തിരയുക

Tributes to late Kofi Annan Tributes to late Kofi Annan 

കോഫി അന്നന് അന്ത്യാഞ്ജലി! ലോകത്തിന്‍റെ സമാധാനദൂതന്‍

ഐക്യരാഷ്ട്ര സംഘടനയുടെ 7-Ɔമത്തെ സെക്രട്ടറി ജനറലും മാനവികതയുടെ സമാധാനദൂതനുമായിരുന്ന കോഫി അന്നന്‍ ആഗസ്റ്റ് 18-Ɔο തിയതി ശനിയാഴ്ച സ്വിറ്റ്സര്‍ലണ്ടില്‍ അന്തരിച്ചു. ബേണ്‍ നഗരത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധ്യസഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്. 80 വയസ്സായിരുന്നു. ഈ നല്ല നയതന്ത്രജ്ഞന് വത്തിക്കാന്‍റെ മലായാള വാര്‍ത്താവിഭാഗം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

യു. എന്‍. സെക്രട്ടറി ജനറലായി സ്ഥാനമേറ്റ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു കോഫി അത്താ അന്നന്‍. 1997-മുതല്‍ 2006-വരെ, രണ്ടു സ്ഥാനഘട്ടങ്ങള്‍ അദ്ദേഹം സെക്രട്ടറി ജനറലായി സേവനംചെയ്തു. ലോകസമാധാനത്തിന് ഊന്നല്‍നല്കി പ്രവര്‍ത്തിച്ചു. മാനവികതയ്ക്കുള്ള സന്നദ്ധസേവനങ്ങള്‍ക്ക് 2001-ല്‍ അദ്ദേഹത്തിന് നൊബേല്‍ പുരസ്ക്കാരം നല്കപ്പെട്ടു. ഇറാക്ക് യുദ്ധം നടന്നത് അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഒഴിവാക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടത്തായി ആരോപണം ഉയര്‍ന്നിരുന്നു.

യുഎന്നില്‍നിന്നു വിരമിച്ചെങ്കിലും പിന്നെയും ആഗോള ദൗത്യങ്ങളില്‍ മരണംവരെ കര്‍മ്മനിരതനായിരുന്നു ഘാന സ്വദേശിയായ ഈ സമാധാനദൂതന്‍. മ്യാന്മറിലെ രോഹിംഗ്യ കുടിയിറക്കല്‍ പ്രതിസന്ധി പഠിക്കാന്‍ യുഎന്‍ നിയോഗിച്ചത് കോഫി അന്നനെയായിരുന്നു. സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ അഭ്യന്തരകലാപം രക്തരൂക്ഷിതമായപ്പോള്‍ നിരന്തരമായി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയത് അന്നനായിരുന്നു.

 “എവിടെയും സംവാദത്തിനും, പ്രശ്നപരിഹാരത്തിനും, അനുരഞ്ജനത്തിനും വഴിതെളിച്ചുകൊണ്ട് കൂടുതല്‍ സമാധാനപൂര്‍ണ്ണമായ ലോകം എന്നും സ്വപ്നം കണ്ട നന്മയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്ന കോഫി അന്നന്‍!”
ചരമവാര്‍ത്ത അറിഞ്ഞ യുഎന്‍ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസ് ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ആഗസ്റ്റ്  18 ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ കുറിച്ചതാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 August 2018, 18:55