ഈന്‍ബ്രൂക്കിന്‍റെ മെത്രാന്‍ ഹെര്‍മന്‍ ഗ്ലെറ്റിയെര്‍ ഈന്‍ബ്രൂക്കിന്‍റെ മെത്രാന്‍ ഹെര്‍മന്‍ ഗ്ലെറ്റിയെര്‍ 

മാതൃകയാക്കാവുന്ന ഭവനനിര്‍മ്മാണ പദ്ധതി

ഓസ്ട്രിയയിലെ ഈന്‍സ്ബ്രൂക്ക് രൂപതയുടെ ഭവനിര്‍മ്മാണ പദ്ധതിയാണ് ഇവിടെ മാതൃകയായി ബിഷപ്പ് ഹെര്‍മന്‍ ഗ്ലറ്റിയെര്‍ അവതരിപ്പിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 29 ഈന്‍സ്ബ്രൂക്ക്
ഓസ്ട്രിയയിലെ പുരാതനമായ ഈന്‍സ്ബ്രൂക്ക് രൂപതയുടെ സാമൂഹ്യസേവന വിഭാഗം സ്ഥലത്തെ സന്ന്യാസസമൂഹങ്ങളോടു ചേര്‍ന്നാണ് സവിശേഷമായ ഭവനനിര്‍മ്മാ പദ്ധതിക്ക് (Social Housing Projects) തുടക്കമിട്ടത്. 

കുടുംബങ്ങള്‍ക്കു തുണയായ്...! 
സഭയുടെ ഭൂസ്വത്തില്‍ ഭവനങ്ങള്‍ പണിതീര്‍ത്ത് ചുരുങ്ങിയ മാസവാടകയ്ക്ക് പാവങ്ങളും സാധാരണക്കാരുമായ കുടുംബങ്ങള്‍ക്കു നല്കുന്ന സംവിധാനമാണിത്. 2010-ലുള്ള പദ്ധതിയുടെ ഭാഗമായി 700 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്കി. കുറെ രൂപതയുടെയും പിന്നെയും കുറെ ഇടവകകളുടെയും ഭൂസ്വത്തില്‍ പണിതീര്‍ത്ത് കരാറുപ്രകാരം കുടുംബങ്ങള്‍ക്കു നല്കിയിട്ടുള്ളത് വിജയകരമായ സാക്ഷ്യമായി ഇന്നും നിലനില്ക്കുന്നു. ആഗസ്റ്റ് 29-ന് പുറത്തുവിട്ട ഈന്‍സ്ബ്രൂക്ക് രൂപതയുടെ പ്രസ്താവനയാണ് ഭവനപദ്ധതിയുടെ മാതൃക പങ്കുവയ്ക്കുന്നത്.

പുനരധിവാസ ഭവനങ്ങള്‍
ഈന്‍സ്ബ്രൂക്ക് രൂപത നഗരത്തിലെ വ്യവസായികളുടെ സംഘടയോടു കൈകോര്‍ത്ത് ലാഭം നോക്കാതെ, പ്രതിസന്ധികളില്‍പ്പെട്ടവരെ സഹായിക്കുന്ന വിധത്തില്‍ ചെയ്യുന്ന മറ്റൊരു പദ്ധതിയെ സ്ഥലത്തെ ബെനഡിക്ടൈന്‍ ആബി, ഊര്‍സുലൈന്‍ സഭ എന്നിവര്‍ പിന്‍താങ്ങുന്നതാണ്. ഈന്‍സ്ബ്രൂക്കിന്‍റെ ഇപ്പോഴത്തെ മെത്രാന്‍ ഹെര്‍മന്‍ ഗ്ലറ്റിയെര്‍ വിഭാവനംചെയ്ത പുതിയ ഭവനനിര്‍മ്മാണ പദ്ധതി, സഭയുടെ കാരിത്താസ് ഉപവി പ്രസ്ഥാനത്തോടു കൈകോര്‍ത്താണ് മുന്നോട്ടു പോകുന്നത്. സമൂഹത്തില്‍ പ്രത്യേക ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ ലക്ഷ്യമാക്കിയാണത്. അംഗവൈകല്യമുള്ളവര്‍ക്കും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തില്‍നിന്നും മോചിതരായവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന നിര്‍മ്മിതിയാണിത്.

നേരും നെറിവുമുള്ള കരാറുകള്‍
സാമ്പത്തികമായ സുതാര്യതയും, നല്കുന്നവരും സ്വീകരിക്കുന്നവരും തമ്മിലുള്ള കരാറുകളുടെ വ്യക്തതയും സംരക്ഷിച്ചുകൊണ്ട് സാമൂഹിക നിയമങ്ങള്‍ക്കനുസൃതമായി ഭവനപദ്ധതികള്‍ കൈകാര്യംചെയ്യാന്‍ ജനങ്ങളെ പരിശീലിപ്പിച്ചാല്‍ ഇവ വന്‍വിജയമാക്കാവുന്ന മാതൃകയാണെന്ന് ബിഷപ്പ് ഹെര്‍മന്‍ ഗ്ലറ്റിയെര്‍ സാക്ഷ്യപ്പെടുത്തി.

ലാഭേച്ഛയാവരുത് ലക്ഷ്യം
രൂപതകളും ഇടവകകളും പലയിടങ്ങളിലും ഹാളുകളും ഷോപ്പിങ് കോപ്ലെക്സുകളും ചെറുതും വലുതുമായി നിര്‍മ്മിച്ച് വാടകയ്ക്കു നല്കുന്ന രീതി ഇന്ത്യപോലുള്ള പല രാജ്യങ്ങളിലും നിലനില്ക്കെ, ജനങ്ങളുടെ സാമൂഹികജീവിത ബദ്ധപ്പാടുകളെ ലഘൂകരിക്കും വിധം ഭവനനിര്‍മ്മാണ പദ്ധതികള്‍ ലാഭം ലക്ഷ്യംവയ്ക്കാതെ, കാര്യക്ഷമമായി ചെയ്യുകയാണെങ്കില്‍ വിജയിക്കുമെന്നും ബിഷപ്പ് ഹെര്‍മന്‍ ഗ്ലറ്റിയെര്‍ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2018, 12:04