമോ സ്നേഹവാത്സല്യമോ ഈ ആധുനിക സംവിധാനങ്ങള്‍ക്കോ ചികിത്സാ സമ്പ്രദായങ്ങള്‍ക്കോ ഒരിക്കലും പകരം വയ്ക്കാനാവില്ല, നല്കാനാവില്ല.

ആസന്നമരണര്‍ക്കുള്ള പരിചരണം
വാര്‍ദ്ധക്യത്തിന്‍റെ ക്ലേശങ്ങളാലോ, മാരകമായ രോഗങ്ങളാലോ വലയുന്നവര്‍ക്ക് കുടുംബങ്ങള്‍ നല്കുന്ന പരിചരണത്തിനൊപ്പം വൈദ്യശാസ്ത്രപരമായ ആസന്നമരണര്‍ക്കുള്ള പരിചരണം, Palliative Care ഏറെ പ്രസക്താമാണ്. രോഗങ്ങളുമായി മരണത്തോട് മല്ലടിക്കുന്നവര്‍ക്ക് വൈദ്യശാസ്ത്രം നല്കുന്ന നവമായ സാങ്കേതിക മികവുള്ള പരിചരണം വേദന ശമിപ്പിക്കുവാനും, രോഗിയെ സമാശ്വസിപ്പിക്കുവാനും സഹായകമാകും എന്നതില്‍ സംശയമില്ല.

പരിത്യക്തരായി രോഗാവസ്ഥയിലെത്തിയ വൃദ്ധജനങ്ങള്‍ക്കും, മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു വേദനിക്കുന്നവര്‍ക്കുമാണ് ഈ ചികിത്സാക്രമം, palliative care ഏറ്റവും ഉപകാരപ്രദമാകുന്നത്. എന്നാല്‍ ‘പരിത്യക്താവസ്ഥ’യാണ് മറ്റേതൊരു രോഗത്തെക്കാളും ഭീതിതമായ അവസ്ഥ! ജീവിതത്തില്‍ ഏറ്റവും അധികം സഹായം ആവശ്യമായിരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തിയവരെ, മുതിര്‍ന്നവരെ, അതിനാല്‍ ആരും ഒരിക്കലും കൈവെടിയരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. സമൂഹത്തില്‍‍ ഇന്ന് പ്രബലപ്പെട്ടുനില്ക്കുന്ന throw-away-culture,  ഉപയോഗം കഴിഞ്ഞതിനെ വലിച്ചെറിയുന്ന സംസ്ക്കാരം സമൂഹ്യജീവിതത്തിന്‍റെ ഭാഗമാണ്, എന്നാല്‍ അത് ജീവന്‍റെ നേര്‍ക്ക് ഒരിക്കലും പ്രകടമാക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ആസന്നമരണര്‍ക്കുള്ള പരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോഴും ജീവനും ജീവന്‍റെ അന്തസ്സും മാനിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതായിരിക്കട്ടെ ശാസ്ത്രത്തിന്‍റെ പരമമായ ലക്ഷൃം. കാരണം മനുഷ്യന്‍റെ ചെയ്തികള്‍ ഒരിക്കലും അവന്‍റെ അന്തസ്സിനോ ജീവനോ എതിരായിരിക്കുവാന്‍ പാടില്ല. ജീവനെ സംരക്ഷിക്കുക, സ്നേഹിക്കുക, പരിചരിക്കുക!

നമ്മുടെ ആശുപത്രികളിലും ആതുരാലയങ്ങളിലും ജീവന്‍റെ പരിചരണത്തില്‍ ഉണ്ടായിരിക്കേണ്ട ഈ സാന്ത്വന സാമീപ്യത്തിലൂടെയും വീക്ഷണത്തിലൂടെയും മാത്രമേ, ആധുനിക ലോകത്തെ വൈദ്യശാസ്ത്ര മേഖലയില്‍ വളര്‍ന്നിട്ടുള്ള കച്ചവടമനഃസ്ഥിതി ഇല്ലായ്മചെയ്യാനാകൂ. അങ്ങനെ നല്ല ചികിത്സാക്രമത്തിലൂടെ വേദനിക്കുന്നവര്‍ക്ക് ലോകത്ത് സാന്ത്വനവും സമാശ്വാസവും വളര്‍ത്താന്‍ വൈദ്യശാസ്ത്രത്തിനു കഴിയട്ടെ!

