Vatican News
മാനം തെളിയുമ്പോള്‍... ദൈവത്തിന്‍റെ നാട് മാനം തെളിയുമ്പോള്‍... ദൈവത്തിന്‍റെ നാട്  (AFP or licensors)

സകല ജനതകളേ, ദൈവത്തിനു നന്ദിയര്‍പ്പിക്കാം!

ഒരു സ്തുതിപ്പിന്‍റെ പഠനം. സങ്കീര്‍ത്തനം 117, ഭാഗം മൂന്ന്. വിശുദ്ധഗ്രന്ഥത്തിലെ ഏറ്റവും ചെറിയഗീതം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 
ശബ്ദരേഖ - സങ്കീര്‍ത്തനപഠനം 220 - വചനവീഥി

ശബ്ദരേഖ - സങ്കീര്‍ത്തന പഠനം 220

ആമുഖപഠനത്തെ തുടര്‍ന്ന്, സങ്കീര്‍ത്തനം 117-ന്‍റെ വ്യാഖ്യാനപഠനം ആരംഭിക്കുകയാണിന്ന്. ബൈബിളിലെ വളരെ ഹ്രസ്വമായ എന്നാല്‍ മനോഹരമായ സമ്പൂര്‍ണ്ണസ്തുതിപ്പാണിതെന്ന് നാം മനസ്സിലാക്കിയതാണ്. രണ്ടു പദങ്ങള്‍ മാത്രമേ, ഈ ഗീതത്തിനുള്ളൂവെങ്കിലും അതിന്‍റെ ഘടനയും പദങ്ങളുടെ കുറിക്കുള്ള പ്രയോഗവുംകൊണ്ട് ഏറെ അര്‍ത്ഥഗര്‍ഭമാണ് ഈ ഗീതമെന്ന് ആഗോളതലത്തില്‍ നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ സ്രഷ്ടാവിനെ സ്തുതിക്കണമെന്നത് ജീവിതത്തിന്‍റെ പ്രഥമ ലക്ഷ്യമായിരിക്കണം. സൃഷ്ടിയായ മനുഷ്യന്‍ നന്ദിയോടെ സ്രഷ്ടാവായ ദൈവത്തെ സ്തുതിച്ചു ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്, സന്തോഷപൂര്‍ണ്ണവും സമാധാനപൂര്‍ണ്ണവമാകുന്നത്. വളരെ യുക്തമായ ആത്മീയചിന്തയാണിത്. ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളിലും സമര്‍പ്പണത്തിലും മനുഷ്യഹൃദയങ്ങളില്‍ അടിസ്ഥാനപരമായി ഉതിര്‍ക്കൊള്ളേണ്ട നന്ദിയുടെ വികാരത്തോടെ ദൈവത്തെ സ്തുതിച്ചു ജീവിക്കുന്ന വ്യക്തി, ധന്യമായ ജീവിതത്തിന്‍റെ ഒടമയായിത്തീരും. മറിച്ച് ദൈവവിചാരമില്ലാതെ ജീവിക്കുന്നവരാണ് ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും നഷ്ടപ്പെട്ട്,  താളം തെറ്റിയ ജീവിതം നയിക്കുന്നത്. അതുകൊണ്ടു തന്നെ ചില ബൈബിള്‍ പടുക്കള്‍ വാദിക്കുന്നത്, ദൈവസ്തുതിയാണ്, ഈശ്വരസ്തുതിപ്പാണ് ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം, എന്നാണ്! കാരണം ദൈവമാണ് സ്രഷ്ടാവും നാഥനുമായവന്‍. അവിടുന്നാണ് പരമോന്നതന്‍. അതിനാല്‍‍ സങ്കീര്‍ത്തനം 117 വരച്ചുകാട്ടുന്ന സ്തുതിപ്പിന്‍റെ ആശയം ഏറെ സമുന്നതമായ ചിന്തയാണെന്ന് വ്യാഖ്യാനപഠനത്തിന് ആമുഖമായി പ്രസ്താവിക്കാം.

