തിരയുക

നിക്കരാഗ്വയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഒന്ന്,31/07/18 നിക്കരാഗ്വയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഒന്ന്,31/07/18 

അടിച്ചമര്‍ത്തല്‍ നടപടികള്‍ അവസാനിപ്പിക്കുക

സമാധാനപരമായ പ്രകടനങ്ങള്‍ അടിച്ചമര്‍ത്തുന്ന നടപടിയില്‍ നിന്നു പിന്മാറുക, ജര്‍മ്മനിയിലെ മെത്രാന്മാര്‍ നിക്കരാഗ്വയുടെ പ്രസിഡന്‍റിനോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മദ്ധ്യഅമേരിക്കന്‍ നാടായ നിക്കരാഗ്വയില്‍ തുടരുന്ന പ്രക്ഷോഭണം അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ ജര്‍മ്മനിയിലെ കത്തോലിക്കാമെത്രാന്മാര്‍ നിക്കരാഗ്വയുടെ പ്രസിഡന്‍റ് ദാനിയേല്‍ ഒര്‍ത്തേഗയോട് ആവശ്യപ്പെടുന്നു.

പ്രസിഡന്‍റ് ദാനിയേല്‍ ഒര്‍ത്തേഗയുടെ സാമൂഹ്യസുരക്ഷാ നിയമഭേദഗതിക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാരംഭിച്ച ജനകീയപ്രക്ഷോഭണത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അന്നാട്ടില്‍ രക്തച്ചൊരിച്ചിലിനും കൊലപാതകങ്ങള്‍ക്കും കാരണമായിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ജര്‍മ്മനിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സ് ഒപ്പിട്ടയച്ച കത്തിലാണ് ഈ ആഹ്വാനം ഉള്ളത്.

നിക്കരാഗ്വായില്‍ അതിക്രമങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സമധാനപരമായ പ്രകടനം നടത്തുന്നവര്‍ അറസ്റ്റുചെയ്യപ്പെടുകയും പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകപോലും ചെയ്യുന്നുണ്ടെന്നും മെത്രാന്മാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‍റെ മറപിടിച്ചാണ് സര്‍ക്കാര്‍ ഈ അടിച്ചമര്‍ത്തല്‍ നടപടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തുന്നു.

39 വര്‍ഷം മുമ്പ്  നിക്കരാഗ്വയുടെ പ്രസിഡന്‍റായിരുന്ന അനസ്താസിയൊ സൊമോത്സ ദെബയേലിന്‍റെ സ്വേച്ഛാധിപത്യഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭണത്തില്‍ ദാനിയേല്‍ ഒര്‍ത്തേഗ പങ്കെടുത്തതിനെക്കുറിച്ചു കത്തില്‍ സൂചിപ്പിച്ചുകൊണ്ട് മെത്രാന്മാര്‍ നിക്കരാഗ്വയില ജനങ്ങള്‍, ഇന്നും, സമാധനപൂര്‍ണ്ണമായ ജീവിതമാണ്  അഭിലഷിക്കുന്നതെന്നു വ്യക്തമാക്കുന്നു.

ആകയാല്‍ സമാധാനത്തിന്‍റെ കൊടികാട്ടാനും സംഭാഷണത്തിന്‍റെ പാതയിലേക്കു മടങ്ങാനും മെത്രാന്മാര്‍  പ്രസിഡന്‍റ് ഒര്‍ത്തേഗയോട് അഭ്യര്‍ത്ഥിക്കുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2018, 08:14