മെഷീനുകള്‍ക്കിടയില്‍ മരിക്കണമോ?
ആശുപത്രികളില്‍, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗങ്ങളിലും വെന്‍റിലേറ്ററുകളിലും കിടത്തി മാത്രമേ മരണം നടക്കാവൂ എന്നൊരു ധാരണ ആളുകളില്‍, പ്രത്യേകിച്ച് മലയാളികളില്‍ വ്യാപകമായി പടര്‍ന്നിട്ടുണ്ട്. സ്വസ്ഥമായി മരിക്കാനുള്ള സ്ഥലങ്ങള്‍ ആശുപത്രകളാണോ, വൃദ്ധസദനങ്ങളാണോ എന്ന ചോദ്യം നമ്മള്‍ സ്വയം ആരാഞ്ഞു തുടങ്ങിയിട്ടില്ല. എന്നാല്‍ ചോദിക്കേണ്ടതാണ്. കഴിഞ്ഞ 50 കൊല്ലത്തിനിടെ മരണം വരിക്കുന്ന രീതികളില്‍‍ ഏറെ മാറ്റങ്ങള്‍ ലോകവ്യാപകമായി വന്നിട്ടുണ്ട്. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും Ventilator-മെഷീനുകളിലും Palliative care സംവിധാനങ്ങളിലും കിടത്തി മാത്രമേ മരണം നടക്കാവൂ, മരിക്കാവൂ എന്നൊരു ധാരണ ആളുകളില്‍, പ്രത്യേകിച്ച് കേരളത്തില്‍ വ്യാപകമായി പടര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രികളില്‍ കിടക്കയും മുറിയും വര്‍ദ്ധിപ്പിക്കുന്നതുപോലെ തീവ്രപരിചരണ വിഭാഗങ്ങളും പണിതുകൂട്ടുകയാണ്.

എവിടെ സ്വസ്ഥമായി മരിക്കാം?
സ്വസ്ഥമായി മരിക്കുവാനുള്ള സ്ഥലങ്ങള്‍ ആശുപത്രികളാണോ എന്ന ചോദ്യം നമ്മള്‍ സ്വയം ചോദിക്കേണ്ടതാണ്. ആസന്നമരണരുടെ പരിചരണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പതിവായി ക്ലാസ്സുകള്‍ എടുക്കുന്ന പരിചയ സമ്പന്നനായ ഡോക്ടര്‍, കെ. സുരേഷ്കുമാര്‍ ലോകാരോഗ്യ സംഘടനയുടെ ‘പാലിയേറ്റീവ് കെയര്‍’ മാതൃകാ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ്. അദ്ദേഹം ഡോക്ടര്‍മാരോടു ചോദിക്കാറുള്ള ചോദ്യമുണ്ട് – ‘രോഗികള്‍ മരിക്കുന്ന രീതിയില്‍ മരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാണോ?’ ഭൂരിഭാഗം ഡോക്ടര്‍മാരും നല്കുന്ന തുറന്ന മറുപടി ‘ഇല്ല’ എന്നാണ്. സ്വസ്ഥമായി മരിക്കാന്‍ കഴിയുന്ന സ്ഥലമല്ല ആശുപത്രികള്‍ എന്നത് അവിടെ ജോലിചെയ്യുന്നവര്‍ക്ക് - ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, ആശുപത്രിയിലുള്ള അനുബന്ധ ജോലിക്കാര്‍ക്കും ബോധ്യമുണ്ട് എന്നാണ് ഇതിനര്‍ത്ഥം. പിന്നെന്തുകൊണ്ടു കൂടുതല്‍ പേര്‍ ആശുപത്രികളിലെത്തി കഷ്ടപ്പെട്ടു മരിക്കുന്നു എന്ന ചോദ്യത്തിന്, ‘സാമൂഹികമായ സമ്മര്‍ദ്ദം’ എന്നാണു പലപ്പോഴും ഉത്തരം കിട്ടുന്നത്.

പല രീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍
(1) ആശുപത്രിയിലെ ഡോക്ടര്‍മാരോടു ചോദിച്ചാല്‍ പറയും, രോഗികളുടെ ബന്ധുക്കളുടെ നിര്‍ബന്ധംകൊണ്ടാണെന്ന്.

(2) സ്വകാര്യ സംഭാഷണങ്ങളില്‍, അശുപത്രിയില്‍നിന്നുള്ള, ആശുപത്രിയുടെ അധികൃതരില്‍നിന്നുമുള്ള സമ്മര്‍ദ്ദമാണെന്നു ചില ഡോക്ടര്‍മാരെങ്കിലും തുറന്നുപറയും, സമ്മതിക്കാറുണ്ട്.

(3) രോഗികളുടെ ബന്ധുക്കളോടു ചോദിച്ചാല്‍ നാട്ടുകാരെന്തു വിചാരിക്കും എന്ന മാനസിക സമ്മര്‍ദ്ദത്തില്‍പ്പെട്ടാണെന്നും മറുപടി കിട്ടിയേക്കാം.