ഗീതത്തിലെ രണ്ടു പദങ്ങളും ദൈവത്തെ സ്തുതിക്കുന്നവയാണ്. രണ്ടു പദങ്ങളും ജനതകളോട്, രാജ്യങ്ങളോട് സംസ്ക്കാരങ്ങളോട് ദൈവത്തെ പ്രകീര്‍ത്തിക്കാന്‍ ആഹ്വാനംചെയ്യുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഗീതം ഹ്രസ്വമെങ്കിലും ഉള്‍പ്പൊരുളിലും അന്തഃസ്സത്തയിലും ഏറെ ഗഹനവും അര്‍ത്ഥവ്യാപ്തിയുള്ളതുമാണ്. അതിന്‍റെ അര്‍ത്ഥവിസ്തൃതി പ്രതിഫലിപ്പിക്കുമാറ് സകല ജനതകളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഗീതം ആരംഭിക്കുന്നത്. സകല ജനതകളോടും ദൈവത്തെ സ്തുതിച്ചു ജീവിക്കാന്‍ ആഹ്വാനംചെയ്യുന്നു.  ദൈവത്തെ സ്തുതിക്കാന്‍ സകലരെയും ക്ഷണിക്കുന്നു!

സങ്കീര്‍ത്തനം 117 മലയാളത്തില്‍ ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും  സംഘവും.

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

പദങ്ങളിലേയ്ക്കു കടക്കുമ്പോള്‍ ആദ്യത്തെ പദം പറയുന്നത്, ദൈവം സകലജനതകളാലും സ്തുതിക്കപ്പെടണമെന്നാണ് (117, 1).

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍,
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

ഇവിടെ ശ്രദ്ധേയമാകുന്ന ചില കാര്യങ്ങളില്‍ ഈ ഗീതത്തിലെ ആജ്ഞാരൂപമാണ് ആദ്യത്തേത്. വളരെ യുക്തിപരമായും നേരിട്ടും ദൈവത്തെ സ്തുതിക്കാനുള്ള ആജ്ഞ നല്കുകയാണിത്. അതായത്, ആദ്യപദത്തില്‍ നാം എന്തുചെയ്യണമെന്ന്, ദൈവത്തെ സ്തുതിക്കണമെന്ന് വളരെ കൃത്യമായി പറയുന്നു. എന്നിട്ട്, രണ്ടാമത്തെ പദം അതെന്തുകൊണ്ടെന്നും വ്യക്തമാക്കുന്നു. കാരണം,

നമ്മളോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

ഹെബ്രായ സാഹിത്യശൈലിയിലെ സമാന്തരരൂപമാണ് Parallelistic style ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ പദം ആദ്യപദത്തിലെ ആഹ്വാനത്തെ കാര്യകാരണ സഹിതം പിന്‍താങ്ങുകയും, സ്ഥാപിക്കുകയുമാണ് രചയിതാവ് ചെയ്യുന്നത്. മാത്രമല്ല, സ്തുതിക്കാനുള്ള ചെറിയൊരു ആഹ്വാനത്തോടെയാണ് ഗീതം സമംഗളം സമാപിക്കുന്നത് – “കര്‍ത്താവിനെ സ്തുതിക്കുവിന്‍!” എന്ന ആഹ്വാനത്തോടെയാണ്.  അതിനാല്‍ നമുക്കു പറയാം, സങ്കീര്‍ത്തനം 117 ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്തുതിക്കാനുള്ള ആഹ്വാനത്തോടെയാണ്. Praise, സ്തുതിക്കുക! എന്ന സ്ഥാനത്ത്, ഹെബ്രായ ഭാഷയില്‍ ഹല്ലേലൂയ (Hallelujah) എന്ന പദപ്രയോഗവും സര്‍വ്വസാധാരണമായി കാണാം. അങ്ങനെ ഈ ഗീതം, സങ്കീര്‍ത്തനം 117 സാര്‍വ്വത്രികമായ, വിശ്വജനീനമായൊരു ഈശ്വരസ്തുതിയാണ്, സാര്‍വ്വലൗകികമായ സ്തുതിപ്പാണ്!ദൈവമായ കര്‍ത്താവിന്, ആത്മസ്തുതി അര്‍പ്പിക്കണമെന്ന് സകലരോടും, സകലലോകത്തോടും ആഹ്വാനംചെയ്യുന്ന ഗീതമാണിത്. കാരണം അവിടുത്തെ കാരുണ്യവും സ്നേഹവും അനന്തമാണ്. ദൈവത്തെപ്പോലെ മറ്റൊരു അപരിമേയമായ ശക്തി ലോകത്തില്ല!  എന്ന ഏകദൈവ ചിന്ത അടിസ്ഥാനപരമായി ഈ ഗീതത്തില്‍ അന്തര്‍ലീനമായി കിടക്കുന്നത് പദങ്ങളില്‍ സവിശേഷമായി സ്ഥാപിക്കപ്പെടുന്നു.  മൂല രചനയായ ഹീബ്രുവില്‍ 17 വാക്കുകള്‍ മാത്രമാണുള്ള ഗീതത്തിന്‍റെ മലയാള പരിഭാഷയില്‍ ആകെ 16 വാക്കുകളാണുള്ളത്. അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയില്‍ 30 വാക്കുകളും! ഭാഷകളുടെ വ്യത്യാസം ശ്രദ്ധേയമാകുമ്പോഴും, പൗരസ്ത്യഭാഷകളുടെ സാമീപ്യവും പൊരുത്തവും വാക്കുകളുടെ എണ്ണത്തിലുള്ള ചേര്‍ച്ചയും ഇവിടെ വെളിപ്പെടുത്തപ്പടുന്നുണ്ട്.

