സന്ധ്യമയങ്ങും നേരം സന്ധ്യമയങ്ങും നേരം 

ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹത്തിന് ഒരു സ്തുതിഗീതം

സങ്കീര്‍ത്തനം 117-ന്‍റെ ആമുഖപഠനം – ഭാഗം രണ്ട്. സങ്കീര്‍ത്തം 117-ന്‍റെ പഠനം നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ആരംഭിച്ചു. ഇതൊരു സമ്പൂര്‍ണ്ണസ്തുതിപ്പാണെന്ന് മനസ്സിലാക്കി. ഈ പ്രക്ഷേപണത്തില്‍ ആമുഖപഠനം തുടര്‍ന്നുകൊണ്ട്, ഹ്രസ്വമെങ്കിലും പ്രശസ്തമായ ഈ ഗീതത്തിന്‍റെ വ്യാപ്തമായ ഉപയോഗത്തെയും ഉപയോഗിക്കാനുള്ള കാരണങ്ങളെയുംകുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ശബ്ദരേഖ - സങ്കീര്‍ത്തനപഠനം 219

ബൈബിലെ ഏറ്റവും ചെറിയ അദ്ധ്യായമാണ് സങ്കീര്‍ത്തനം 117 എന്നു പറയാറുണ്ട്. കാരണം രണ്ടു പദങ്ങള്‍ മാത്രമുള്ള വളരെ ഹ്രസ്വമായ  ഗീതമാണിത്. എന്നാല്‍ ദൈവത്തെ ആരാധിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ സ്തുതിപ്പിന്‍റെ പവിഴമായിട്ടാണ്,  പണ്ഡിതന്മാര്‍ ഈ ഗീതത്തെ വിശേഷിപ്പിക്കുന്നത്.  ഈ ഗീതം ഹ്രസ്വമായതിനാല്‍ രണ്ടു പദങ്ങളും ശ്രവിച്ചുകൊണ്ട് പഠനം തുടരാം.

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കു നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

ലത്തീന്‍ ഭാഷയില്‍ Laudate Dominum Omnes Gentes,  “ സകല ജനതകളേ, കര്‍ത്താവിനു സ്തുതിപാടുവിന്‍…” എന്ന ശീര്‍ഷകത്തില്‍ ഗ്രിഗോരിയന്‍ ഈണത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ ഈ ഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്, ഉപയോഗത്തില്‍ ഉള്ളതാണ്. ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുന്ന ആരാധനക്രമത്തിന്‍റെ സുന്ദര മുഹൂര്‍ത്തങ്ങളിലെല്ലാം, വിശിഷ്യാ ലത്തീന്‍ റീത്തില്‍ സങ്കീര്‍ത്തനം 117 ആലപിക്കപ്പെടാറുള്ളത് ശ്രദ്ധേയാണ്.

Laudate Dominum
Laudate Dominum omnes gentes
Laudate eum, omnes populi
Quoniam confirmata est
Super nos misericordia eius,
Et veritas Domini manet in aeternum.                

ലളിതവും നേരിട്ടുള്ളതുവമായ ആശയങ്ങളാണെങ്കിലും, ആ ലാളിത്യത്തില്‍ത്തന്നെ വലിയ മനോഹാരിതയും ഗാംഭീര്യവും വ്യാപിതിയുമുണ്ട്. സകലജതകളെയുമാണ് ദൈവത്തെ സ്തുതിക്കാന്‍ ഗായകന്‍ ക്ഷണിക്കുന്നത്. സകലരും ഒന്നായി ദൈവത്തെ സുതിതിക്കുന്ന ഐക്യത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും, സകലരും ദൈവമക്കളാണെന്ന ചിന്ത മനസ്സില്‍ ഉണര്‍ത്തുകയും മനോഹാരിത ഈ ഹ്രസ്വമായ സങ്കീര്‍ത്തിനത്തിന്‍റെ തനിമയും ഭംഗിയുമാണ്. അതുകൊണ്ട് വിവിധ ഭാഷകളില്‍ പ്രത്യേകിച്ച് ലാറ്റിന്‍, ഇംഗ്ലിഷ്പോലെ ആഗോളവ്യാപ്തിയുള്ള ഭാഷകളില്‍ ഈ ഗീതം ഉപയോഗിക്കുന്നു. അത് അനുശ്വരമാക്കപ്പെട്ടിരിക്കുന്നു.

സങ്കീര്‍ത്തനം 117 മലയാളത്തില്‍ ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും  സംഘവും.

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
പാടിപ്പുകഴ്ത്തുവിന്‍.

