തിരയുക

Vatican News
Opera Bread of Life : image for gospel reflection of Sunday XVIII B Opera Bread of Life : image for gospel reflection of Sunday XVIII B  (Copyright © 2013 LDS CHURCH)

ദിവ്യകാരുണ്യം : സാഹോദര്യത്തിന്‍റെ സായുജ്യം

ആണ്ടുവട്ടം 18-Ɔο വാരം ഞായറാഴ്ച , വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 24-35.

- ഫാദര്‍ വില്യം നെല്ലിക്കല്‍
ആണ്ടുവട്ടം 18-Ɔο വാരം ഞായറാഴ്ച സുവിശേഷവിചിന്തനം

ആണ്ടുവട്ടം വാരം 18 ബി. ജീവന്‍റെ അപ്പം

2. ദൈവം അന്നദാതാവ്
അനേകര്‍ക്കുവേണ്ടി മുറിക്കപ്പെടേണ്ട ജീവന്‍റെ അപ്പമാണ് ക്രിസ്തു - എന്ന ആശയം ജനങ്ങള്‍ക്ക് മനസ്സിലായില്ല. ‘അനേകര്‍ക്കായി’ എന്നുള്ള ക്രിസ്തുവിന്‍റെ പ്രയോഗം അവിടുത്തെ അളവില്ലാത്ത സ്നേഹം പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ജനങ്ങളാവട്ടെ ദാനം ചെയ്തവനെക്കാള്‍, ദാനം കിട്ടിയ അപ്പമാണ് വിലമതിച്ചത്. ഈ വിധത്തിലുള്ള അവരുടെ ആത്മീയ അന്ധത അകറ്റി, സകല നന്മകളുടെയും ദാതാവും, സ്രോതസ്സുമായ പിതാവിങ്കലേയ്ക്ക് സകലരെയും പിന്തിരിപ്പിക്കാന്‍. സ്വയം ദാനമായി നല്കിയ അവിടുത്തെ കണ്ടെത്തുവാനും, ആദരിക്കുവാനും അഭിനന്ദിക്കുവാനും ശ്രമിക്കുന്ന ജനങ്ങളോട്, ദാനം നല്കിയവനും, ദാനത്തിനും അപ്പുറം അതിന്‍റെ പരമദാതാവുമായ ദൈവത്തിലേയ്ക്ക് തിരിയണമെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു. ദാനവും ദാതാവും ഇവിടെ ഒന്നാണ്. അത് ദൈവം തന്നെയാണെന്ന് ക്രിസ്തു ആഹ്വാനംചെയ്യുന്നു. അതിനാല്‍ ഭൗതികമായ അപ്പത്തിനും അപ്പുറം അത് അനുദിനം നമുക്ക് ദാനമായി നല്കുന്ന സ്രഷ്ടാവും സകല നന്മകളുടെയും ദാതാവുമായ ദൈവത്തെ തിരിച്ചറിയണമെന്ന് അവിടുന്ന് ഉദ്ബോധിപ്പിച്ചു.

3. ക്രിസ്തുവാകുന്ന  ആത്മീയഭോജ്യം
നശ്വരമായ അപ്പത്തിനും വസ്ത്രത്തിനും തൊഴിലിനും വേദനത്തിനും മാത്രമായി ജീവിക്കുന്ന കാഴ്ചപ്പാടു മാറ്റി, അതിനുമപ്പുറം അനശ്വരവും നിലനില്ക്കുന്നതുമായവ മനുഷ്യര്‍ അന്വേഷിക്കണമെന്ന് ക്രിസ്തു ആഹ്വാനംചെയ്യുന്നു. ‘നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍ എന്നാണ് അവിടുന്ന് ആഹ്വാനംചെയ്തത്.. എന്തെന്നാല്‍ പിതാവായ ദൈവം അവിടുത്തെമേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു’ (യോഹ. 6, 27). അതായത് ദൈവിക ഐക്യം യാഥാര്‍ത്ഥ്യമാക്കുന്ന ക്രിസ്തുവിലുള്ള രക്ഷയുടെ പാത തേടുവാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. സ്വയം ആത്മദാനമായ് ലോകത്തിന്‍റെ ജീവനുവേണ്ടി ക്രിസ്തു സ്വയാര്‍പ്പണം ചെയ്തുവെന്ന് നമുക്കറിയാം. അങ്ങനെ ശാരീരികമായ വിശപ്പിനും ദാഹത്തിനും അപ്പുറം മനുഷ്യന് ആത്മീയമായ വിശപ്പും ദാഹവുമുണ്ടെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ഭൗതികമായ ഭക്ഷണത്തിനായി അടക്കാനാവാത്ത വിശപ്പ് മനുഷ്യനുണ്ട് എന്നു നാം മനസ്സിലാക്കിയിരിക്കണം. ഈ വിശപ്പ് ജീവിതത്തിന്‍റെ ഭാഗവുമാണ്. എന്നാല്‍ ഏറെ പ്രധാനപ്പെട്ടതും പരിഗണിക്കേണ്ടതുമാണ് നിത്യജീവനുവേണ്ടിയുള്ള വിശപ്പ്. ക്രിസ്തു അവരോടു പറഞ്ഞു, ‘ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ പക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല’ (യോഹ. 6, 35).

