തിരയുക

ക്രിസ്തുവിന്‍റെ വിരുന്നുമേശ ക്രിസ്തുവിന്‍റെ വിരുന്നുമേശ 

ക്രിസ്തുവിന്‍റെ വിരുന്നു മേശയില്‍നിന്നും ശക്തിയാര്‍ജ്ജിക്കാം!

യോഹന്നാന്‍ 6, 51-58 - ആണ്ടുവട്ടം 20-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം

- ഫാദര്‍ വില്യം നെല്ലിക്കല്‍
ശബ്ദരേഖ - സുവിശേഷപരിചിന്തനം ആണ്ടുവട്ടം വാരം 20.

ആണ്ടുവട്ടം വാരം 20

1. കേഴുന്ന കേരളം
നമ്മുടെ നാട് ഒരു ജലപ്രളയത്തിന്‍റെ കെടുതിയില്‍ കേഴുന്നതിനിടയിലാണ് ഈ വചനധ്യാനം. കേരളമക്കള്‍ വേദനിക്കുമ്പോള്‍, അകലെയുള്ളവര്‍ സോഷ്യല്‍ മീഡിയിലൂടെ കണ്ടുകേട്ടും ആ ഞെടുങ്ങലില്‍ പങ്കുചേരുകയാണ്. വെള്ളപ്പാച്ചിലിന്‍റെയും, ഉരുള്‍പൊട്ടലിന്‍റെയും, പൊന്തിവരുന്ന ജലപ്പരപ്പു നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ – അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ചിത്രമാണു മനസ്സില്‍. മരണനിരക്ക് ഭീതിദമായി ഉയര്‍ന്നു നില്ക്കെ, വീടുനഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അങ്ങുമിങ്ങും കഴിയുന്നവര്‍ ആയിരങ്ങളാണ്. എന്നാല്‍ കേഴുന്ന കേരളത്തില്‍ ഇപ്പോള്‍ ഉയരുന്നതും, ഇനി ഉയരേണ്ടതും സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വികാരങ്ങളാണ്. മതിലുകെട്ടി സ്വന്തം കാര്യം സിന്ദാബാദെന്ന മട്ടില്‍ സ്വാര്‍ത്ഥത വളര്‍ന്നു മുന്തിയ മലയാളി ആരെയും ഒന്നിനെയും വകവയ്ക്കാതെ മുന്നോട്ടു പോവുകയായിരുന്നു. അഴിമതിയും അക്രമവും മദ്യച്ചൊരിച്ചിലും അധാര്‍മ്മികതയും പെരുകിയ നാടായി കേരളം! എന്തിന് നെല്ലുവിളയുന്ന നാടില്‍... നാം പ്ലാസ്റ്റിക്ക് അരി വിറ്റില്ലേ! മിലട്ടറിയെ സഹായത്തിനു വിളിച്ചിട്ട് ജീവന്‍ രക്ഷിക്കാനുള്ള അവരുടെ നീക്കള്‍ക്കും കടിഞ്ഞാണിട്ട പ്രാദേശിക സര്‍ക്കാരും ദുരന്തത്തിനിടെ കേമന്‍ കളിക്കുന്നു! കൈകേറിയും കുടിയേറിയും എല്ലാം വെട്ടിപ്പിടിക്കുകയായിരുന്നു നാം. മനുഷ്യര്‍ മലയും മരങ്ങളും വെട്ടിനിരത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. മിറ്റത്തും പറമ്പിലുമെല്ലാം ടൈലും കരിങ്കല്ലും... ഇതാ, പ്രകൃതിയുടെ പ്രഹരം! എല്ലാസാങ്കേതികതയും, സര്‍ക്കാരും സഭയും നേതാക്കളും തലകുനിച്ച് നിസ്സഹായരായി നോക്കിനില്കുന്നത് പ്രകൃതിയൊന്നു കനിയാനാണ്. എല്ലാപ്രാര്‍ത്ഥനയും ഈ പ്രകൃതിദുരന്തം ശമിക്കാനാണ്. പ്രകൃതി പ്രഹരിച്ചപ്പോള്‍ നാം കെല്പറ്റവരായി.

