തിരയുക

ക്രിസ്തു ജീവന്‍റെ അപ്പം - വര്‍ണ്ണനാചിത്രം ക്രിസ്തു ജീവന്‍റെ അപ്പം - വര്‍ണ്ണനാചിത്രം 

ക്രിസ്തു ജീവമന്ന : ഇന്നും ചൊരിയുന്ന ജീവല്‍പ്രസാദം

ആണ്ടുവട്ടും 19-Ɔο വാരം : വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 41-51. കഫര്‍ണാമില്‍ ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സുവിശേഷ സംഭവത്തിന്‍റെ തുടര്‍ഭാഗത്തെക്കുറിച്ചുള്ള വിചിന്തനമാണിത്.
Audio : Ord. Sun. XIX B

1.  ജീവമന്നയുടെ അത്ഭുതം
മുമ്പൊരിക്കല്‍ സമറിയക്കാരി സ്ത്രീയോടു ചെയ്തതുപോലെ, ദാഹത്തിന്‍റെ മാനുഷിക അനുഭത്തില്‍നിന്നും ജീവജലത്തിന്‍റെ ദൈവിക അനുഭൂതിയിലേയ്ക്ക് സ്ത്രീയെയും സമറിയ ഗ്രാമത്തെ മുഴുവനും, അവിടത്തെ ജനങ്ങളെ നയിച്ചതുപോലെ, ജീവമന്നയുടെ അനുഭവത്തിലേയ്ക്ക് ക്രിസ്തു കഫര്‍ണാമിലെ ജനങ്ങളെയും..., നിങ്ങളെയും എന്നെയും നയിക്കുന്നു, ക്ഷണിക്കുന്നു. ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുകയും, തന്നില്‍ വിശ്വസിക്കുവാന്‍ ജനങ്ങളെ ക്ഷണിക്കുന്ന സംഭവമാണ് ഗലീലിയ തീരത്തെ കഫര്‍ണാമില്‍ നടന്ന അപ്പം വര്‍ദ്ധിപ്പിക്കല്‍ സംഭവം.  ജനങ്ങള്‍ ആവേശത്തോടെ ക്രിസ്തുവിനെ അന്വേഷിക്കുവാനും ശ്രവിക്കുവാനും കാരണമാക്കിയത് അപ്പം വര്‍ദ്ധിപ്പിക്കലാണ്. അതുകൊണ്ട് അവര്‍ അവിടുത്തെ രാജാവാക്കാന്‍പോലും പരിശ്രമിച്ചത്രേ! എന്നാല്‍ ദൈവം തരുന്ന യഥാര്‍ത്ഥമായ ജീവന്‍റെ അപ്പം താനാണെന്ന് ക്രിസ്തു പ്രബോധിപ്പിച്ചത് ജനങ്ങള്‍ക്ക് മനസ്സിലായില്ല. അത് അവരെ ആശ്ചര്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നിട്ട് അവര്‍ അവിടുത്തേയ്ക്ക് എതിരായി പിറുപിറുക്കാനും തുടങ്ങി.

2. വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍
എന്തായിത്, ഇദ്ദേഹത്തിന് അച്ഛനും അമ്മയുമൊന്നുമില്ലേ?! അവരെ ഇയാള്‍ അറയില്ലെന്നോ? ഇയാള്‍ നസ്രത്തിലേ ജോസഫിന്‍റെയും മേരിയുടെയും മകനല്ലേ! എന്നിട്ട് “ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്നതാണെന്ന്” എങ്ങനെ ഇയാള്‍ക്ക് പറയാനാകും” (യോഹ. 6, 42). അപ്പോള്‍  ക്രിസ്തു പിന്നെയും തുടര്‍ന്നു. “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേയ്ക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവരെ ഞാന്‍ ഉയര്‍പ്പിക്കും.”  “ സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്…”  (യോഹ. 6, 44, 47).  നമ്മെ അമ്പരപ്പിക്കുന്ന, നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുന്ന ക്രിസ്തുവിന്‍റെ വാക്കുകളാണിവ. ഈ വചനം നമ്മെ ഉത്തേജിപ്പിക്കേണ്ട, നമ്മെ നന്മയില്‍ ജീവിക്കാനും വളരാനും സഹായിക്കുന്ന വിധത്തില്‍ ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തിലും, ദൈവ-മനുഷ്യബന്ധത്തിലും അന്തര്‍ലീനമായിരിക്കുന്ന വിശ്വാസത്തിന്‍റെ ബലതന്ത്രമാണ് വെളിപ്പെടുത്തുന്നത്. “ഞാന്‍ സ്ര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന ജീവന്‍റെ അപ്പമാണ്!”  (യോഹ. 6, 51). 