ഇത്രയേറെ പ്രചുരപ്രചാരമുള്ള ഗീതം പുതിയനിയമത്തില്‍ ക്രിസ്തുവും ശിഷ്യന്മാരും ഉപയോഗിച്ചതായി മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജരൂസലത്തെ മേല്‍മുറിയില്‍ യേശുവും ശിഷ്യന്മാരും പെസഹാ അത്താഴം കഴിച്ചു. എന്നിട്ട് അവര്‍ “സ്തോത്രഗീതം” ആലപിച്ചിട്ട് ഗദ്സേമെന്‍ തോട്ടത്തിലേയ്ക്ക് പ്രാര്‍ത്ഥിക്കാനും വിശ്രമിക്കാനുമായി പോയി. ഇത് മാര്‍ക്കോസ് സുവിശേഷകന്‍ അദ്ധ്യായം 14, വാക്യം 26-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. പഴയ നിയമകാലത്തു മുതല്‍, പിന്നെ യേശുവിന്‍റെ കാലത്തും കൃത്ഞജതാഗീതം, സ്തോത്രഗീതം എന്നു പറഞ്ഞാല്‍ സങ്കീര്‍ത്തം 117- അല്ലെങ്കില്‍ അതിനു സമാനമായ ഹല്ലേല്‍ ഗീതങ്ങളാണെന്ന് നമുക്കു മനസ്സിലാക്കാം. ഒരു ഭക്ഷണത്തിന്‍റെ വിശിഷ്യാ,  പെസഹാ പോലുള്ള സവിശേഷദിനത്തിലെ ഭക്ഷണത്തിന്‍റെ അന്ത്യത്തില്‍ ദൈവത്തെ സ്തുതിച്ചു പാടുന്നത് ഹെബ്രായ പാരമ്പര്യമാണ്.

ഉടമ്പടിപ്രകാരം ദൈവത്തിന് തന്‍റെ ജനവുമായുള്ള അഭേദ്യമായ ബന്ധത്തിന്‍റെ പ്രതീകവും ഓര്‍മ്മയുമാണ് ഈ സ്തുതിപ്പെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. അതുകൊണ്ട് ഈ ഗീതം വിവിധ മുഹൂര്‍ത്തങ്ങളില്‍, സ്തുതിപ്പിന്‍റെയും നന്ദിപ്രകടനത്തിന്‍റെയും അവസരങ്ങളില്‍ ഇസ്രായേല്‍ ജനം ഉപയോഗിച്ചിരുന്നു. തീര്‍ച്ചയായും ഇന്നും ദൈവജനത്തിന്,  എന്തിന് ഏതു ജനത്തിനും ദൈവത്തെ സ്തുതിക്കാന്‍ ഉപയോഗിക്കാവുന്ന മനോഹരമായ കീര്‍ത്തനമാണ് സങ്കീര്‍ത്തനം 117.   

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
2. നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.
എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

ജര്‍മ്മന്‍കാരനും ദൈവശാസ്ത്ര പണ്ഡിതനും, ബൈബിള്‍ വ്യാഖ്യാതാവുമായിരുന്ന – പ്രോട്ടസ്റ്റാന്‍റ് നവോത്ഥാന പ്രസ്ഥാനത്തിന്‍റെ തലവനായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്... മനോഹരമായ ഈ സ്തുതിപ്പിനെ കുറിച്ച് ഗഹനമായ പഠനവും വ്യാഖ്യാനവും നടത്തിയിട്ടുണ്ട്. ദൈവത്തെ അറിയാത്ത ജനതകള്‍ക്ക് അവിടുത്തെ സ്തുതിക്കാനുള്ള ദൗത്യമാണ് ഈ ഗീതം നല്കുന്നത്. രണ്ടു പദങ്ങള്‍ മാത്രമുള്ള ഈ ഗീതത്തിന് മാര്‍ട്ടിന്‍ ലൂതര്‍ കിങ് വ്യാഖ്യനമെഴുതിയത് 36 പേജുകളിലാണ്. അതായത് ഓരോ പദങ്ങള്‍ക്കും 18 വരികള്‍ വീതം എഴുതി വ്യാഖ്യാനിച്ചിരിക്കുന്നു. ലൂതറിന്‍റെ വ്യഖ്യാനത്തില്‍ ശ്രദ്ധേയമാകുന്ന ഒരു നിരീക്ഷണം സഭയുടെയും വിശ്വാസ സമൂഹത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം സ്തുതിപ്പാണ്. ദൈവത്തെ സ്തുതിക്കുകയാണ് മനുഷ്യജീവിതത്തിന്‍റെ പരമായ ലക്ഷ്യവും ആഗ്രഹവും, കാരണം ദൈവമാണ് സമുന്നതന്‍, ദൈവമാണ് പരമമായവന്‍, ആദിയും അന്ത്യവും! അതിനാല്‍ ജതകളേ സ്തുതിപാടുവിന്‍! എന്ന് സങ്കീര്‍ത്തകന്‍ ആലപിക്കുമ്പോള്‍, ദൈവത്തെ അറിയാത്ത ജനതകളും രാഷ്ട്രങ്ങളും അവിടുത്തെ അറിയണം, അവിടുത്തെ ആരാധിക്കണം സ്തുതിക്കണം എന്ന് വ്യഖ്യാനം വ്യക്തമാക്കുന്നുണ്ട്. പദങ്ങളുടെ എണ്ണത്തില്‍ ഹ്രസ്വമായ ഈ ഗീതം അതിന്‍റെ ഉള്ളടക്കത്തിലും അരൂപിയിലും അര്‍ത്ഥത്തിലും വ്യാപ്തിയും ആഴവുമുള്ളതാണെന്നും, അത് സകല അതിര്‍ത്തികളെയും – രാഷ്ട്രങ്ങളുടെയും സംസ്ക്കാരങ്ങളുടെയും, ഭാഷകളുടെയും അതിര്‍ത്തികളെ അതിലംഘിക്കുന്നതാണെന്ന് സുദീര്‍ഘമായ തന്‍റെ വ്യഖ്യാനത്തില്‍ ലൂതര്‍ സമര്‍ത്ഥിക്കുന്നു.