2. ചിങ്ങം വെളുക്കും നാടു  പ്രശാന്തമാകും!
ചിങ്ങം വെളുക്കും, നാടുണരും, ഇനിയും സാഹോദര്യം വളരും, കള്ളവും ചതിയും ഇല്ലാത്തൊരു നാടായി കേരളം വളരുമെന്ന് പ്രത്യാശിക്കാം. പ്രളയം പൊങ്ങിയപ്പോള്‍ മതില്‍ക്കെട്ടുകള്‍ വഴിമാറി. ശത്രുക്കള്‍ മിത്രങ്ങളായി...! ഒരിക്കല്‍ പടിയിറങ്ങിയ തറവാട്ടിലേയ്ക്കും ശത്രുഗേഹത്തിലേയ്ക്കും എല്ലാംമറന്നു മനുഷ്യര്‍ തിരികെ ചെല്ലുന്നു. ജാതിയുടെയും വംശീയതയുടെയും അതിര്‍വരമ്പുകള്‍ വിസ്മരിച്ചു സഹായത്തിനെത്തുന്നു, സഹായഹസ്തം നീട്ടുന്നു. പങ്കുവച്ചും, കൈപിടിച്ചും, കൈകോര്‍ത്തും അപരെ കരകയറ്റാന്‍ ശ്രമിക്കുന്ന കാഴ്ച ഹൃദാവര്‍ജ്ജകം തന്നെ! ദുരന്തത്തില്‍നിന്നും നമുക്ക് സാഹോദര്യത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും ഉയരാം! സഹോദര്യവും കൂട്ടായ്മയും വളര്‍ത്താം!!

3. ക്രിസ്തുവില്‍  ധന്യമാകുന്ന ജീവിതങ്ങള്‍ 
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ  ജീവന്‍റെ അപ്പമാകുന്നു, ഈ അപ്പം ഭക്ഷിക്കുന്നവന്‍ നിത്യം ജീവിക്കും” (യോഹ. 6, 51). ഇന്നത്തെ ആരാധനക്രമത്തിലെ വചനമാണിത്, ഈ വാരത്തിലെ ധ്യാനവിഷയമാണിത്. ജീവന്‍റെ അപ്പം ഭക്ഷിക്കുവാന്‍ പറയുന്നതിലൂടെ തന്‍റെ ജീവിതത്തില്‍ പങ്കുചേരാനാണ് ക്രിസ്തു ആഹ്വാനംചെയ്യുന്നത്. തന്നില്‍ അലിഞ്ഞുചേരാന്‍ അവിടുന്നു എല്ലാവരെയും ക്ഷണിക്കുന്നു. അവിടുത്തെ സുവിശേഷമൂല്യങ്ങളില്‍ ജീവിക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. വലിയ ഒരു വെല്ലുവിളിയാണിത്. ക്രിസ്തുവില്‍ അലിഞ്ഞുചേരുന്നവര്‍ അവിടുത്തെ സുവിശേഷമൂല്യങ്ങളില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ മൂല്യങ്ങള്‍ ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളാണ്. അത് സ്നേഹത്തിന്‍റെയും ശത്രുസ്നേഹത്തിന്‍റെയും, നീതിയുടെയും സത്യത്തിന്‍റെയും മൂല്യങ്ങളാണ്. ഇന്നത്തെ വചനം ഈ ലക്ഷ്യപ്രാപ്തിക്ക് നമ്മെ പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

