കുടുംബങ്ങളുടെ ഉത്സവം കുടുംബങ്ങളുടെ ഉത്സവം 

കാണുന്നില്ലെങ്കിലും കാതുകള്‍ക്ക് ഇമ്പമായി അന്ത്രയ ബൊചേലി

അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ സംഗമിച്ച കുടുംബങ്ങളുടെ ആഗോളസംഗമത്തില്‍ ശനിയാഴ്ച, ആഗസ്റ്റ് 25-Ɔο തിയതി രാത്രി സംഘടിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ഉത്സവം.
അന്ത്രയ ബൊചേലി കുടുംബോത്സവത്തില്‍

ഷൂബര്‍ടിന്‍റെ ആവേ മരീയ!
1825-ലാണ് ഓസ്ട്രിയക്കാരനായ ഷൂബര്‍ട് ഇത് രചിച്ചത്. മൂലരചനയിലെ കവിത ആംഗലേയ കവി, വാള്‍ട്ടര്‍ സ്കോട്ടിന്‍റേതായിരുന്നു. പിന്നീട് ഷൂബര്‍ട്ടിന്‍റെ സംഗീതത്തിലേയ്ക്ക് ഇണങ്ങുംവിധം കോര്‍ത്തിണക്കിയതാണ് ലത്തീന്‍ ഭാഷയിലെ ആവേ, മരിയ! അല്ലെങ്കില്‍ നന്മനിറഞ്ഞ മറിയമേ! എന്ന പ്രാര്‍ത്ഥന. തുടര്‍ന്ന് ഷൂബര്‍ട്ടിന്‍റെ രചന വിശ്വവിഖ്യാതമായി. ഇന്നും ലോകത്ത് ജനപ്രീതിയാര്‍ജ്ജിച്ച ഗീതവും സംഗീതസൃഷ്ടിയുമാണ് ഫ്രാന്‍സ് ഷൂബര്‍ടിന്‍റെ (1797-1828) ആവേ മരീയ.

Ave Maria, gratia plena,  നന്മനിറഞ്ഞ മറിയമേ, സ്വസ്തീ!
Maria, gratia plena,  മറിയമേ, കൃപനിറഞ്ഞോളേ,
Maria, gratia plena,  മറിയമേ, കൃപനിറഞ്ഞോളേ,
Ave, Ave, Dominus,  സ്വസ്തീ, സ്വസ്തീ, ദൈവമേ,
Dominus tecum.  ദൈവം നിന്നോടുകൂടെ.
Benedicta tu in mulieribus, et benedictus,  സ്ത്രീകളില്‍ നീ അനുഗൃഹീത, അനുഗ്രഹീത
Et benedictus fructus ventris (tui),  അനുഗ്രഹീതം നിന്‍റെ ഉദരത്തില്‍ ഫലം,
Ventris tui, Jesus.  നിന്‍റെ ഉദരത്തില്‍ ഫലം ഈശോ.
Ave Maria!  ആവേ മരീയ!

Sancta Maria, Mater Dei,  പരിശുദ്ധ മറിയമേ, ദൈവത്തിന്നമ്മേ,
Ora pro nobis peccatoribus,  പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ,
Ora, ora pro nobis;  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ;
Ora, ora pro nobis peccatoribus,  പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ,
Nunc et in hora mortis,  ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും
In hora mortis nostrae.  ഞങ്ങളുടെ മരണസമയത്ത്, ആ സമയത്ത്.
In hora, hora mortis nostrae,  ആ സമയത്ത്, ഞങ്ങളുടെ മരണസമയത്ത്
In hora mortis nostrae.  മരണസമയത്ത്,
Ave Maria!   മറയിമേ സ്വസ്തീ!

പാപ്പായുടെ  മുന്നില്‍ പാടിയ സന്തോഷം
ഡബ്ലിന്‍ നഗരത്തിലെ ക്രോക് പാര്‍ക്ക് (Croke Park Stadium) സ്റ്റേഡിയത്തിലെ കുടുംബങ്ങളുടെ സംഗമത്തില്‍ 126 രാജ്യങ്ങളില്‍നിന്നും എത്തിയ ആയിരക്കണക്കിന് കുടുംബങ്ങളുടെയും, ലോകത്തിന് സമാരാധ്യനായ പാപ്പാ ഫ്രാന്‍സിസിന്‍റെയും മുന്നില്‍ പാടിയത് ഒരനുഭൂതിയായിരുന്നു. കുടുംബങ്ങളെ കൂടുതല്‍ സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കും നയിക്കുന്ന ഈ മഹത്തായ ഉദ്യമത്തില്‍ പങ്കുചേരാന്‍ സാധിച്ചത് ജീവിതത്തില്‍ സന്തോഷംപകര്‍ന്ന ഭാഗ്യമായെന്ന് ബൊചേലി സാക്ഷ്യപ്പെടുത്തി. 

