തിരയുക

ലോകത്തെ ഏറ്റവും മധുരമാര്‍ന്ന ശബ്ദം ലോകത്തെ ഏറ്റവും മധുരമാര്‍ന്ന ശബ്ദം 

സംഗീതത്തില്‍ ദൈവത്തെ ദര്‍ശിക്കുന്ന ഗായകന്‍ ബൊചേലി

“പാപ്പാ ഫ്രാന്‍സിസിന്‍റെയും കുടുംബങ്ങളുടെയും മുന്നില്‍ പാടാനുള്ള സന്തോഷത്തോടെയാണ് താന്‍ ഡബ്ലിനില്‍ പോകുന്നത്!” വിശ്വത്തര ഗായകന്‍ അന്ത്രയ ബൊചേലി വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തോട്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 14-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിന് റോമില്‍ നല്കിയ അഭിമുഖത്തിലാണ് തന്‍റെ വിശ്വാസത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. ആഗസ്റ്റ് 21-മുതല്‍ 26-വരെ അയര്‍ലണ്ടിലെ ഡബ്ളിന്‍ നഗരത്തില്‍ അരങ്ങേറുന്ന 10-Ɔമത് ആഗോള കുടുംബസംഗമത്തില്‍ ഗായകന്‍ ബൊചേലി പങ്കെടുക്കുന്നതിനെക്കുറിച്ചായിരുന്നു അഭിമുഖം.

കുടുംബങ്ങളുടെയും പാപ്പായുടെയും മുന്നില്‍ പാടാന്‍...
ആഗസ്റ്റ് 25-ന് ഡ്ബ്ലിന്‍ നഗരത്തിലെ ക്രോക് പാര്‍ക്ക് (Croke Park Stadium) സ്റ്റേഡിയത്തിലെ കുടുംബങ്ങളുടെ സംഗമത്തില്‍ 126 രാജ്യങ്ങളില്‍നിന്നും എത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെയും, ലോകത്തിന് സമാരാധ്യനായ പാപ്പാ ഫ്രാന്‍സിസിന്‍റെയും മുന്നില്‍ പാടുന്ന മുഹൂര്‍ത്തം തനിക്ക് ഏറ്റവും പ്രചോദനാത്മകമായ അനുഭവമായിരിക്കും.

കുടുംബങ്ങളെ കൂടുതല്‍ സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കും നയിക്കുന്ന ഈ മഹത്തായ ഉദ്യമത്തില്‍ പങ്കുചേരാന്‍ സാധിക്കുന്നതാണ് തന്‍റെ മനസ്സില്‍ ഉണര്‍ത്തുന്ന ആദ്യത്തെ ആനന്ദത്തിന്‍റെ അനുഭൂതി. രണ്ടാമത്തേത് ഇന്ന് ലോകത്തിന്‍റെ ആത്മീയ ചൈതന്യമായി നില്ക്കുന്ന, എന്നാല്‍ ഏറെ വിനീതഭാവവുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അവിടത്തെ സാന്നിദ്ധ്യാനുഭവവും തന്നില്‍ ഏറെ ആവേശം ഉണര്‍ത്തുന്നു. ഒപ്പം കുടുംബങ്ങളെ പ്രചോദിപ്പിക്കാനും സന്തോഷപൂര്‍ണ്ണമാക്കാനും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്വവുമാണ് തനിക്കുള്ളത്. ബൊചേലി അഭിമുഖത്തില്‍ പ്രസ്താവിച്ചു.

കുടുംബങ്ങള്‍ തരുന്ന പ്രോത്സാഹനം...
തന്‍റെ സംഗീതാനുഭവത്തിന്‍റെ നല്ല ഓര്‍മ്മകളുമായി കുടുംബങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മടങ്ങിപ്പോകണമെന്നുള്ള ആഗ്രഹം തന്നിലുള്ളതിനാല്‍ അതിന് ഇണങ്ങുന്ന വിധത്തില്‍ എല്ലായിപ്പോഴും ചെയ്യുന്നപോലെ ഇത്തവണയും താന്‍ നന്നായി ഒരുങ്ങുമെന്നും ബൊചേലി വ്യക്തമാക്കി. ക്രോക്ക് പാര്‍ക്കിന്‍റെ അത്യപൂര്‍വ്വവേദിയില്‍ തന്‍റെ കഴിവിന്‍റെ പരമാവധി നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ പരിശ്രമിക്കും. അതുവഴി അവിടെ സമ്മേളിക്കുന്ന ആയിരക്കണക്കിന് ശ്രേഷ്ഠമായ കുടുംബങ്ങളുടെ ഹൃദയത്തില്‍നിന്നും ഉയിരുന്ന നന്ദിയും സ്നേഹവും തനിക്കും ഏറെ പ്രോത്സാഹനജനകവുമാകുമെന്നും, സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള വ്യക്തിപരമായ നേട്ടത്തക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ബൊചേലി പങ്കുവച്ചു.

ദൈവത്തെക്കുറിച്ച്... 
മനുഷ്യന്‍റെ കഴിവുകളെല്ലാം ദൈവത്തിന്‍റെ ദാനമാണ്, സംശയമില്ല. ഈ ദാനമില്ലെങ്കില്‍ മനുഷ്യന് ഒന്നും ചെയ്യാനാകില്ല. അതിനാല്‍ ദൈവത്തിനു നാം നന്ദിപറയണം. ജീവതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താനുള്ള അന്വേഷണവും നിരന്തരമായ ശ്രമവുമാണ് വിശ്വാസം. അനുദിന വ്യഗ്രതകള്‍ക്കിടയില്‍ അല്പം ശാന്തമായി ‌ഇരുന്ന് ജീവതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചു ചിന്തിച്ചാല്‍ ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ നമുക്കു ലഭിക്കും. ബാല്യത്തിലേ  പൂര്‍ണ്ണമായും തന്‍റെ കാഴ്ച നഷ്ടമായെങ്കിലും  സംഗീതത്തില്‍ ഞാന്‍ ദൈവത്തെ കാണുന്നുണ്ട്, അനുഭവിക്കുന്നുമുണ്ട്. ബൊചേലി സാക്ഷ്യപ്പെടുത്തി. മനോഹരമായ ലോകമുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ അപരിമേയമായ ഒരു ശക്തിയുണ്ട്. ബൊചേലി ഉദാഹരിച്ചു പറഞ്ഞു. “പിയെത്ത”... എന്ന വത്തിക്കാനിലെ അത്യത്ഭുതമൂറുന്ന വെണ്ണിലാശില്പം പൊന്തിവന്നതല്ല. മൈക്കിളാഞ്ചലോ സൃഷ്ടിചെയ്തതാണ്. അതുപോലെ ഈ പ്രപഞ്ചത്തെയും അതിലെ സകലത്തിനെയും സൃഷ്ടിചെയ്ത വന്‍ശക്തിയാണ് ദൈവം. അതിനാല്‍ സ്രഷ്ടാവായ ദൈവത്തെ മനുഷ്യന്‍ ​അംഗീകരിക്കുക മാത്രമല്ല, അവിടുത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അത് മറ്റു മനുഷ്യരുമായുള്ള ഈ ഭൂമിയിലെ ജീവിതത്തില്‍ സ്നേഹമായും സഹാനുഭാവമായും പ്രതിഫലിപ്പിക്കേണ്ടതുമാണ്. ഇത് യുക്തിയുടെ പാതയാണെന്നും ബുദ്ധിയുള്ള ആരും അംഗീകരിക്കുന്നതാണെന്നും ബൊചേലി അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2018, 09:35