തിരയുക

domenica del tempo ordinario anno a.jpg domenica del tempo ordinario anno a.jpg 

അന്യരെ വിധിക്കുന്ന പ്രവണത കാപട്യവും കരുണയില്ലായ്മയും

വിശുദ്ധ മത്തായിയുടെ സുവിശേഷം 7, 1-8 വചനധ്യാനം ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 
വാരാന്ത്യസുവിശേഷധ്യാനം

ശബ്ദരേഖ - സുവിശേഷചിന്തകള്‍ 01-09-18

1. നിത്യവിധിയുടെ  മാനദണ്ഡം  കരുണ
മറ്റുള്ളവരെ വിധിക്കുന്നതിനുമുന്‍പ് നമ്മുടെതന്നെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍ മറന്നുപോകരുത്. വിധിപറയുംമുമ്പേ ഒരു ആത്മശോധന നല്ലതാണ്. ദൈവത്തിന്‍റെ വിധിയുടെ അളവുകോല്‍ അവിടുത്തെ സര്‍വ്വാധീശത്വമോ, സര്‍വ്വാധിപത്യമോ അല്ല, അവിടുത്തെ കാരുണ്യാതിരേകമാണ്. വിധിയാളന്‍ പരമമായും കരുണയുള്ള ദൈവമാണ്. നാം കുറവുള്ളവരും പാപികളുമായിരിക്കെ ദൈവത്തിന്‍റെ കാരുണ്യംകൊണ്ടാണ് ജീവിക്കുന്നത്. അതിനാല്‍ നാം വിധിക്കപ്പെടാതിരിക്കണമെങ്കില്‍ മറ്റുള്ളവരെ വിധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കരുണയുള്ള വിധിയാളനായ ദൈവമായിരിക്കട്ടെ നമ്മുടെ വിധികര്‍ത്താവ്. വിധിദിനത്തില്‍ ദൈവം നമ്മോട് കരുണ കാണിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുറവുകള്‍ അവിടുന്നു ക്ഷമിക്കുകയും, മറന്നുകളയുകയും, നമ്മോട് കരുണകാണിക്കുകയും വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരോട് നാം കരുണയുള്ളവരായിരിക്കണം. “പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍!”  (ലൂക്ക 6, 36).

2.  മറ്റുള്ളവരെ വിധിക്കുന്നത്  കാപട്യം
മറ്റുവരെ അളക്കുന്ന അളവുകൊണ്ട് നമ്മളും അളക്കപ്പെടും. കണ്ണാടിയിലേയ്ക്കു നോക്കുന്നതുപോലെ, സ്വയം ആത്മശോധനചെയ്ത് സ്വന്തം കുറവുകളെക്കുറിച്ച് അവബോധമുള്ളവരാകാം:  കണ്ണാടിയില്‍ നോക്കി ചായം പൂശുകയും മോടിപിടിപ്പിക്കുകയും ചെയ്യുമ്പോള്‍ മുഖത്തുള്ള വടിവുകളും ചുളിവുകളും കാണുന്നില്ല. അല്ലെങ്കില്‍ അവ മറച്ചുവയ്ക്കാം. അങ്ങനെയുള്ള ‘മേക്കപ്പ്’ (Made up)  നോട്ടമല്ല! നാം ആയിരിക്കുന്നതുപോലെ, നമ്മുടെ യഥാര്‍ത്ഥരൂപം മനസ്സിലാക്കാനാണ് നാം പരിശ്രമിക്കേണ്ടത്. സ്വന്തം കണ്ണിലെ തടിക്കഷ്ണം കാണാതിരിക്കെ, സഹോദരന്‍റെ കണ്ണിലെ കരട് കണ്ടുപിടിക്കുന്നത് എന്തുകൊണ്ടാണ്? എന്നിട്ട് അവനോടും അവളോടും പറയുന്നു, കണ്ണിലെ കരടു ഞാന്‍ എടുത്തു കളയാമെന്ന്. സ്വന്തം കണ്ണില്‍ തടിയിരിക്കെ, അപരന്‍റെ കരടിനെക്കുറിച്ച് എങ്ങനെ ആകുലമപ്പെടാനാകും? ഇങ്ങനെ ചെയ്യുന്നവന്‍ കാപട്യമാണു ചെയ്യുന്നത്. ഇന്നത്തെ വചനത്തിന്‍റെ സത്തയിതാണ്. അതിനാല്‍ കണ്ണിലെ തടി ആദ്യം എടുത്തു മാറ്റിയിട്ടു വേണം, സഹോദരന്‍റെ കണ്ണിലെ കരടു കളയാന്‍ ശ്രമിക്കാന്‍!

