തിരയുക

Vatican News
പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി  (AFP or licensors)

കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ഐക്യദാര്‍ഢ്യം

ഐക്യരാഷ്ട്രസഭ മലയാളക്കരയുടെ വേദനയില്‍ പങ്കുചേരുന്നു, ഗള്‍ഫ് രാജ്യങ്ങളും സഹായഹസ്തവുമായി ...

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മലയാളമക്കളെ കണ്ണീരിലാഴ്ത്തയിരിക്കുന്ന, കേരളത്തെ സങ്കടക്കടലാക്കിയിരിക്കുന്ന, ജലപ്രളയ-മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഐക്യരാഷ്ട്രസഭയുടെ മേധാവി, (സെക്രട്ടറി ജനറല്‍) അന്തൊണിയൊ ഗുട്ടേരെസ് ദുഃഖം രേഖപ്പെടുത്തി.

കേരളത്തില്‍ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ജലപ്രളയാവസ്ഥ ഐക്യരാഷ്ട്ര സഭ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് വേദനയുണ്ടെന്നും  സംഘനയുടെ വക്താവ് സ്റ്റീഫന്‍ ദുയാറിച്ച് വെളിപ്പെടുത്തി.

ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹായാഭ്യര്‍ത്ഥന ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ഇന്ത്യയ്ക്ക് നല്ലൊരു സംവിധാനംതന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏതാണ്ട് 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സ്റ്റീഫന്‍ ദുയാറിച്ച് അനുസ്മരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ സഹായവാഗ്ദാനം

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പ്രളയബാധിത മലയാളക്കരയ്ക്ക് താങ്ങാകുന്നു.

കേരളജനതയെ സഹായിക്കാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്നും അടിയന്തിര സഹായമേകാന്‍ ഒരു സമിതിക്ക് രൂപം നല്കിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ് ബുക്കിലൂടെ അറിയിച്ചതായി ദീപിക ദിനപ്പത്രം വെളിപ്പെടുത്തി.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ വിജയത്തിന് മലയാളികള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇപ്പോള്‍, കേരളജനതയെ സഹായിക്കാന്‍ തങ്ങള്‍ക്കുത്തരവാദിത്വമുണ്ടെന്ന് പറയുന്നു.

ഷാര്‍ജയും സഹായവുമായി.....

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 4 കോടി രൂപ ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് വാഗ്ദാനം നല്കിയിട്ടുണ്ടെന്നും ദീപികയില്‍ കാണുന്നു.

(കടപ്പാട് ദീപിക ഓണ്‍ലൈന്‍ ദിനപ്പത്രത്തോട്)

18 August 2018, 13:17