4. വിരുന്നിന്‍റെ  സ്നേഹക്കൂട്ടായ്മ
ദൈവം തന്‍റെ അറിവും വിജ്ഞാനവും പങ്കുവയ്ക്കുന്നത് സമൃദ്ധമായൊരു വിരുന്നിന്‍റെ പശ്ചാത്തലത്തിലാണ്. ഇന്നത്തെ ഒന്നാം വായന സത്യം വെളിപ്പെടുത്തുന്നു (സുഭാഷിതങ്ങള്‍ 9, 1-6). ആദിമ ക്രൈസ്തവര്‍ ഈ ദൈവിക വിജ്ഞാനത്തിന്‍റെ ഉറവിടമായി കണ്ടെത്തിയത് ക്രിസ്തുവിന്‍റെ വിരുന്നുമേശയ്ക്കു ചുറ്റുമാണ്. അപ്പം മുറിക്കല്‍ ശുശ്രൂഷയിലൂടെയാണ് അവരുടെ ജീവിതങ്ങളെയും കൂട്ടായ്മയെയും ക്രമപ്പെടുത്തിയതെന്ന്, ബലപ്പെടുത്തിയതെന്ന് നടപടിപ്പുസ്തകം വ്യക്തമാക്കുന്നു (നടപടി 2, 42).  അങ്ങനെ ആദിമ ക്രൈസ്തവര്‍ക്ക് ദിവ്യകാരുണ്യത്തിന്‍റെ വിരുന്നു മേശയും അറിവിന്‍റെയും  ജ്ഞാനത്തിന്‍റെയും വിരുന്നായി മാറി. അപ്പം മുറിച്ചും വചനം പങ്കുവച്ചും, സ്വാംശീകരിച്ചും, ഉള്‍ക്കൊണ്ടും ഒരു സ്നേഹക്കൂട്ടായ്മയായി അവര്‍ ക്രിസ്തുശിഷ്യത്വം വളര്‍ത്തിയെടുത്തു. അതു ലോകമെമ്പാടും വ്യാപിച്ചു.

5. ഒരു സ്നേഹസമൂഹത്തിന്‍റെ മാതൃക – “നൊമാഡെല്‍ഫിയ”  
രണ്ടാം ലോകമഹായുദ്ധം വരുത്തിയ ദുരിന്തങ്ങളും ജര്‍മ്മന്‍ അധിനിവേശത്തിന്‍റെ ക്ലേശങ്ങളും ഇറ്റലിയില്‍, പ്രത്യേകിച്ച് അതിന്‍റെ നഗരപ്രാന്തങ്ങളില്‍ കൊടുംദാരിദ്ര്യവും അനാഥത്വവുമായി അനുഭവപ്പെട്ട കാലം! ജയില്‍ മോചിതനും അനാഥനുമായ 17 വയസ്സുകാരന്‍ യുവാവിനെ വഴിയില്‍ കണ്ട വൈദികന്‍റെ, ഫാദര്‍ സീനോ സള്‍ത്തീനിയുടെ മനുഷ്യത്വം സാഹോദര്യമായി ചിറകുവച്ചു. അദ്ദേഹം അവനെ പുത്രനെപ്പോലെ സ്വീകരിച്ചു. 1931-Ɔമാണ്ടിലാണ് സംഭവം...! അത് ഇന്നും സജീവമായി വളരുന്ന ‘നൊമാഡെല്‍ഫിയ’ സമൂഹത്തിന്‍റെ തുടക്കമായിരുന്നു. ഗ്രീക്കു ഭാഷയില്‍ ‘നൊമാഡെല്‍ഫിയ’ (Nomadelfia) എന്ന വാക്കിനര്‍ത്ഥം ‘സാഹോദര്യത്തിന്‍റെ നിയമം’ എന്നാണ്. സഹോദര്യത്തിന്‍റെ നിയമം കൈമുതലാക്കിയ ഒരു പ്രത്യേക സമൂഹം ഇറ്റലിയില്‍ വളര്‍ത്തിയെടുക്കാന്‍ ഫാദര്‍ സീനോയ്ക്കു സാധിച്ചു. പാവങ്ങളും അനാഥരുമായ കുട്ടികളെയും യുവജനങ്ങളെയും ആര്‍ക്കും വേണ്ടാത്ത വയോവൃദ്ധരെയും പരിപാലിക്കുന്ന ഒരു വലിയ സമൂഹം ആദ്യം വളര്‍ന്നു. പിന്നീട് അനാഥാരായ കുഞ്ഞുങ്ങളെ നോക്കാന്‍ അഗതികളായ യുവതീയുവക്കള്‍ മുന്നോട്ടുവന്നപ്പോള്‍ സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ അവരും പങ്കുകാരായി. അങ്ങനെ അത് മെല്ലെ കുടുംബങ്ങളുടെ കൂട്ടായ്മയായി വളര്‍ന്നു. ടസ്ക്കണി പ്രവിശ്യയിലെ ഗ്രൊസേത്തൊയില്‍ ഇന്ന് നൂറോളം കുടുംബങ്ങള്‍ എല്ലാം പൊതുവായി പങ്കുവച്ചു സമൂഹമായി പാര്‍ക്കുന്നു. ഒപ്പം അവര്‍ പരിപാലിക്കുന്ന പാവങ്ങളും അനാഥരും....!!

