തിരയുക

Vatican News
ഗായകന്‍ കെസ്റ്റര്‍ ഗായകന്‍ കെസ്റ്റര്‍  

സ്നേഹമെവിടെ നിറയുന്നു! മികവുറ്റൊരു ഭക്തിഗാനം

രചന അലക്സ് ഫെര്‍ണാണ്ടസ് ആലപ്പുഴ - സംഗീതം ജെറി അമല്‍ദേവ് - ആലാപനം കെസ്റ്റര്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

രചനയിലും സംഗീതത്തിലും ആലാപനത്തിലും മികവുറ്റൊരു അമല്‍ദേവ് സൃഷ്ടി

ശബ്ദരേഖ - ഗാനം - സ്നേഹമെവിടെ നിറയുന്നു

. മനുഷ്യന്‍റെ ആത്മീയ സത്തയായ സ്നേഹത്തെ ദൈവത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് 8 വരിക്കവിതയുടെ ബലതന്ത്രം. മോക്ഷപ്രാപ്തിയുടെ മാനദണ്ഡം സഹോദരസ്നേഹമായി വരച്ചുകാട്ടുന്നു. സുവിശേഷത്തിന്‍റെയും സത്തയായ സ്നേഹത്തെ ദൈവശാസ്ത്രപരമായ കൃത്യതയോടെ കവി കുറിച്ചിരിക്കുന്നു.

സംഗീതം – അമല്‍ദേവിന്‍റെ പതിവുവിട്ട ശൈലിയാണെങ്കിലും ഈണത്തിന്‍റെ തനിമയും പശ്ചാത്തലസംഗീതത്തിന്‍റെ സംയോജനരീതിയും ഗീതത്തെ അത്യപൂര്‍വ്വമാക്കുന്നു. അലക്സ് രചിച്ച സ്നേഹത്തിന്‍റെ ചിന്തകള്‍ ഉല്‍ക്കൊണ്ട് അമല്‍ദേവ് സൃഷ്ടിക്കുന്ന ഉല്ലാസപ്രദവും ഭക്തിരസം ഊറുന്നതുമായൊരു ആരോഹണമാണ് ഈ ഗാനം. താഴെ മനുഷ്യസ്നേഹത്തില്‍ തുടങ്ങുന്ന ഗീതം നിത്യതയുടെ സ്തുതിയായി ഉയരുന്നു!

ഗായകന്‍റെ കരുത്തറിയുന്ന അമല്‍ദേവ് ബഹുസ്വന പാശ്ചാത്യ ആലാപനശൈലിയില്‍ കെസ്റ്ററിനെക്കൊണ്ടു കോറസും പാടിച്ചിരിക്കുന്നു! കീഴ്-മദ്ധ്യ-മേല്‍ സ്ഥായികള്‍ (Bass, tenor, alto) മൂന്നും കെസ്റ്റര്‍ തന്നെ പാടിയിരിക്കുന്നു. മാസ്റ്ററുടെ കൈക്കീഴില്‍ കെസ്റ്ററിന്‍റെ കറതീര്‍ത്ത ആലാപനവും ഈ ഗാനത്തില്‍ ശ്രദ്ധേയമാണ്.

നിര്‍മ്മാണം
മാതാ സ്കൂള്‍, ആലപ്പിയുടെ സ്ഥാപകഡയറക്ടര്‍, ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാടിന്‍റെ മാതാ കമ്യൂണിക്കേഷന്‍സ് (Matha Communications) നിര്‍മ്മിച്ച “തിരുജയഗാനം” എന്ന ഗാനശേഖരത്തിലേതാണ് ഈ ഗീതം. ഈ സംഗീതസൃഷ്ടിയില്‍ പങ്കുകാരായ എല്ലാ കലാകാരന്മാര്‍ക്കും നന്ദിയും അഭിനന്ദനങ്ങളും!!

സ്നേഹമെവിടെ നിറയുന്നു!
പല്ലവി
സ്നേഹമെവിടെ നിറയുന്നു, ദൈവമവിടെ ജനിക്കുന്നു
ദ്വേഷമെവിടെ വളരുന്നു, ദൈവമവിടെ മരിക്കുന്നു
ഓര്‍ക്കുക ഓര്‍ക്കുക നീ മനുജാ, ഓര്‍ക്കു നീ മനുജാ (2)
-സ്നേഹമെവിടെ....

അനുപല്ലവി
നിന്നെപ്പോലെ നിന്‍അയല്‍ക്കാരനെ നിര്‍ലോപം  സ്നേഹിച്ചിടുകില്‍
നിത്യമനോഹര രാജ്യം നീ നിശ്ചയമായും നേടീടും (2)
-സ്നേഹമെവിടെ..

ചരണം
ലോകമിതാകെ ജയിച്ചാലും ലോകസുഖങ്ങളിലാണ്ടാലും
ആത്മംദരിദ്രമാണെങ്കില്‍ ആര്‍ക്കുണ്ടാകും മനസൗഖ്യം (2)
-സ്നേഹമെവിടെ...

02 September 2018, 19:42