3.  മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
അനുദിന ജീവിതത്തില്‍ ദാര്‍ഷ്ഠ്യഭാവം പേറുകയും, ദേഷ്യപ്പെടുകയും ചെയ്യുമ്പോള്‍ നാം ദൈവത്തെപ്പോലെ  ആകാമെന്ന ചിന്തയിലാണ്. വലിമ നടിക്കുകയാണ്. കാപട്യത്തിന്‍റെയും വലുപ്പത്തിന്‍റെയും മൂടുപടം അണിയലാണത്. ഏദനില്‍ കണ്ടത് പൈശാചിക കുടിലതയാണ്. പിശാച് ആദിപിതാക്കളെ പ്രലോഭിപ്പിച്ചു. ആദത്തോടും ഹവ്വായോടും പറഞ്ഞു. “ഈ കനി തിന്നാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെയാകും!” അവര്‍ക്ക്  ഇഷ്ടപ്പെട്ടത് ദൈവത്തിന്‍റെ സ്ഥാനം, സര്‍വ്വാധീശത്വം പിടിച്ചുപറ്റാനായിരുന്നു. എന്നിട്ടവര്‍ സാത്താന്‍റെ കയ്യിലെ കനി വാങ്ങി തിന്നു. പാളിപ്പോകുന്ന മനുഷ്യന്‍റെ വിധിയാണ് ഇവിടെ കാണുന്നത്. തെറ്റായ തീരുമാനവും വിധിയെഴുത്തും! അതായിരുന്നു മനുഷ്യന്‍റെ ആദ്യപാപം!

ദൈവം വിധിക്കട്ടെ! അവിടുന്നു മാത്രമാണ് മനുഷ്യകുലത്തിന്‍റെ വിധിയാളന്‍! വിധിക്കാന്‍ നമുക്ക് അവകാശമില്ല. തെറ്റുചെയ്യുന്നവര്‍ക്കുവേണ്ടി പ്രാ‍ത്ഥിക്കുകയാണ് അഭികാമ്യം. തെറ്റുചെയ്യുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. എല്ലാം ശരിയല്ലെന്നു കാണുമ്പോഴും അവരോടു സംസാരിക്കുവാനും, ക്ഷമിക്കാനും, കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാനും ശ്രമിക്കുക! വിധിക്കാതെ, പിന്‍തുണയ്ക്കുക. തെറ്റിന്‍റെ മറുപുറം അവര്‍ക്കു പറഞ്ഞുകൊടുക്കാം. വിധി പറയാതെ സൗമ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതാണ് അഭികാമ്യം!  

4.  കാരുണ്യത്തിന്‍റെ അജപാലനമുഖം! 
മാനുഷികമായ വിധിപറയലിന് പരിമിതിയുണ്ട്. മനുഷ്യന്‍റെ വിധി ദുര്‍ബലമാണ്. അന്യരെ വിധിക്കുമ്പോള്‍ നാം ദൈവത്തെപ്പോലെയാകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആരെയും ശരിയായി വിധിക്കാന്‍ നമുക്കാവില്ല. കാരണം നമ്മുടെ വിധിപറച്ചില്‍ കരുണയില്ലാത്ത പ്രവൃത്തിയാണ്. കരുണയില്ലാത്തതുകൊണ്ടാണ് നാം അന്യരെ വിധിക്കുന്നത്. എന്നാല്‍ ദൈവം കരുണാര്‍ദ്രനാണ്, അവിടുന്ന് കാരുണ്യവാനാണ്.  സഭയും അജപാലനശുശ്രൂഷകരും... ക്രൈസ്തവരെല്ലാവരും ദൈവത്തിന്‍റെ കാരുണ്യരൂപം ഉള്‍ക്കൊള്ളേണ്ടതാണ്. ക്രിസ്തുവിന്‍റെ കരുണ്യത്തിന്‍റെ പ്രതിരൂപമാകണം സഭ, എന്നു പറഞ്ഞാല്‍, കരുണകൊണ്ട് മനുഷരെ വിധിക്കുന്ന ഇടമായിരിക്കണം സഭയും, സഭാധികാരികളും സഭാമക്കളും. ഇന്നു പ്രത്യേകിച്ച് പാപ്പാ ഫ്രാ‍ന്‍സിസ് നമ്മെ പഠിപ്പിക്കുന്നത് ദൈവികകാരുണ്യത്തിന്‍റെ സുവിശേഷമാണ്. ഇതില്‍ നാം സന്തോഷിക്കണം, അഭിമാനംകൊള്ളണം. അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. 