4. ജീവിതത്തെ പ്രകാശിപ്പിക്കുന്ന ആത്മീയത
അന്നന്നുവേണ്ട ആഹാരത്തിനുള്ള നമ്മുടെ ആവശ്യവും ആശങ്കയും ക്രിസ്തു ഇല്ലാതാക്കുന്നില്ല. നമ്മുടെ ജീവിതം ബാഹ്യമായി മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ക്രിസ്തു നല്കുന്നില്ല. എന്നാല്‍ മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാന തലങ്ങളിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. എല്ലാ നന്മകളും ദാനമായി നല്കുന്നവനും, ദാനംതന്നെയുമായ ദൈവവുമായുള്ള നിത്യതയുടെ ആത്മീയ ഐക്യത്തിലേയ്ക്കാണ് ക്രിസ്തു നമ്മെ നയിക്കുന്നത്.

മാത്രമല്ല, മനുഷ്യചരിത്രവും അതിന്‍റെ സുഖദുഃഖങ്ങളുമെല്ലാം നിത്യതയുടെ പശ്ചാത്തലത്തില്‍, ദൈവികൈക്യത്തിന്‍റെ തലത്തില്‍ കാണണമെന്ന് അവിടുന്ന് നിഷ്ക്കര്‍‍ഷിക്കുന്നു. ഇപ്രകാരമുള്ള അനശ്വരതയുടെ ദൈവികൈക്യത്തിനും കൂടിക്കാഴ്ചയ്ക്കും മാത്രമേ, നമ്മു‌ടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാനാവൂ! അനശ്വരവും അഭൗമവുമായ ഈ ദാനത്തിനായി പരിശ്രമിക്കുമ്പോള്‍ നമ്മുടെ ചെറിയ ജീവിതങ്ങളും അവയുടെ ആശകളും ആശങ്കകളും, വേദനകളും ഈ ദൈവികൈക്യം തരുന്ന പ്രകാശത്തിന്‍റെ പ്രത്യാശയില്‍ മങ്ങിമറയും.

5. സാഹോദര്യത്തിന്‍റെ ആത്മീയത
‘ഞാന്‍ ജീവന്‍റെ അപ്പമാകുന്നു, എന്‍റെ പക്കല്‍ വരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല’ (യോഹ. 6, 35). ഇവിടെ മനുഷ്യരുടെ ശരീരത്തിനും ആത്മാവിനും ഒരുപോലെ പോഷണമാകുന്ന പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്കാണ് ക്രിസ്തു വിരല്‍ചൂണ്ടുന്നത്. ദിവ്യകാരുണ്യത്തില്‍ ‘ജീവന്‍റെ അപ്പ’മായ ക്രിസ്തുവിനെ നമുക്ക് കണ്ടെത്താം, സ്വീകരിക്കാം. ക്ലേശകരമായ ജീവിതത്തിലും ജീവിതപാതയിലും ജീവന്‍റെ അപ്പമായ ക്രിസ്തു നമ്മുടെ പാഥേയമാണ്, തിരുപ്പാഥേയമാണ്! എന്നാല്‍ അത് - ‘ജീവന്‍റെ അപ്പം’ സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനും, അവരുടെ ആത്മീയവും ശാരീരികവുമായ വിശപ്പ് അടക്കുവാനുമുള്ള ഉത്തരവാദിത്തം ഈ ജീവിതത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിന് നാം സുവിശേഷം പ്രഘോഷിക്കുകയും സുവിശേഷത്തിന്‍റെ സജീവ സാക്ഷികളായി ജീവിക്കുകയും വേണം. സാഹോദര്യത്തിന്‍റെ മനോഭാവമുള്ള ജീവിതസാക്ഷ്യത്തിലൂടെ നമുക്ക് ക്രിസ്തുവിനെയും അവിടുത്തെ സ്നേഹത്തെയും ലോകസമക്ഷം ദൃശ്യമാക്കാം, അനുഭവവേദ്യമാക്കാം!