6. സ്വജീവന്‍ പങ്കുവയ്ക്കുന്ന  സ്നേഹം
ഇന്നത്തെ രണ്ടാം വായനയില്‍ പൗലോസ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. നിങ്ങള്‍ എപ്പോഴും ക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവത്തോട് കൃതജ്ഞതയുള്ളവരായി ജീവിക്കണം. എന്തെന്നാല്‍ പഴയ കുത്തഴിഞ്ഞ ജീവിതത്തില്‍നിന്നും ആത്മാവാല്‍ നിറയ്ക്കപ്പെട്ട ഒരു ജീവിതം ക്രിസ്തുവിലൂടെയും, ക്രിസ്തുവിലും ഇന്നു നമുക്കു തരുന്നത് ദൈവമാണ്. അതിനാല്‍ ക്രിസ്തുവിനോടുള്ള സ്നേഹത്തെയും ബഹുമാനത്തെയുംപ്രതി നിങ്ങള്‍ പരസ്പരം ആദരവും സ്നേഹവും ഉള്ളവരായിരിക്കുവിന്‍, നിങ്ങള്‍ സാഹോദര്യത്തില്‍ വസിക്കുവിന്‍!  (എഫേസി. 5, 15-20).  

ഈ ആത്മീയ ചിന്തകളെല്ലാം നമ്മെ നയിക്കുന്നത് ക്രിസ്തുവാകുന്ന ജീവന്‍റെ അപ്പത്തിലേയ്ക്കാണ്. ജീവന്‍റെ അപ്പമായ ദിവ്യകാരുണ്യത്തെയും ദേവക്കരുണയെയും നാം കണ്ടെത്തുന്നത് പരിശുദ്ധ കര്‍ബ്ബാനയിലാണ്. ജീവനുള്ള അപ്പം പങ്കുവെയ്ക്കുന്ന ക്രിസ്തുനാഥനെ കുര്‍ബ്ബാനയുടെ കൂട്ടായ്മയില്‍ കണ്ടെത്താന്‍ ക്രൈസ്തവമക്കള്‍ക്കു സാധിക്കേണ്ടതാണ്. വിശ്വാസത്തോടെ ഈ വിരുന്നു മേശയില്‍നിന്നും ആര്‍ജ്ജിക്കുന്ന സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും കരുത്ത് അനുദിന ജീവിതത്തില്‍ പങ്കുവയ്ക്കണം. അങ്ങനെ ദിവ്യകാരുണ്യം കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും വരുന്നാണ്. ക്രിസ്തു മാതൃകയായ് നല്കിയ, അപരനുവേണ്ടി മുറിക്കപ്പെടേണ്ട ജീവിതത്തിന്‍റെ പ്രതിരൂപമാണ് ഈ സ്നേഹത്തിന്‍റെ കൂദാശ, പരിശുദ്ധ കുര്‍ബ്ബാന. ഇതിന്‍റെ പൊരുള്‍ അറിയാന്‍ മാനുഷികമായ കണ്ണുകള്‍ക്കുമപ്പുറം വിശ്വാസത്തിന്‍റെ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. അഭൗമമായ ഈ ദിവ്യകാരുണ്യത്തിന്‍റെ ആത്മീയ രഹസ്യം നമ്മെ സ്പര്‍ശിക്കാന്‍ വിശ്വാസത്തിന്‍റെ ഉള്‍ക്കാഴ്ച വളര്‍ത്താം. കാരണം സ്വയാര്‍പ്പണത്തിലൂടെ ക്രിസ്തു പിതൃസ്നേഹം ലോകത്തിനായ് പങ്കുവച്ചതിന്‍റെ തനിയാവര്‍ത്തനമാണ് ദിവ്യബലി, പരിശുദ്ധകുര്‍ബാന.

