തിരയുക

Vatican News
അഗതികളുടെ  അമ്മ അഗതികളുടെ അമ്മ 

മദര്‍ തെരേസയുടെ അനുസ്മരണയില്‍ ഒരു യൂഎന്‍ ആഹ്വാനം

സെപ്തംബര്‍ 5 ബുധന്‍ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനമാണ് ഐക്യരാഷ്ട്ര സംഘടന ആഗോള ഉപവിപ്രവര്‍ത്തന ദിനമായി ആചരിക്കുന്നത് (International Day of Charitable Activities).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യുഎന്‍ ദിനാചരണം
2012-ലാണ് ഐക്യരാഷ്ട്ര സംഘടന (United Nations Organization) മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) പ്രഖ്യാപിച്ചത്. എല്ലാ അംഗരാഷ്ട്രങ്ങളോടും, യുന്നിന്‍റെ ദേശീയ പ്രാദേശിക സംഘടനകളോടും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന്, വിശിഷ്യാ വിദ്യാഭ്യാസവും വികസനവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന് സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസ് ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തു.

സുസ്ഥിതി വികസനപദ്ധതിയിലൂടെ (Sustainable development Goals & poverty erradication) ലോകത്തിന്‍റെ  ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യംവയ്ക്കുന്ന യുഎന്നിന് പാവങ്ങളുടെ അമ്മയുടെ അനുസ്മരണം  ലക്ഷ്യപ്രാപ്തിയിലേയ്ക്കുള്ള പ്രയാണത്തില്‍ പിന്‍തുണയാണ്.

ഇന്ത്യയില്‍ വന്ന ഒരു പാവനാത്മാവ്
മുന്‍ യൂഗോസ്ലാവിയായിലെ സ്കോപ്ജെയില്‍ (ഇപ്പോള്‍ മാസിഡോണിയയില്‍) 1910 ആഗസ്റ്റ്
26-നാണ് അഗ്നസ് ഗൊണ്‍ഹെ ബോജായുടെ ജനനം. പിന്നീട് ലൊരേറ്റോ സന്ന്യാസിനി സമൂഹത്തില്‍ ചേര്‍ന്ന് “തെരേസ” എന്ന പേരു സ്വീകരിച്ചു.  1929-ല്‍ ഇന്ത്യയില്‍ മിഷണറിയായി വന്നു. 1946-ല്‍ ലൊരേറ്റോ സന്ന്യാസസമൂഹം  വിട്ട് കല്‍ക്കട്ടയിലെ തെരുവളിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി. 1950-ല്‍ ഉപവിയുടെ മിഷണറിമാരുടെ സന്ന്യാസസമൂഹം സ്ഥാപിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ മദറും സഹോദരിമാരും ചെയ്ത ആതുരശുശ്രൂഷയുടെ ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് 1979-ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള “നോബല്‍ സമ്മാനം” (Nobel Prize) നല്കപ്പെട്ടു.

ഒരു സ്നേഹപ്രദീപം
1997 സെപ്തംബര്‍ 5-ന് കല്‍ക്കട്ടയിലെ മാതൃഭവനത്തില്‍ “കാരുണ്യത്തിന്‍റെ അമ്മ” അന്തരിച്ചു. 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.  2016 സെപ്തംബര്‍ 4-ന് കാരുണ്യത്തിന്‍റെ ജൂബലി വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് “പാവങ്ങളുടെ അമ്മ”യെ വിശുദ്ധ പദത്തിലേയ്ക്കും ഉയര്‍ത്തി.  പാവങ്ങള്‍ക്കു പിന്‍ബലമായ അമ്മയുടെ സ്നേഹപ്രദീപം ഇന്നും ലോകത്തിനു പ്രകാശമേകുന്നു!

05 September 2018, 12:31