3. വിശ്വാസം ക്രിസ്തുവുമായുള്ള വ്യക്തിബന്ധം
ക്രിസ്തുവും നാമുമായുള്ള വ്യക്തിഗത ബന്ധത്തില്‍ പിതാവായ ദൈവത്തിനും, പരിശുദ്ധാത്മാവിനും ഏറെ നിര്‍ണ്ണായകമായ പങ്കുണ്ട്. അത് വിശ്വാസത്തില്‍ ത്രിയേക ദൈവത്തിലുള്ള പങ്കുചേരലാണ്. അതിനാല്‍ മനുഷ്യന്‍റെ ദൈവാത്മക ജീവിതത്തില്‍ പിതാവിനും പരിശുദ്ധാത്മാവിനുമുള്ള പങ്ക് ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു പറയാം. പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടുള്ളത്, “നിങ്ങള്‍ രക്ഷയുടെ ദിനത്തിനായി ക്രിസ്തുവില്‍ മുദ്രിതരാണ്. അതിനാല്‍ നിങ്ങളുടെ തിന്മയുടെ പ്രവൃത്തികള്‍വഴി പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. നമുക്കുവേണ്ടി സുരഭില ബലിയായ ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കുവിന്‍!” (എഫേ. 4, 30). 

 4. ക്രിസ്തു പിതാവിങ്കലേയ്ക്കുള്ള വഴികാട്ടി
ക്രിസ്തുവുമായി അടുത്ത വ്യക്തിബന്ധം വളര്‍ത്തുകയും പുലര്‍ത്തുകയും ചെയ്തിട്ടുള്ള അനേകം വിശുദ്ധാത്മാക്കളുണ്ട്. അവര്‍ നമുക്കു മുന്നേ പോയവര്‍, നമ്മുടെ മാതൃകകളാണ്. എന്നാല്‍ അതുപോലെ തന്നെ അവിടുത്തെ തള്ളിപ്പറയുകയും, വിധിക്കുകയും, ഉപേക്ഷിക്കുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്തവര്‍ ധാരാളമാണ്. ആശ്ചര്യം തോന്നാം! ഇതു സത്യമാണ്. അവര്‍ പിതാവിലേയ്ക്ക്, പിതാവായ ദൈവത്തിങ്കലേയ്ക്ക് അടുക്കുന്നില്ല! കാരണം, അവര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളോടും തുറവുള്ളവരായിരുന്നില്ല. അങ്ങനെ തുറവില്ലാത്തവരില്‍ വിശ്വാസം ഉണ്ടാവില്ല, വിശ്വാസം വളരുകയുമില്ല. അതിന് ബൈബിള്‍ വായിച്ചാല്‍ മതിയോ? അതു പോരാ! അപ്പം വര്‍ദ്ധിപ്പിച്ചതുപോലുള്ള ഒരത്ഭുതത്തിന്‍റെ അനുഭവം കിട്ടിയാല്‍ മതിയോ? പോരാ!  ക്രിസ്തുവിനെ നാം അറിയണം, അവിടുന്നുമായി അടുക്കണം, അവിടുന്നില്‍ വിശ്വസിക്കണം. അവിടുന്നില്‍ ഐക്യപ്പെടണം, സായുജ്യമടയണം. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും സാക്ഷ്യമായി ജീവിക്കണം!