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷംകൊണ്ട് സഭയുടെയും ക്രൈസ്തവജീവിത്തിന്‍റെയും കാരുണ്യഭാവം നമ്മെ ഓര്‍‍മ്മപ്പെടുത്തുകയായിരുന്നു പാപ്പാ ഫ്രാന്‍സിസ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്തൊരു ദൂരക്കാഴ്ചയോടെയാണ് ക്രിസ്തു പഠിപ്പിച്ചത്. കോടതിയിലേയ്ക്ക് അല്ലെങ്കില്‍ ന്യായാസനത്തിലേയ്ക്ക് പോകുംമുന്‍പ് വഴിക്കുവച്ചുതന്നെ നിന്‍റെ പ്രതിയോഗിയുമായി രമ്യപ്പെട്ടുകൊള്ളുക. നിന്‍റെ സഹോദരനോടു കരുണകാട്ടുക. അല്ലെങ്കില്‍ അവസാനത്തെ ചില്ലിക്കാശ് കൊടുത്തു തീര്‍ക്കുംവരെ നീ അതില്‍നിന്ന് രക്ഷപ്പെടുകയില്ലെന്നാണ്.

5. ക്രമഭംഗങ്ങളെ ആശ്ലേഷിക്കുന്ന കാരുണ്യം
അലംഘനീയമായ ചില സാമൂഹിക ക്രമങ്ങളാണ് നീതിയുടെ കാതല്‍. എന്നാല്‍ കരുണയാവട്ടെ,
ഏത് ക്രമഭംഗങ്ങളെയും അനുഭാവപൂര്‍വ്വം അണച്ചുപിടിക്കുന്നു.
മുറ്റത്തെ പുല്‍ത്തകിടി വെട്ടി വൃത്തിയാക്കാന്‍ ഒരു പയ്യനെത്തി. കുറച്ചു കഴിഞ്ഞ് ജോലി തീര്‍ന്നെന്നു പറഞ്ഞു. പരിശോധിച്ചപ്പോള്‍, പൂര്‍ത്തിയാക്കാത്തതുപോലെ അങ്ങുമിങ്ങും ചെറിയ പുല്‍ത്തട്ടുകള്‍ കാണാം. കാശു കൊടുക്കും മുന്‍പേ അതെല്ലാം ഒന്നുകൂടി നിരപ്പാക്കാന്‍ പറഞ്ഞപ്പോള്‍ പയ്യന്‍ വിസ്സമ്മതിച്ചു. വീട്ടുടമ കൗതുകത്തിന് ആ കട്ടപ്പുല്ലുകള്‍ എന്താണ് അങ്ങനെ പൊന്തിനില്ക്കുന്നതെന്ന് കാലുകൊണ്ട് തട്ടിനോക്കി. ദാ..! അതിനിടെ തവളകളുടെയും തവളക്കുഞ്ഞുങ്ങളുടെയും താമസമാണ്. ആ ജീവികളെ വെട്ടിയരച്ചു കളയാന്‍ ആവാത്തതാണ് പയ്യന്‍റെ ദുശ്ശാഠ്യം! Where there is love, there is kindness, and there may be some disorder too.! കുറവുകളെയും അണച്ചു പിടിക്കുന്നതാണ് സ്നേഹവും കരുണയും.

