ചൈനയിലെ സഭ ചൈനയിലെ സഭ 

ചൈനയിലെ സഭയെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രം

ഇറ്റാലിയന്‍ ഭാഷയിലുള്ള വത്തിക്കാന്‍റെ പത്രമാണ് “ലൊസര്‍വത്തോരെ റൊമാനോ” L’Osservatore Romano. എന്ന പേരിനര്‍ത്ഥം ‘റോമാനിരീക്ഷകന്‍’ എന്നാണ്. പ്രഫസര്‍ ജൊവാനി വാനാണ് ഇപ്പോഴത്തെ പത്രാധിപര്‍. ചൈനയിലെ കത്തോലിക്കരുടെ വിശ്വാസം പതറാത്തതാണെന്ന് സെപ്തംബര്‍ 27 വ്യാഴാഴ്ചത്തെ പത്രാധിപക്കുറിപ്പില്‍ ജൊവാനി വിശേഷിപ്പിക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചൈന-വത്തിക്കാന്‍ ഉഭയകക്ഷിക്കരാര്‍

പതിറ്റാണ്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ചൈനയിലെ സഭാമക്കള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച പ്രബോധിപ്പിച്ച സമാശ്വാസത്തിന്‍റെയും പിതൃസഹജമായ വാത്സല്യത്തിന്‍റെയും നീണ്ട കത്തിനെ ആധാരമാക്കിയാണ് ജൊവാനി വാന്‍ പത്രാധിപക്കുറിപ്പ് തയ്യാറാക്കിയത്. ചൈനീസ് സര്‍ക്കാരും സഭയും തമ്മില്‍ അടുത്ത കാലത്തുണ്ടാക്കിയ താല്ക്കാലിക ഉടമ്പടിക്കുശേഷമാണ് അവിടത്തെ കത്തോലിക്കരുടെ ഭാവി ജീവിതശൈലിക്ക് ഉതകുന്ന കാര്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ പ്രസിദ്ധപ്പെടുത്തിയത്.

ചൈനയിലെ സഭ നവീകരിക്കപ്പെടും
ചൈനയും വത്തിക്കാനും തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്ന സംവാദങ്ങള്‍ക്കുശേഷം എത്തിച്ചേര്‍ന്ന ഉഭയകക്ഷിക്കരാന്‍ മെത്രാന്മാരുടെ നിയമനത്തെ സംബന്ധിച്ചു മാത്രമാണെങ്കിലും പാപ്പായുടെ കത്ത് ചൈനയിലെ കത്തോലിക്കരുടെ ഭാവി പുരോഗതിയെയും നീക്കങ്ങളെയും സംബിന്ധിച്ച വളരെ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പ്രഫസര്‍ ജൊവാനി വാന്‍ അഭിപ്രായപ്പെട്ടു. വത്തിക്കാന്‍റെ നിയമനങ്ങളെ ധിക്കരിച്ച് നാളുകളായി ചൈനീസ് സര്‍ക്കാര്‍ മെത്രാന്മാരെ നിമയമിച്ചു പോരുകയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ മെത്രാന്മാര്‍, അജപാലകര്‍ എന്നതിനെക്കാള്‍ സഭാകാര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമായിരുന്നു. അതിനാല്‍ അജഗണത്തെ പരിപാലിക്കുന്ന നല്ല ഇടയന്മാരെ തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

വഴിതെറ്റിയവര്‍ക്ക് തിരിച്ചുവരാം
സര്‍ക്കാര്‍ പക്ഷമെന്നും, റോമാ പക്ഷമെന്നും വിഭജിക്കപ്പെട്ട ചൈനയിലെ ‘ചെറിയ അജഗണം’ പതറിപ്പോകാനും ഇടറിപ്പോകാനും ഇടയായിട്ടുണ്ട്. വഴിതെറ്റിപ്പോയവര്‍ അതിനാല്‍ നിരുപാധികം തിരിച്ചുവന്ന് സഭാക്കൂട്ടായ്മയില്‍ ജീവിക്കണമെന്ന വളരെ പ്രായോഗികമായ കാരുണ്യത്തിന്‍റെ നയമാണ് പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നത്. ഈ തിരിച്ചുവരവ് നിരുപാധികവും പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന കാരുണ്യത്തിന്‍റെ ദര്‍ശനത്തിലുമാണ്. ചൈനയിലെ സഭാമക്കളുടെ വേദനാജനകമായ പീഡനത്തിന്‍റെ അനുഭവങ്ങള്‍ സഭയുടെ ആത്മീയഭണ്ഡാകാരത്തിലെ വിലപ്പെട്ട മുത്തുകളാണെന്നും ജൊവാനി വാന്‍ പത്രാധിപക്കുറിപ്പില്‍ രേഖപ്പെടുത്തുന്നു.