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

ഏറെ പ്രചുരപ്രചാരമുള്ള ഗീതത്തിന്‍റെ വ്യാഖ്യാനപഠനത്തില്‍ നിരൂപകന്മാര്‍ നിരത്തുന്ന ഒരു ചോദ്യമുണ്ട്. ദൈവത്തിന് ജനതകളുടെ സ്തുതിപ്പ് ആവശ്യമാണോ? സങ്കീര്‍ത്തകന്‍റെ ചിന്തയില്‍ ദൈവം ജനതകളാല്‍ സ്തുതിക്കപ്പെടണം, കാരണം അവിടുന്ന് ജനതകളെ കരുണയോടും സ്നേഹത്തോടുംകൂടെ കടാക്ഷിക്കുന്നു, പാലിക്കുന്നു,  ഇന്നുമെന്നും കാത്തുപാലിക്കുന്നു. അതിനാല്‍ സ്തുതിപ്പ് ഒരു വികാരമല്ല, അതൊരു തിരഞ്ഞെടുപ്പാണ്. It is a Choice. കൂട്ടിച്ചേര്‍ക്കട്ടെ, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് അതിനാല്‍ നാം സദാ,  എല്ലായിപ്പോഴും ദൈവത്തെ സ്തുതിക്കണം. സന്തോഷവും നന്മയും ഉള്ളപ്പോള്‍ മാത്രമല്ല, സന്താപവും ജീവിതക്ലേശങ്ങളും ഉള്ളപ്പോഴും നാം ദൈവത്തെ സ്തുതിക്കണം. കാരണം, നമ്മുടെ വേദനയിലും, നികൃഷ്ടാവസ്ഥയില്‍പ്പോലും നമ്മുടെ നാഥനും കര്‍ത്താവും പരിപാലകനുമാണ് ദൈവം. അവിടുന്ന് നമ്മുടെ സ്രഷ്ടാവും പിതാവുമാണ്. അതിനാല്‍ ദൈവ-മനുഷ്യബന്ധത്തിന്‍റെ  മനോഹാരിത തുളുമ്പി നിലക്കുന്ന ഗീതമാണ്, സങ്കീര്‍ത്തനം 117!

ഉടമ്പടിയുടെ ജനമാണ് ദൈവത്തെ സ്തുതിക്കേണ്ടത് ഉടമ്പടിയുടെ ജനമാണ് സ്തുതിപ്പിന് യോഗ്യമായിരിക്കുന്നത്, അവര്‍ക്കാണ് സ്തുതിപ്പിനുള്ള അവകാശം എന്നു പറയുന്നത് ശരിയല്ല.  ഇവിടെ സങ്കീര്‍ത്തനം 117-ല്‍ രാജ്യങ്ങളോടാണ്, ജനതകളോടാണ് ദൈവത്തെ സ്തുതിക്കാന്‍ ഹെബ്രായ കവി ഉദ്ബോധിപ്പിക്കുന്നത്. ഇങ്ങനയൊരു ചിന്ത വിംശീയ ചിന്തയും, ഉച്ചനീചത്വത്തിന്‍റെ വകഭേദവുമെല്ലാം ഇന്നും വച്ചുപുലര്‍ത്തുന്ന കൂട്ടര്‍ക്ക്, അല്ലെങ്കില്‍ അതു ശ്രേഷ്ഠമായി കരുതുന്ന കൂട്ടരെ വിപ്ലവകരമായ ഈ ചിന്ത ആശ്ചര്യപ്പെടുത്തിയേക്കാം. അവര്‍ക്ക് ഈ ചിന്ത അസ്വീകാര്യമായും തോന്നിയേക്കാം. മൂലരചനയില്‍ Goyim, Nations,  ജനതകളേ, രാഷ്ട്രങ്ങളേ...
എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ത്തകന്‍റെ വിശാല വീക്ഷണത്തില്‍ ദൈവത്തിന്‍റെ മുന്നില്‍ എല്ലാവരും ഒന്നാണ്. എല്ലാവരും ദൈവമക്കളാണ്. അവിടെ ജാതിയുടെയോ വര്‍ണ്ണത്തിന്‍റെയോ, മതത്തിന്‍റെയോ, റീത്തിന്‍റെയോ, ഭാഷയുടെയോ വംശത്തിന്‍റെയോ വിവേചനമില്ലെന്ന് ആദ്യപദത്തില്‍ വ്യക്തമായി സമര്‍ത്ഥിക്കപ്പെടുന്നു. 