(4) ഇതിലൊന്നും പെടാത്ത കുറെ ശുദ്ധമനസ്ഥിതിക്കാരുമുണ്ട്. അവരുടെ വിശ്വാസം ആശുപത്രിയില്‍ എത്തിച്ചല്ലോ, ഇനി എന്‍റെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ, ഭാര്യ, മകള്‍, മകന്‍ രക്ഷപെടും, പൂര്‍ണ്ണമായും സൗഖ്യപ്പെട്ടു പുറത്തുവരും എന്ന അമിതവിശ്വാസമോ, വിശ്വാസമോ, പ്രത്യാശയോ ...  എന്തു വേണമെങ്കിലും അതിനെക്കുറിച്ചു പറയാം. ഇക്കൂട്ടര്‍ എന്തു വിലകൊടുത്തും, ആശുപത്രിയില്‍ എത്ര പണം ചിലവഴിച്ചും, അതിനായി കഴുത്തറ്റം കടമെടുത്തും ചികിത്സ തുടരും.

മരണത്തെക്കുറിച്ചു ചിന്തിക്കാം
ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ‘എനിക്കു മരണമില്ല’ എന്നു സ്വയം നടിക്കുന്ന സമൂഹമായി നമ്മള്‍ മാറുന്നുണ്ടോ? മരണം ഒഴിവാക്കാന്‍ കഴിയും എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ ഉള്ളിലുണ്ടെന്നു തോന്നുന്നു. മരണത്തെക്കുറിച്ചുള്ള ആലോചനകളോ തുറന്ന ചര്‍ച്ചകളോ നടത്താന്‍ നമ്മള്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറത്താരും അറിയുന്നുമില്ല.

വികസിത സമൂഹങ്ങളില്‍ പലയിടത്തും മരണത്തെക്കുറിച്ചു ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന കൂട്ടായ്മകളും സാമൂഹിക മാധ്യമങ്ങളും സജീവമാണ്. അവസാനകാലത്തെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിപ്പെടുക എന്നതു രോഗികളെ സംബന്ധിച്ചിടത്തോളം അതികഠിനമായ അനുഭവമാണ്. കുറേ യന്ത്രങ്ങളുടെ നടുവില്‍, അപരിചിതമായ മുഖങ്ങള്‍ക്കു നടുവില്‍, ഒറ്റപ്പെട്ട് ഏറെ ഏകാന്തത അനുഭവിച്ച്, ഒന്നും ഉരിയാടാതെ, മൗനനൊമ്പരവുമായി അല്ലെങ്കില്‍ അബോധാവസ്ഥയില്‍, പിന്നല്ലെങ്കില്‍ അനാഥനായി, അനാഥനെപ്പോലെ ലോകത്തോടു യാത്രപറയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് കണ്ണുതള്ളിപ്പിക്കുന്ന ഒരു സാമ്പത്തിക വശം കൂടിയുണ്ട്.

ചികിത്സയെത്തുടര്‍ന്ന് ‘കുത്തുപാളയെടുക്കുന്നവര്‍’ 
സ്കോട്ട്ലാന്‍റിലെ UN Foundation-ല്‍നിന്നുമുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആശുപത്രികളുടെ മൊത്തം വരുമാനത്തിന്‍റെ പകുതിയോളം അവസാന ദിവസങ്ങള്‍ ഐസിയു-വിലും മറ്റു മെഷിനുകളിലും കഴിയേണ്ടിവരുന്ന രോഗികളില്‍നിന്നുമാണ് ലഭിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍നിന്നുമുള്ള Medical Insurance കണക്കുകള്‍ പ്രകാരം ജീവിതത്തിന്‍റെ അവസാനത്തെ ആറു മാസമാണ് ഒരാള്‍ ‘ചികിത്സയ്ക്കായി’ എറ്റവും അധികം പണം ചെലവഴിക്കുന്നത്. ചികിത്സയ്ക്കായി എന്നു പറയുമ്പോള്‍ ഏതു തരത്തിലുള്ള ചികിത്സയ്ക്ക്, എന്തു രോഗത്തിന് എന്ന ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാമെങ്കിലും, ഇവിടെ അവസാന നാളുകളുടെ പശ്ചത്താലത്തില്‍ രോഗിയുടെ ചികിത്സ എന്നു പറയുന്നത്, തീവ്രപരിചരണ വിഭാഗത്തില്‍, അയാളുടെ ശരീരം അല്ലെങ്കില്‍ ജീവന്‍ Air conditioned അവസ്ഥയില്‍ വിവിധ തരത്തിലുള്ള മെഷീനുകളുടെ സഹായത്തോടെ പരിചരിക്കപ്പെടുന്നതിനെയാണ്. അവിടെ യഥാര്‍ത്ഥത്തില്‍ മാനുഷിക പരിചരണം രോഗിക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. കാരണം മെഷിനുകളാണ് എല്ലാം നിര്‍വ്വഹിക്കുന്നും, ജീവന്‍ നിലനിറുത്തി കൊണ്ടുപോകുന്നതും.