5. പിതാവായ ദൈവം വിശ്വാസദാതാവ്
പിതാവായ ദൈവമാണ് നമ്മെ ക്രിസ്തുവിലേയ്ക്ക് ആനയിക്കേണ്ടത്. നമ്മുടെ ഹൃദയം തുറവുള്ളതായാലും അടഞ്ഞതായാലും ദൈവത്തിന് നമ്മെ ക്രിസ്തുവിലേയ്ക്ക് നയിക്കാനാകും.  വിശ്വാസം ഹൃദയവയലിലെ ചെറുവിത്തുപോലെയാണ്. അതിനെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത്, നമ്മെ ക്രിസ്തുവില്‍ ഫലമണിയിക്കുന്നത് പിതാവാണ്, ദൈവമാണ്. അങ്ങനെ നാം ക്രിസ്തുവിലേയ്ക്കും അവിടുത്തെ വചനത്തിലേയ്ക്കും ‘ആകൃഷ്ടരാകുന്നത്’ പിതാവിന്‍റെ പദ്ധതിയാണ്, അനാദിമുതലേയുള്ള പദ്ധതിയാണ്. അങ്ങനെ നാം വിശ്വാസത്തില്‍ വളര്‍ന്ന് അവിടുന്നിലേയ്ക്ക് ‘അടുക്കുന്നു’. അങ്ങനെ ക്രിസ്തുവില്‍ നാം ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം ദര്‍ശിക്കുന്നു. ആ കരുണാര്‍ദ്രസ്നേഹം അനുദിന ജീവിതത്തില്‍ മനുഷ്യരുമായി, സോഹദരങ്ങുമായി പങ്കുവയ്ക്കാന്‍ നാം വിളിക്കപ്പെടുന്നു.

6. ദൈവപുത ബന്ധത്തിന്‍റെ നാന്നി പരിശുദ്ധാത്മാവ്
പരിശുദ്ധാത്മാവാണ് നമ്മെ ഈ ദൈവപുത്രബന്ധത്തിലേയ്ക്ക് നയിക്കുന്നത്. ദൈവവും ദൈവപുത്രനുമായ ക്രിസ്തുവും നാമും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ നാമ്പു വിരിയിക്കുന്നത് ദൈവാത്മാവാണ്. ഇത് ലളിതമായ ഒരു ദൈവശാസ്ത്ര യുക്തിയാണ്. വിശ്വാസത്തിന്‍റെ തുറവുള്ള മനോഭാവത്തില്‍ മാത്രമേ ക്രിസ്തു തരുന്ന ‘ജീവമന്ന’യുടെ പൊരുള്‍ (Bread of Life) ഗ്രഹിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അവിടുന്ന്  ഉദ്ബോധിപ്പിച്ചത്, “സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവന്‍റെ അപ്പം ഞാനാകുന്നു. ഈ അപ്പം ഭക്ഷിക്കുന്നവര്‍ നിത്യമായി ജീവിക്കും. ഞാന്‍ തരുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു”  (യോഹ. 6, 51). അങ്ങനെ ക്രിസ്തുവിലും അവിടുത്തെ പച്ചയായ മനുഷ്യത്വത്തിലും പ്രകടമാക്കപ്പെട്ടത് ദൈവസ്നേഹമാണ് – അതുതന്നെയാണ് പരിശുദ്ധാത്മാവ് – ദൈവത്തിന്‍റെ ജ്വലിക്കുന്ന സ്നേഹം, ഏതിനെയും എന്തിനെയും ഉദ്ദീപ്തമാക്കുന്ന ദിവ്യസ്നേഹാഗ്നി! ഇങ്ങനെ സ്നേഹത്താല്‍ ആകൃഷ്ടരാകുന്നവര്‍ ക്രിസ്തുവിലേയ്ക്ക് അടുക്കുന്നു. പിന്നെ അവിടുത്തോടൊത്തു ചരിക്കുന്നു. അവര്‍ വിശ്വാസത്തില്‍ വളര്‍ന്ന് അവിടുന്നില്‍നിന്നും ജീവന്‍, സ്വര്‍ഗ്ഗീയ ജീവന്‍ സ്വീകരിക്കുന്നു, അത് സ്വായത്തമാക്കുന്നു.