6. പാപികളെ തേടിവന്നവന്‍
കരുണകൊണ്ടു ഒരുവനെ വീണ്ടെടുക്കാനായില്ലെങ്കില്‍ അവനെ ചുങ്കക്കാരനോ വിജാതിയനോ ആയി ഗണിക്കുകയെന്ന് പറഞ്ഞാണ് ക്രിസ്തുവിന്‍റെ തിരുത്തുപാഠം വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ അവസാനിക്കുന്നത് (മത്തായി 18, 15). എന്നാല്‍ ചുങ്കക്കാരനായി ഗണിക്കുക എന്നുപറഞ്ഞാല്‍ തള്ളിക്കളയുക എന്നര്‍ത്ഥമില്ല. നാം സാധാരണ പറയാറുണ്ടല്ലോ, “ചൊല്ലിക്കൊട്, നുള്ളിക്കൊട്, പിന്നെ ഒടുവില്‍ തള്ളിക്കളയെന്ന്!” ഇതു ശരിയല്ല, ക്രിസ്തുവിന് മനുഷ്യരിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകുന്നില്ല. ഇസ്തിരിയിട്ട ഭക്തന്മാരെക്കാള്‍ എളുപ്പത്തില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ചുങ്കക്കാരും പാപികളുമായിരിക്കും എന്നവിടുന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ക്രിസ്തു ചുങ്കക്കാരുടെയും പാപികളുടെയും മിത്രമെന്ന് പറഞ്ഞ് പലരും അവിടുത്തെ ആക്ഷേപിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ സുവിശേഷം എഴുതിയ മത്തായി, ക്രിസ്തുവിന്‍റെ അരുമശിഷ്ന്മാരില്‍ ഒരാള്‍ ചുങ്കക്കാരനായിരുന്നില്ലേ! ഒരാള്‍ക്ക് അപമാനകരമാകുന്ന ഒരു സൂചന ആയാള്‍ക്കെങ്ങനെ സുവിശേഷമാകും? പാപിനിയായ സ്ത്രീയെ തന്‍റെ മുന്നില്‍ വിധിക്കാനും കല്ലെറിയാനും കൊണ്ടുവന്നവരോടു ക്രിസ്തു പറഞ്ഞത്, നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം അവളെ വിധിക്കട്ടെ, കല്ലെറിയട്ടെ എന്നല്ലേ. അവളെ വിധിക്കാന്‍ നമ്മള്‍ ആരാണെന്ന് കരുണകാട്ടിയ ക്രിസ്തു ചോദിക്കുന്നുണ്ടല്ലോ! “സ്ത്രീയേ..! നിന്നെ ആരും വിധിച്ചില്ലേ... ഞാനും വിധിക്കുന്നില്ല.” കാരുണ്യത്തോടെ പറഞ്ഞയക്കുന്നു… “പൊയ്ക്കൊള്ളുക.. മകളേ, ഇനിമേല്‍ നീ പാപംചെയ്യരുത്!”  പാപികളെ തേടിവന്നവന്‍... പാപികളുടെ  പാലകന്‍, അവരുടെ മിത്രം... ക്രിസ്തു! (യോഹ. 8, 11).

7. സഹോദരങ്ങളെ  വിധിക്കാതിരിക്കാം!
ക്രിസ്തു ഇന്നു നമ്മോടു സുവിശേഷത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ധ്യാനിക്കാം. വിധിക്കപ്പെടാതിരിക്കാന്‍, ആദ്യമായി നമുക്ക് അന്യരെ വിധിക്കാതിരിക്കാം. രണ്ട്, അളക്കുന്ന വിധത്തില്‍ നാം അളക്കപ്പെടും. അതേ അളവുകോല്‍കൊണ്ട്...! മൂന്നാമതായി, അപരനെ വിധിക്കുന്നതിനു മുന്‍പ് നമുക്കൊന്നു കണ്ണാടിയില്‍ നോക്കാം... ആത്മശോധനചെയ്യാം. നമ്മുടെ അഭിപ്രായവും പ്രസ്താവവും ദുര്‍ബലമായിരിക്കെ മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടാതിരിക്കാം. അവരെ വിധിക്കുന്നതും, അവരുടെമേല്‍ കുറ്റം ആരോപിക്കുന്നതും കാപട്യമാണ്. അതില്‍ കരുണയില്ല. എവിടെ സ്നേഹമുണ്ടോ അവിടെ കരുണയും, പിന്നെ ദൈവവും! ദൈവം സ്നേഹമാണ്. നന്മയുടെ ഈ അറിവില്‍നിന്നും ക്രിസ്ത്വാനുഭവത്തിലേയ്ക്ക് പ്രവേശിക്കാം, അനുദിനം ക്രിസ്തുവില്‍ വളരാന്‍ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2018, 19:14