7. വിശ്വാസത്തിന്‍റെ കണ്ണുതുറക്കാം! 
ബലിയര്‍പ്പണത്തില്‍ നാം പങ്കുചേരാന്‍ മടിക്കുന്നതും, പങ്കുചേരുന്നുണ്ടെങ്കിലും ജീവന്‍റെ അപ്പം നല്കുന്ന ക്രിസ്തുവിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും വിശ്വാസക്കുറവുമൂലമാണ്. നിങ്ങള്‍ക്കും എനിക്കുംവേണ്ടി ദൈവം സൃഷ്ടിച്ചത് ഒരേ ആകാശവും ഭൂമിയും, കാറ്റും ജലവും ജീവജാലങ്ങളുമാണ്. ഈ പൊതുഭവനമായ ഭൂമി ദൈവത്തിന്‍റെ ദാനമാണ്. ഈ കരകാണാക്കടലിലും കായല്‍പ്പരപ്പിലും അലയുന്ന നമ്മെ പരിപാലിക്കുന്ന ഒരു അദൃശ്യശക്തിയുണ്ടെന്ന് ചിലപ്പോഴെങ്കിലും കണ്ടെത്താന്‍ നമുക്കു സാധിക്കുന്നത് വിശ്വാസത്തിന്‍റെ ഇത്തിരിവെട്ടമാണ്. ഹൃദയവും ആത്മാവുമുള്ളൊരു മനുഷ്യന് ഒരു ആത്മീയ കാഴ്ചപ്പാടും ആവശ്യമല്ലേ!? ജീവമന്നയിലെ‍ ക്രിസ്തുസാന്നിദ്ധ്യം നമ്മില്‍ വളരുവോളം വിശ്വാസത്തിന്‍റെ കണ്ണുതുറക്കാം, നമ്മുടെ ജീവിതങ്ങളെ സ്വര്‍ഗ്ഗോന്മുഖമാക്കാം, കാരണം, ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനാണ്, സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന് നമ്മുടെമദ്ധ്യേ മനുഷ്യനായി വസിച്ച ദൈവമാണവിടുന്ന്. അവിടുന്ന് നമ്മുടെ ആത്മീയ മന്നയായി നമ്മുടെ മദ്ധ്യേ താഴാമയില്‍ വസിക്കുന്നു. തന്‍റെ ദേഹരക്തങ്ങള്‍ അന്നപാനങ്ങളായി ലോകത്തിനു പകുത്തു നല്കിയവന്‍ നമ്മെ കാത്തുപാലിക്കട്ടെ, നാം നേരിടുന്ന ജീവിതദുരന്തത്തില്‍നിന്നും നമ്മെ അവിടുന്ന് കൈപിടിച്ചുയര്‍ത്തെട്ടെ! യേശുവിന്‍റെ വിരുന്നുമേശയില്‍ പങ്കുചേരുന്ന നമ്മള്‍ ഈ ജീവിതയാത്രയില്‍ ശക്തിയാര്‍ജ്ജിക്കട്ടെ, സ്നേഹത്തിലും ഐക്യത്തിലും വളരട്ടെ!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2018, 17:34