സര്‍ക്കാര്‍ നിയോഗിച്ച മെത്രാന്മാര്‍ - കാര്യസ്ഥന്മാര്‍
കത്തോലിക്കാ സഭയുടെ രീതികള്‍ വിട്ട് ചൈനയുടെ സര്‍ക്കാര്‍ പക്ഷത്തെ ദേശീയ സഭയിലേയ്ക്കു കാലുമാറിയവരെ പാപ്പാ ഫ്രാന്‍സിസ് ഒരു നല്ലിടയനെപ്പോലെ തിരികെ വിളിക്കുന്നത് കാരുണ്യത്തിന്‍റെ അതിരുകളില്ലാത്ത ശൈലിയിലാണ്. നിയമമോ കല്പനയോകൊണ്ട് ഒരിക്കലും സമൂഹത്തില്‍ അനുരഞ്ജനം യാഥാര്‍ത്ഥ്യമാക്കാനാവില്ലെന്നു വിശ്വസിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്, ചൈനയിലെ സഭയ്ക്കായ് നിര്‍ദ്ദേശിക്കുന്നത് നിരുപാധികമായി ക്ഷമിച്ചും, ക്രിസ്തുവില്‍ അനുരഞ്ജിതരായും കത്തോലിക്കാ സഭയിലേയ്ക്ക് സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍മൂലം അകന്നുപോയവര്‍ തിരിച്ചുവരണമെന്നുമാണ്.

ഉദ്യോഗസ്ഥരെയല്ല പ്രേഷിതരെ തിരഞ്ഞെടുക്കണം
ചൈനീസ് സര്‍ക്കാര്‍ പതിറ്റാണ്ടുകളായി നിയോഗിച്ചിരുന്ന മെത്രാന്മാര്‍ അജപാലകരുടെ വസ്ത്രം അണിഞ്ഞിരുന്നെങ്കിലും അവര്‍ ഇടയന്മാരായിരുന്നില്ല, മറിച്ച് സര്‍ക്കാരിന്‍റെ കാര്യസ്ഥന്മാരും മാനേജര്‍മാരുമായിരുന്നെന്ന വ്യത്യാസം പാപ്പാ കത്തില്‍ നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ യഥാര്‍ത്ഥത്തിലുള്ള അജപാലകരെ തിരഞ്ഞെടുക്കാന്‍ ചൈനയിലെ അല്‍മായരോടും സന്ന്യസ്തരോടും അവിടത്തെ കത്തോലിക്കാസഭയുടെ നേതൃത്വത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മതകാര്യങ്ങളുടെ മാനേജര്‍മാരോ സര്‍ക്കാരുമായി വിശ്വാസികളെ ബന്ധപ്പെടുത്താനുള്ള കാര്‍ക്കശ്യക്കാരായ ഉദ്യോഗസ്ഥരോ അല്ല മെത്രാന്മാര്‍. അതിനാല്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാതെ പ്രേഷിതരെയും സഭശുശ്രൂഷകരെയും സത്യസന്ധമായി തിരഞ്ഞെടുക്കണമെന്ന് പാപ്പാ വ്യക്തമാക്കുന്നത് ജൊവാനി ചൂണ്ടിക്കാട്ടുന്നു.

ചൈനക്കാരുടെ പതറാത്ത വിശ്വാസം
കഴിഞ്ഞ അപ്പസ്തോലിക യാത്രയ്ക്കുശേഷം ലിത്വാനിയില്‍നിന്നു മടങ്ങവെ ചൈനയിലെ കത്തോലിക്കരുടെ വിശ്വാസത്തെക്കുറിച്ച് വിമാനത്തില്‍ പാപ്പാ പറഞ്ഞത്, ചൈനയിലെ ജനങ്ങളുടെ വിശ്വാസം പതറാത്തതും, ജീവിതസാക്ഷ്യം പ്രശംസനീയവുമാണെന്നാണ്. പാപ്പായ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ജൊവാനി വിയാന്‍ വിശദീകരിച്ചു.

8-‍Ɔ‍ο നൂറ്റാണ്ടില്‍ ക്രിസ്ത്വീയ വിശ്വാസം (നെസ്റ്റോറിയന്‍ സമൂഹം) ചൈനയിലെത്തിയെങ്കിലും  13-Ɔο നൂറ്റാണ്ടില്‍ അവിടെയെത്തിയ ഫ്രാന്‍സിസ്ക്കന്‍ മിഷണിമാറും... പിന്നീട് 16-Ɔο നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ മിഷണറി, മത്തെയോ റിച്ചിയുടെ നേതൃത്വത്തില്‍ എത്തിയ ഈശോ സഭാംഗങ്ങളുമാണ് ചൈനയിലെ സഭയ്ക്ക് രൂപംനല്കിയത്. കമ്യൂണിസ്റ്റ് ഭരണം പ്രബലപ്പെട്ടതോടെ 1949-കാലഘട്ടത്തില്‍ സഭയെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. അന്നാളില്‍ തുടങ്ങിയതാണ് ചൈനയിലെ കത്തോലിക്കാ സഭയുടെ വിഭജനവും വത്തിക്കാനെ ധിക്കരിച്ചുകൊണ്ടുള്ള ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിത സഭയുടെ പിറവിയെടുക്കലും. തുടര്‍ന്ന് വത്തിക്കാനും ചൈനയുമായുണ്ടായ സമാധാനപരമായ നീണ്ടകാല സംവാദങ്ങളാണ് ഒരു ഉഭയകക്ഷിക്കരാറിലൂടെ ചൈനയിലെ സഭയുടെ പുനര്‍ജനിയായി ഭവിക്കുന്നത്. ജനകോടികളുള്ള ചൈനയില്‍ കമ്യൂണിസ്റ്റ് പീഡനം ഭയന്ന് ഒളിവിലായ കത്തോലിക്കരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും പത്രാധിപക്കുറിപ്പില്‍ ജൊവാനി പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2018, 10:50