7. വിശ്വാസജീവിതത്തില്‍ മറിയത്തിന്‍റെ മഹനീയ മാതൃക
ക്രിസ്തുവിലുള്ള ജീവിതം മാതൃകാപരമായി ജീവിച്ച വ്യക്തിയാണ് മറിയം, പരിശുദ്ധ കന്യകാനാഥാ! ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് ദൈവകുമാരനായ ക്രിസ്തുവിനെ മനസ്സാ വാചാ കര്‍മ്മണ സ്വീകരിക്കാനും, മാംസംധരിച്ച ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുവാനും ഭാഗ്യമുണ്ടായ മനുഷ്യവ്യക്തിയാണ് മറിയം!  ജീവിതത്തില്‍ നാം സ്വീകരിച്ചിട്ടുള്ള വിശ്വാസദാനത്തിന്‍റെ സന്തോഷവും സംതൃപ്തിയും പ്രതിനന്ദിയും എന്തെന്ന്
ഈ അമ്മയില്‍നിന്നും പഠിക്കാം.

8. പങ്കുവയ്ക്കേണ്ട സമ്മാനവും ദിവ്യദാനവും
നാം സമ്മാനം സ്വീകരിക്കുന്നത് വ്യക്തിപരമായിട്ടാണ്. സമ്മാനത്തിന് ഒരു സ്വകാര്യതയും വ്യക്തിഭാവവും ഉണ്ടെങ്കിലും, അത് സ്വകാര്യവസ്തുവല്ല. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട പൊതുമുതലാണ്. പ്രത്യേകിച്ച് ദൈവം നല്കിയ വിശ്വാസദാനം ലോകത്തിന്‍റെ നന്മയ്ക്കും ജീവനുംവേണ്ടി പങ്കുവയ്ക്കേണ്ട ദൈവികദാനംതന്നെയാണ്, ദൈവിക സമ്മാനമാണ്! ഇതാണ് ക്രിസ്തുവാകുന്ന ജീവമന്ന, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവമന്ന. സ്വീകരിക്കുന്നവര്‍ അത് പങ്കുവച്ചു ജീവിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ക്രിസ്തുവിനെപ്പോലെ ജീവിക്കാന്‍ ബാദ്ധ്യസ്ഥരാണ്.  പാരില്‍ വിശക്കുന്നവര്‍ക്ക് ക്രിസ്തു അപ്പമാണ്. ദാഹിച്ചു കേഴുന്നവര്‍ക്ക്... പാനീയവും. മനുഷ്യജീവിതങ്ങള്‍ തിന്മയില്‍ ആഴുമ്പോഴും നാടാകെ അവിടുത്തെ പ്രസാദം തിങ്ങുന്നു... പ്രകാശം പരക്കുന്നു. നമ്മെ നയിക്കുന്ന രാജാവും ഇടയനുമാണ് ക്രിസ്തു...! അവിടുത്തെ നമിക്കാം, വണങ്ങാം. സ്വര്‍ഗ്ഗീയ ജീവമന്നയുടെ ശക്തിയാര്‍ജ്ജിച്ച് ഈ ജീവിതയാത്ര തുടരാന്‍ കെല്പേകണേയെന്ന് പ്രാര്‍ത്ഥിക്കാം!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2018, 18:26