6. മന്നയുടെ ആത്മീയമാനം
ജീവിതത്തിന് ഒരു ആത്മീയമാനമുണ്ടെന്നത് വിശ്വാസത്തിന്‍റെ മാത്രം കാഴ്ചപ്പാടല്ല. ഈ ജീവിതത്തിന്‍റെ ശരീരാലയം തകരുമ്പോള്‍, മനുഷ്യന്‍ ജീവസ്സറ്റ് ഈ ലോകത്തുനിന്നും കടുന്നുപോകുന്നു. അപ്പോള്‍ വിശ്വാസമില്ലാത്തവര്‍പോലും തന്നിലെ ഈശ്വരാംശത്തിന്‍റെ ആത്മീയത അന്ത്യയാമങ്ങളിലാണെങ്കിലും ഏറ്റു പറയുകയും അംഗീകരിക്കുകയും ചെയ്യുന്നു. 

എറണാകുളം നഗരപ്രാന്തത്തിലെ കൂനമ്മാവു പ്രദേശത്തെ കര്‍മ്മലീത്ത ആശ്രമത്തിലെ ശ്രേഷ്ഠനായിരുന്നു, സൂപ്പീരിയറായിരുന്നു, ഇന്ന് വിശുദ്ധപദത്തില്‍ വാഴുന്ന കേരളസഭയുടെ പ്രിയപ്പെട്ട ചാവറയച്ചന്‍, വിശുദ്ധനായ ഏലിയാസ് കുര്യാക്കോസ് ചാവറ! അദ്ദേഹം ഉപയോഗിച്ച മുറിയുടെ ഭിത്തിയിലുള്ള മരത്തിന്‍റെ ഫലകത്തിലെ ലിഖിതം ശ്രദ്ധേയമാണ്. “ഇതെന്‍റെ താല്ക്കാലിക ഭവനമാണ്…!” അനന്തതയിലാണ് മനുഷ്യന്‍റെ സ്ഥായിയായ വാസഗൃഹമെന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തലല്ലേ ആ ലിഖിതം.  പരല്‍മീനിനെ റാഞ്ചിയെടുക്കാനുള്ള ശ്രമത്തില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടുപോകുന്ന കഴുകനെപ്പോലെയാണ് നമ്മള്‍. ഉറ്റചങ്ങാതിയെ പരാമര്‍ശിച്ച് മറ്റൊരാള്‍ പറയന്നതു കേട്ടു. “ഇല്ല, ഇതിനപ്പുറത്ത് എന്തെങ്കിലും ഉണ്ടെന്ന തോന്നല്‍ തരുന്ന ഒരാളല്ല അയാള്‍”. കേട്ട മാത്രയില്‍ മനസ്സിലൂടെ ഒരു വിറയല്‍ പാഞ്ഞു.  അപ്പോഴാണ് ചിന്തിച്ചത്, നമ്മെക്കുറിച്ച് ചങ്ങാതിമാര്‍ എന്തായിരിക്കും പറയുക! ഈ ചിന്തി നമ്മില്‍ ഞെട്ടലുകള്‍ ഉയര്‍ത്തിയേക്കാം. 

7. ക്രിസ്തുവാകുന്ന സ്വര്‍ഗ്ഗപ്രസാദം 
ഇന്നത്തെ സുവിശേഷം കേന്ദ്രീകരിക്കുന്ന ‘മന്ന’യുടെ രൂപകത്തിലൂടെ ക്രിസ്തു തന്‍റെ ആത്മീയഭാവം വെളിപ്പെടുത്തുകയാണ്. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്! അനുപാതത്തില്‍ ചെറുതാകാമെങ്കിലും ഏതൊരു വിശുദ്ധന്‍റെയും ആന്തരികപ്രതിധ്വനി ഇതുതന്നെയായിരിക്കാം – ക്രിസ്ത്വാനുകരണത്തിലൂടെ സ്വര്‍ഗ്ഗപ്രസാദമായവരാണ് വിശുദ്ധാത്മാക്കള്‍! സ്വര്‍ഗ്ഗീയ മന്നയായ ക്രിസ്തുവിന്‍റെ ആന്തരികഭാവത്തില്‍ അവര്‍ ജീവിച്ചു, വളര്‍ന്നു. 

നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ നോവലിസ്റ്റും സാഹിത്യകാരനുമായ ഏണസ്റ്റ് ഹെമിങ്ങ്-വെയെ അദ്ദേഹത്തിന്‍റെ സമകാലികന്‍ വിശേഷിപ്പിച്ചത്, “ഭൂമിയിലെ ദൈവത്തിന്‍റെ പൗരന്‍” എന്നാണ്. നമ്മു‌‌‌ടെ പരമ്പരാഗത സങ്കല്പങ്ങളുടെ ഏകകത്തില്‍ അദ്ദേഹം ഒരു ഈശ്വരവിശ്വാസി മാത്രമായിരുന്നു. ഒരു കാളപ്പോരുകാരനെപ്പോലെ അടിമുടി ദാര്‍ഷ്ട്യത്തില്‍ ജീവിച്ചയാള്‍, അവസാനം ഒരു തോക്കിന്‍ കുഴലില്‍ ജീവനൊടുക്കി. എന്നിട്ടും  കഴിവുകൊണ്ടും തൂലികയുടെ കരുത്തുകൊണ്ടും അയാള്‍ മറ്റേതോ ലോകത്തിലെ പ്രജയെക്കണക്കിന് നമ്മുടെ ഇടയില്‍ വ്യാപരിച്ചു കടന്നുപോയി എന്ന വിചാരം അഭിനന്ദനമല്ലേ, ഇന്നും സാഹിത്യലോകത്തെ മുടിചൂടാ മന്നന്‍!   പൗലോസ്ലീഹായുടെ ഭാഷയില്‍ ഒരു തരം ഇരട്ടപ്പൗരത്വമുള്ളവരെക്കണക്ക് ജീവിക്കുക. ഒരു പാദം ഈ ലോകത്തും, മറുപാദം ഏതോ അദൃശ്യ ലോകത്തും ചവിട്ടി സഞ്ചരിക്കുക. അക്ഷരാത്ഥത്തില്‍ പൗലോസ്ലീഹാ അങ്ങനെ തന്നെയായിരുന്നു. ഒരേ സമയും യഹൂദനും റോമന്‍ പൗരനും, ഒപ്പം കേപ്പായുടെയും ക്രിസ്തുവിന്‍റേതും.

8. സാന്ത്വനവും ജീവകാരുണ്യവും
മന്നയുടെ കണിക്കാഴ്ചയിലേയ്ക്ക് ആദ്യമായി ഉണര്‍ന്ന മരുഭൂമിയിലെ തീര്‍ത്ഥാടകര്‍ പരസ്പരം ചോദിച്ചു.. എന്താണിത്? എന്താണിത്... മന്ന... മന്ന... മന്നയെന്ന വാക്കിനിര്‍ത്ഥം ഹീബ്രുവില്‍ “എന്താണിത്” എന്നല്ലേ? ഒരു ജനത്തിന്‍റെ നിലവിളിക്കും നെടുവീര്‍പ്പനും ദൈവം കൊടുത്ത ഉത്തരമാണിത് – മന്ന. വളരെ ചെറിയൊരു നേരത്തേയ്ക്കാണ് മന്നയുടെ പ്രസക്തി. സൂക്ഷിച്ചുവച്ചാല്‍ പിറ്റേന്ന് മോശമായിപ്പോകും. വലിയൊരു തടാകത്തിലേയ്ക്ക് എറിയപ്പെടുന്ന വെള്ളാരം കല്ലു സൃഷ്ടിക്കുന്ന അനുരണനങ്ങള്‍പോലെ മെല്ലെ നമ്മുടെ ഭൗതിക ജീവിതം കെട്ടടങ്ങുന്നു. അത്രയുമാണ് ദൈവം തന്‍റെയീ സ്നേഹിതരെ ജീവിത മന്നകൊണ്ട് ആഗ്രഹിക്കുന്നുള്ളൂ. എന്നിട്ടും നമ്മില്‍ ചിലരെ കാലാതീതമായി നിലനിര്‍ത്താന്‍ ദൈവം വിളിക്കുന്നത് നമ്മുടെ ജീവിതയാനങ്ങള്‍ക്ക് ദിശാബോധം തരാനാണ്. അതുകൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസും ആവിലായിലെ തെരേസയും, മദര്‍ തെരേസയുമൊക്കെ നമുക്ക് സമകാലീനരാകുന്നത്. മന്നപോലെ ശുഭ്രവും മധുരവുമായ അവരുടെ ജീവിതങ്ങളെ ഇങ്ങനെ പറഞ്ഞ് നമുക്ക് സംഗ്രഹിക്കാം – സ്വര്‍ഗ്ഗപ്രസാദമായ ക്രിസ്തുവോടൊത്തു ജീവിച്ചവര്‍, അവിടുത്തെ സ്നേഹസാന്ത്വനം പങ്കുവച്ചവര്‍! നിത്യജീവന്‍ തരുന്ന അപ്പവും തന്‍റെ തിരുക്കുമാരനുമായ ക്രിസ്തുവിനെ കണ്ടെത്താനും, അവിടുത്തെ അനുധാവനംചെയ്യുവാനും പരിശുദ്ധ കന്യകാനാഥ നമ്മെ ഏവരെയും തുണയ്ക്കട്ടെ!

04 August 2018, 18:49