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
2. നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.
എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

ജനതകളെക്കുറിച്ചുള്ള നിരൂപകന്മാരുടെ മറ്റൊരു ബൈബിള്‍ വീക്ഷണംകൂടെ പങ്കുവയ്ക്കാം. ജനതകള്‍ എന്നു പറഞ്ഞാല്‍ ഒരു രാഷ്ട്രീയസമൂഹമല്ല, എന്നു മനസ്സിലാക്കണം. അതു ലോകത്തുള്ള വംശീയ ഭാഷാ സമൂഹങ്ങളായി നമുക്ക് പ്രായോഗികബുദ്ധയില്‍ സ്വീകരിക്കാം. കാരണം ബൈബിള്‍ തന്നെ വിവിധ ഭാഷാസമൂഹങ്ങള്‍ക്കുവേണ്ടിയാണല്ലോ ഒരുക്കിയിരിക്കുന്നത്. അന്യഭാഷകളിലേയ്ക്കാണല്ലോ അവ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ജോഷ്വാപദ്ധതി എന്നപേരില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് 16,320 ഭാഷാ-വംശീയ സമൂഹങ്ങള്‍ ഉണ്ടെന്നാണ് (www.joshuaproject.net). എന്നാല്‍ ഇനിയും 6,741 എത്തപ്പെടാത്ത, പഠനവിധേയമാക്കാനാവാത്ത  സമൂഹങ്ങള്‍ ഉണ്ടത്രെ! 7 കോടി ലോകജനസംഖ്യയുടെ 41 ശതമാനവും എത്തപ്പെടാത്ത ജനസമൂഹങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്തെ ശരാശരി 6500 ലിപികളുള്ള ഭാഷകളില്‍ 2400-നു മാത്രമേ, പൂര്‍ണ്ണമായോ, ഭാഗികമായോ ബൈബിള്‍ പരിഭാഷകള്‍ ഉള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ നമുക്ക് ആശ്വസിക്കാവുന്നത്ര, ഈ പഠനങ്ങള്‍ക്കെല്ലാം അപ്പുറമുള്ളൊരു വീക്ഷണത്തോടെയാണ് ബൈബിളിലെ സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ് “സകല ജനതകളെയും…” അഭിസംബോധനചെയ്തുകൊണ്ട് ദൈവത്തെ സ്തുതിക്കാന്‍ ആഹ്വാനംചെയ്യുകയാണ്. അത് വിശ്വസാഹോദര്യത്തിന്‍റെയും, വിശ്വശാന്തിയുടെയും വീക്ഷണമാണ്. 

എല്ലാഭാഷകളിലും ബൈബിള്‍ പരിഭാഷ എത്തപ്പെട്ടിട്ടില്ലെങ്കിലും, വംശം എത്രയെന്ന് ഇനിയും ശാസ്ത്രീയമായി നിജപ്പെടുത്തപ്പെട്ടില്ലെങ്കിലും സ്രാഷ്ടാവായ ദൈവത്തെ സകലരും, സകല ജനതകളും സ്തുതിക്കട്ടെ! എന്ന ഹൃദയവിശാലതയോടെയാണ്, സാര്‍വ്വലൗകിക വീക്ഷണത്തോടെയാണ് സങ്കീര്‍ത്തനം 117-ന് രചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത ആഴ്ചയിലും വ്യാഖ്യാനപഠനം തുടരും... സങ്കീര്‍ത്തനം 117-ന്‍റെ പഠനം നാലം ഭാഗം.

 

21 August 2018, 14:50