ഫിലാഡെല്‍ഫിയ സംഗമത്തില്‍ 2015 ഫിലാഡെല്‍ഫിയ സംഗമത്തില്‍ 2015 

ഗായകന്‍ അന്ത്രയ ബൊചേലി കുടുംബസംഗമത്തില്‍ പങ്കെടുക്കും

പ്രശസ്ത ഗായകന്‍ ഇറ്റലിയുടെ അന്ത്രയ ബൊചേലി അയര്‍ലന്‍ഡിലെ ഡബ്ളിന്‍ നഗരത്തില്‍ ദേശീയ മെത്രാന്‍ സമിതി സംഗമിപ്പിക്കുന്ന ഒന്‍പതാമത് ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

9-Ɔമത് ആഗോള കുടുംബസംഗമം
ആഗസ്റ്റ് 21-മുതല്‍ 26-വരെയാണ് ദേശീയ മെത്രാന്‍ സമിതി ആതിഥ്യമേകുന്ന ആഗോള കുടുംബ സംഗമം നടക്കാന്‍ പോകുന്നത്. ആദ്യഘട്ടം പഠനവും പങ്കുവയ്ക്കലും ഉള്‍പ്പെടുന്ന ഭാഷാതലത്തിലും ഭൂഖണ്ഡതലത്തിലുമുള്ള പഠനശിബിരങ്ങളും പ്രാര്‍ത്ഥന സംഗമങ്ങളുമാണ്. ആഗസ്റ്റ് 25, 26 തിയതികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തിലാണ് സംഗമം സമാപനത്തിലേയ്ക്ക് കടക്കുന്നത്.

മഹാസംഗമത്തിലെ അത്യപൂര്‍വ്വ പ്രതിഭാസാന്നിദ്ധ്യം
116 രാജ്യങ്ങളില്‍നിന്നുമായി കുടുംബങ്ങള്‍ പ്രാതിനിധ്യ സ്വഭാവത്തോടെ പങ്കെടുക്കാനിരിക്കുന്ന സംഗമത്തില്‍ തന്‍റെ പങ്കാളിത്തം ബൊചേലി അറിയിച്ചത് ആഗസ്റ്റ് 11-Ɔο തിയതിയാണ്. ഡബ്ലിന്‍ സംഗമം കുടുംബങ്ങളുടെ മഹോത്സവമായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്.

റോമിലെയും മിലാനിലെയും ഫിലഡേല്‍ഫിയയിലെയും കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള മധുരനാദത്തിന്‍റെ ഉടമയായ ഇറ്റലിയുടെ  ഗായകന്‍ ബൊചേലി സംഗമത്തില്‍ പങ്കെടുക്കുന്നതു കൂടാതെ ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന കുടുംബങ്ങളുടെ പരിപാടിയില്‍ അദ്ദേഹം ഗായകസംഘത്തോടു ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കും. 2015-ലെ ഫിലാഡെല്‍ഫിയ കുടുംബ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ പാടിയിട്ടുള്ള ബൊചേലി,  മറ്റു വിവിധ അവസരങ്ങളിലും പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തന്‍റെ വിശ്വസത്തെക്കുറിച്ച് ഉറക്കെ പ്രസ്താവിക്കുന്ന ബൊചേലി അദ്ദേഹത്തിന്‍റെ സമയവും കഴിവും മാനവികതയുടെ നന്മയ്ക്കായി ധാറാളം മാറ്റിവയ്ക്കാറുമുണ്ട്. സംഘാടകരുടെ പ്രസ്താവന അറിയിച്ചു.

മാനവിക ദര്‍ശനമുള്ള ഗായകന്‍
കുടുംബങ്ങളുടെ ഈ മഹാസംഗമത്തില്‍ തന്‍റെ എളിയ ഓഹരി സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. അതില്‍ അതിയായ സന്തോഷമുണ്ട്. സമൂഹീക നിര്‍മ്മിതിയുടെ ശക്തിയുള്ള ഘടകമാണ് കുടുംബം. അത് സ്നേഹത്തിന്‍റെ കൂട്ടായ്മയാണ്. പ്രവൃത്തികളിലൂടെ വ്യക്തി എല്ലാ കാര്യങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്നേഹവേദിയാണ് കുടുംബം! ബൊചേലി ഈ അഭിപ്രായ പ്രകടനത്തോടെയാണ് തന്‍റെ അഭ്യര്‍ത്ഥന സംഘാടകര്‍ക്ക് സമര്‍പ്പിച്ചത്.

സെപ്തംബറില്‍ ഷഷ്ടിപൂര്‍ത്തി
ലോകം ശ്രവിച്ചിട്ടുള്ള ഏറ്റവും സുന്ദരവും അന്യൂനവും ഏകവുമായ പുരുഷശബ്ദമായി സംഗീതവിദഗ്ദ്ധര്‍ ബൊചേലിയ കണക്കാക്കുന്നു. മാനവികതയുടെ നന്മയ്ക്കുള്ള ക്രിയാത്മകവും പ്രത്യാശപൂര്‍ണ്ണവുമായ ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍. അവ വിശ്വസാഹോദര്യത്തെയും സമാധാനത്തെയും ഉണര്‍ത്താന്‍ പോരുന്നതുമാണ്. 2018 സെപ്തംബര്‍ 22-ന് ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ബൊചേലി മദ്ധ്യഇറ്റലിയിലെ ടസ്ക്കണി സ്വദേശിയാണ്.

കാണുന്നില്ലെങ്കിലും കാതിന് വിസ്മയമായ ബൊചേലി
കാഴ്ചശക്തി കുറഞ്ഞ കുഞ്ഞായി ജനിച്ച ബൊചേലിക്ക് 12-Ɔമത്തെ വയസ്സില്‍ കളിക്കളത്തിലെ കൂട്ടിയിടിയിലാണ് പൂര്‍ണ്ണമായും കാഴ്ച നഷ്ടമായത്. ഏങ്കിലും പതറാതെ തന്‍റെ പഠനവും സംഗീതസപര്യയും ബൊചേലി തുടരുന്നു. അമ്മയുടെ പിന്‍തുണയോടും പ്രോത്സാഹനത്തോടുംകൂടെ തുടര്‍ന്നു. വിവാഹിതനായ ബൊചേലിക്ക് രണ്ടു മക്കളുണ്ട്. ഇപ്പോള്‍ ഭാര്യ വെറോണിക്കയാണ് വഴികാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2018, 18:09