ഇങ്ങനെ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്നത് ഇവിടെ അവസാന ഘട്ടത്തിലായിരിക്കും, ജീവിതത്തിന്‍റെ അവസാന ഭാഗത്ത്. അത് ചെറുപ്പമായാലും പ്രായമായാലും ശരി.. പക്ഷേ, കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും, സാമാന്യസ്ഥിതിയില്‍ ഒരാള്‍ക്ക് ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ആയിരങ്ങളോ പതിനായിരങ്ങളോ ഇന്നു മതിയാകുന്നില്ല, എന്നതു വാസ്തവമല്ലേ! മലയാളിയുടെ ഭാഷയില്‍ പലരും ചികിത്സയെത്തുടര്‍ന്ന് ‘കുത്തുപാളയെടുക്കുന്നു’ണ്ട്!

‘സ്വച്ഛന്ദമായ മരണ’ത്തെക്കുറിച്ചു ചിന്തകള്‍
മാരകമായ രോഗം വന്നാലോ, ജീവിതാന്ത്യത്തില്‍ എത്തിയാലോ ആശുപത്രിയില്‍ ‘പോകേണ്ടതില്ല’ എന്നല്ല പറഞ്ഞു വരുന്നത്. രോഗിയുടെ ദുരിതം കുറയ്ക്കുവാന്‍ പല സാഹചര്യത്തിലും ആശുപത്രികള്‍ക്കു കഴിയും. രോഗി മരണത്തിലേയ്ക്കാണോ നീങ്ങുന്നത് എന്നു തിരിച്ചറിയാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളും ഒട്ടേറെയാണ്. ഈ അവസരത്തില്‍ ആശുപത്രികളിലെ പരിചരണം കൂടിയേതീരൂ. ഇതു നിലനില്‍ക്കേ തന്നെ ‘സ്വച്ഛന്ദമായ മരണം’ എന്ന ആശയം നമ്മള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. മരണത്തെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ആലോചിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന സമൂഹത്തിനു മാത്രമേ ജീവിതത്തിന്‍റെ മൂല്യം തിരിച്ചറിയാനാകൂ. മരണം അടുത്തെത്തി എന്നു സ്വയം തിരിച്ചറിയുന്നവര്‍ ചെയ്തുപോയ ഒരുപാടു കാര്യങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. മരണത്തെക്കുറിച്ച് ഇത്തിരി നേരത്തേ ബോധ്യമുണ്ടായാല്‍ ഒരുപക്ഷേ, കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിഞ്ഞേക്കും.

മരണത്തോടു തുറവുള്ളവരായിരിക്കാം!
മരണം തുറന്നു ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കുയാണ് ആദ്യം വേണ്ടത്. അവസാനകാലം ഈ രീതിയിലൂടെ തന്നെ കടന്നുപോകണോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവസരം എല്ലാവര്‍ക്കും വേണം. പല രാജ്യങ്ങളിലും ഇതിനു നിയമപരമായ രീതികള്‍ പോലുമുണ്ട്. രോഗിയുടെ മൗലികാവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജീവിതം സംബന്ധിച്ച ഒസ്യത്ത്, മുന്‍കൂട്ടിയുള്ള മാര്‍ഗ്ഗനിര്‍ദേശം എന്നിവ നീതിയുക്തമായും നിയമയുക്തമായും നടപ്പാക്കേണ്ടതുണ്ട്. രോഗത്തിന്‍റെ ഘട്ടവും, ജീവിതത്തിലേയ്ക്കു രോഗി തിരിച്ചുവരുവാനുള്ള സാധ്യതയും പരിഗണിച്ച് രോഗിക്കു നല്കുന്ന ചികത്സയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ആരോഗ്യസ്ഥാപനങ്ങള്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. ഒപ്പം, മരണം കച്ചവടത്തിനുള്ള മറ്റൊരു ഉപാധിയായി കാണാതിരിക്കുവാനുള്ള സന്മനസ്സും  ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഉണ്ടാകട്ടെ!

30 September 2018, 15:59