113-മുതല്‍ 118-വരെയുള്ള  സ്തുതിപ്പിന്‍റെ സങ്കീര്‍ത്തനക്കുട്ടത്തിലെ ആറു ഗീതങ്ങളുടെ ഗണത്തിലാണ് 117-‍‍Ɔ൦ സങ്കീര്‍ത്തനത്തെ വ്യാഖ്യാതാക്കള്‍ പെടുത്തിയിരിക്കുന്നത്. അവയെ ബൈബിള്‍ പണ്ഡിതന്മാര്‍ പൊതുവെ  ‘ഹല്ലേല്‍’ ഗീതങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഹെബ്രായ ജനം പെസഹ ആചരിക്കാനായി ഒരുമിച്ചുകൂടുമ്പോള്‍ ദൈവം തങ്ങളെ ഈജിപ്തില്‍നിന്നും സ്വതന്ത്രമാക്കിയ കാലത്തെ നന്മകള്‍ അനുസ്മരിച്ച് അവിടുത്തെ സ്തുതിക്കുന്ന 6 ഗീതങ്ങളുടെ സമാഹാരമായിട്ടാണ് ഹല്ലേല്‍ ഗീതങ്ങള്‍ കണക്കാക്കപ്പെടുന്നത്. അങ്ങനെ സങ്കീര്‍ത്തനം 117 ഹല്ലേല്‍ ഗീതങ്ങളുടെ ഗണത്തില്‍ പെടുന്ന ഒരു സ്തുതിപ്പാണ്.

117-Ɔ൦ ഗീതം പുറപ്പാടിന്‍റെ സ്തുതിപ്പുകളില്‍ അഞ്ചാമത്തേതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം അതിനൊരു ആഗോളികമായ, അല്ലെങ്കില്‍ പ്രാപഞ്ചികമായ ദര്‍ശനമുണ്ടെന്ന വസ്തുതയും ശ്രദ്ധേയമാണ്. സകല ജനങ്ങളെയും ദൈവം സ്നേഹിക്കുന്നെന്നും, തന്‍റെ ഹൃദയം സകലര്‍ക്കുമായി തുറക്കുന്നെന്നും, അതിനാല്‍ സകല മനുഷ്യരും, സകല ജനതകളും അവിടുത്തെ അറിയണം, അവിടുത്തെ സ്തുതിക്കണം എന്നത് സങ്കീര്‍ത്തനം 117-ന്‍റെ ഉള്‍പ്പൊരുളായി നമുക്കു മനസ്സിലാക്കാം. പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇക്കാര്യം നമുക്ക് കൂടുതല്‍ വ്യക്തമാക്കി തരുന്നു:

“സമസ്തജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍,
സകല ജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെ!
ഇസ്രായേലില്‍നിന്നൊരു മുള പൊട്ടിപ്പുറപ്പെടും.
വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയംചെയ്യും.
സകലജനതകളും അവനില്‍ പ്രത്യാശവയ്ക്കും
എന്ന് എശയാ പ്രവചിച്ചിരിക്കുന്നു.”  (റോമാക്കാര്‍ 15, 11).

പ്രവാചകന്മാര്‍ കാലേകൂട്ടി അറിയിച്ച  "ജനതകള്‍ക്ക് നാഥനും രക്ഷകനുമായി ജനിച്ചവന്‍..."  ക്രിസ്തുവിലേയ്ക്കു അങ്ങനെ സങ്കീര്‍ത്തനം 117 വിരല്‍ചൂണ്ടുന്നുവെന്നു പ്രസ്താവിച്ചുകൊണ്ട് നമുക്കീഭാഗം ഉപസംഹരിക്കാം.

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
നമ്മുടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കു നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക നാഥനെ എന്നും നാം.
നാഥനെ വാഴ്ത്തുക നാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 17:13