വേദനയില്‍ തുടങ്ങിയ ജീവിതം
ഇറ്റലിയിലെ ടസ്കണിയിലാണ് അന്ത്രയ ബൊചേലിയുടെ ജനനം – 1958 സെപ്തംബര്‍ 22! ജന്മനാ കാഴ്ച കുറവായിരുന്ന ബൊചേലിക്ക് അത് 12-Ɔമത്തെ വയസ്സില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എങ്കിലും ദൈവം നല്കിയ പാടാനുള്ള കഴിവു വളര്‍ത്താന്‍ അമ്മ എഡി കരുത്തായി കൂടെനിന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിസ യൂണിവേഴ്സിറ്റിയില്‍നിന്നും സംഗീതത്തില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ബൊചേലി.

സെപ്തംബറില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ബൊചേലി ഹോളി വൂഡിന്‍റെ പ്രശതിപുരസ്ക്കാരവും ഇറ്റലിയുടെ ദേശീയ ബഹുമതിയും ഉള്‍പ്പെടെ ഗ്രാമി, അക്കാഡമി, ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പശ്ചാത്യശാസ്ത്രീയ സംഗീതശൈലിക്കൊപ്പം പോപ് ശൈലിയും ബൊചേലിയുടെ പ്രത്യേകതയാണ്. മാതൃഭാഷ ഇറ്റാലിയനാണെങ്കിലും ഇംഗ്ലിഷ് കൈകാര്യംചെയ്യുന്ന ബൊചി അമേരിക്കന്‍, ബ്രിട്ടിഷ് കമ്പനികള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഗാനരചയിതാവും ഗാനങ്ങളുടെ നിര്‍മ്മാതാവും... ജനസേവകനുമാണ് ബൊചേലി! The top tenor of the world, ലോകത്തെ അതിസുന്ദരമായ പുരുഷശബ്ദമെന്ന് സംഗീതലോകം ബൊചേലിയെ വിശേഷിപ്പിട്ടുണ്ട്.

ജീവകാരുണ്യമുള്ള സംഗീതം

സംഗീതം മാനവികതയുടെ നന്മയ്ക്ക്... എന്നത് ബൊചേലിയുടെ വിശ്വാസമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഹായ്ത്തി ഫൗണ്ടേഷന്‍റെ പേരില്‍ അവിടെ ദുരന്തത്തില്‍പ്പെട്ട ജനതയെ സഹായിക്കുന്നതിലാണ് ബൊചേലിയുടെ പദ്ധതികളും പരിപാടികളും. തദ്ദേശീയരായ 100 ഗായകരുടെ കൂട്ടായ്മയ്ക്കും അവരുടെ പരിശീലനത്തിലും ബൊചേലി സമയം കണ്ടെത്തുന്നു.

അമ്മയുടെ ഉദരത്തിലെ കുഞ്ഞ് രോഗിയാണ്, വിവിധ രോഗങ്ങളുടെ ഉടമയാണെന്ന് കണ്ടെത്തിയ ഇറ്റാലിയന്‍ ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം കല്പിച്ചതായിരുന്നു. ജീവന്‍ വിലപ്പെട്ടതെന്ന വിശ്വാസത്തില്‍ മമ്മാ എഡി കുഞ്ഞിനെ പ്രസവിച്ചു, സ്നേഹത്തോടെ വളര്‍ത്തി. 2000-Ɔമാണ്ടില്‍ ബൊചേലിയുടെ പിതാവ് അലസാന്ത്രോ അന്തരിച്ചു. അമ്മ എഡി ജീവിച്ചിരിപ്പുണ്ട്. ബൊചേലി അതിനാല്‍ ഗായകനും ജീവന്‍റെ വക്താവുമാണ്. ഗര്‍ഭച്ഛിദ്രത്തെയും കാരുണ്യവധത്തെയും വധശിക്ഷയെയും അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു, തന്‍റെ സംഗീതം ഉപയോഗിച്ചും!!

മാനവികതയുടെ മഹത്വമാര്‍ന്ന ഗായകന് ഷഷ്ടിപൂര്‍ത്തിയും
ദീര്‍ഘായുസ്സും പ്രാര്‍ത്ഥനയോടെ നേരുന്നു!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2018, 16:53