തിരയുക

റോമിലെ യുവജന സംഗമത്തില്‍നിന്ന് റോമിലെ യുവജന സംഗമത്തില്‍നിന്ന് 

ഭയപ്പെടരുതെന്ന് യുവജനങ്ങളോട്...! പാപ്പാ ഫ്രാന്‍സിസ്

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച 2018-ലെ ആഗോള യുവജനദിന സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്തുനിന്നും അടര്‍ത്തിയെടുത്ത ചിന്താമലരുകള്‍!
Pope Francis' message to youth 2018 Part 2

1. ലോകയുവജനോത്സവത്തിന് ഒരുങ്ങാം
തെക്കേ അമേരിക്കയിലെ പനാമയില്‍ 2019 ജനുവരിയില്‍ സംഗമിക്കാന്‍ പോകുന്ന ലോക യുവജനോത്സവത്തിന് ഒരുക്കമാണ്, ഈ വര്‍ഷം 2018–ല്‍ ആഗോളസഭ ആചരിക്കുന്ന യുവജനദിനമെന്ന് പറയേണ്ടതില്ലല്ലോ! യുവജനങ്ങളുടെ ഈ രണ്ടു ശ്രദ്ധേയമായ സംഭവങ്ങള്‍ക്കിടയില്‍ ആഗോളസഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനം 2018-ഒക്ടോബറില്‍ നടക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. “യുവജനങ്ങളുടെ വിശ്വാസവും അവരുടെ ജീവിത തിരഞ്ഞെടുപ്പുകളും” (Young people, their faith and vocational discernment) എന്നതാണ് ഈ സിനഡിന്‍റെ പ്രതിപാദ്യവിഷയം. അങ്ങനെ നോക്കുമ്പോള്‍  ഈ മൂന്നു ചരിത്രസംഭവങ്ങളില്‍ സന്തോഷമുള്ളതും ഫലപ്രദവുമായ ഒരു സന്ധിചേരലും യാദൃശ്ചികതയുമാണ് നാം ഇവിടെ കാണേണ്ടത്. യുവജനങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് സഭയുടെ സൂക്ഷ്മദൃഷ്ടിയും പ്രാര്‍ത്ഥനയും ധ്യാനവും ഇത്തവണ യുവജനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്. കാരണം യുവതീയുവാക്കള്‍ ദൈവത്തിനെന്നപോലെ, സഭയ്ക്കും ലോകത്തിനും ഏറെ വിലപ്പെട്ടവരാണ്.

2. പരിശുദ്ധ കന്യാകാമറിയം
“നീ ഭയപ്പെടേണ്ട. നിന്നെ രൂപപ്പെടുത്തുകയും രക്ഷിക്കുകയും ഞാന്‍ പേരുചൊല്ലി വിളിവിളിക്കുകയും ചെയ്തു” (ഏശയ്യ 43 :1). ഭയപ്പെടേണ്ടെന്നു പ്രവാചകന്‍ പറയുന്നതിന്‍റെ ആദ്യകാരണം “ദൈവം എന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു,” എന്നതാണ്.  നസ്രത്തിലെ മറിയത്തെ ദൈവദുതന്‍ പേരു ചൊല്ലിയാണു വിളിച്ചത്.  പേരിടാനുള്ള ശക്തി ദൈവത്തിനുണ്ട്.  സൃഷ്ടികര്‍മ്മത്തില്‍ ഓരോ ജീവജാലത്തിനും അവിടുന്ന് അസ്ഥിത്വം നല്കുന്നത് പേരിട്ടുകൊണ്ടാണ്.  “വെളിച്ചമുണ്ടാകട്ടെ…!” ദൈവം അരുള്‍ചെയ്തു.  വെളിച്ചത്തെ അവിടുന്ന് ഇരുട്ടില്‍നിന്നും വേര്‍തിരിച്ചു. എന്നിട്ടു വെളിച്ചത്തിനു പകലെന്നും ഇരുട്ടിനു രാത്രിയെന്നും പേരിട്ടു (ഉല്പത്തി 3 : 4). ഓരോ പേരിനു പിന്നിലും തനിമയുള്ള ഒരു വ്യക്തിയാണ്. ഏറ്റവും അന്യൂനമാണ്, അതുല്യമാണ് ഓരോ മനുഷ്യനും, ഓരോ ജീവജാലവും. 
വ്യക്തിയുടെ ഈ ഏകതാനതയ്ക്കു പിന്നിലെ സൂക്ഷ്മവും അഭൗമവും അഭേദ്യവുമായ സത്തയെക്കുറിച്ച് ദൈവത്തിനു മാത്രമേ അറിയാവൂ.

4. നമ്മെയും വിളിക്കുന്ന ദൈവം
പക്ഷിമൃഗാദികള്‍ക്കും ജീവജാലങ്ങള്‍ക്കും അസ്തിത്വം നല്കിയ ദൈവം തന്‍റെ മുന്‍നിശ്ചയവും പദ്ധതിയും ആദ്യം മനുഷ്യനുമായി പങ്കുവച്ചു (ഉല്പത്തി 2: 19-21സ 4:1). ധാരാളം സംസ്ക്കാരങ്ങള്‍ ബൈബിളിലെ ഗഹനമായ ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നുണ്ട്.  മാത്രമല്ല, ജീവന്‍റെയും അസ്തിത്വത്തിന്‍റെയും സ്രോതസ്സായി ദൈവത്തെ സകലരും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ദൈവം ഒരാളെ പേരുചൊല്ലി വിളിക്കുമ്പോള്‍  അയാളുടെ വിളിയും  വിശുദ്ധിയുടെ ജീവിതവും ജീവിത സാഫല്യവും ദൈവം വ്യക്തിക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. അതിനാല്‍ അന്യൂനമായ വിധത്തില്‍ വ്യക്തി തന്‍റെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് നന്മയുടെ സമ്മാനമായി മാറണം. ഉദാഹരണത്തിന് അപ്പസ്തോല പ്രമുഖന്‍, പത്രോസിന്‍റെ പേര് “സൈമണ്‍ പീറ്റര്‍” എന്ന് രൂപപ്പെട്ടപോലെ ജീവിത ചക്രവാളങ്ങള്‍ വിപുലീകരിക്കപ്പെടുമ്പോള്‍ ദൈവംതന്നെ ആ വ്യക്തിക്ക് പുതിയ പേരും നല്കപ്പെടുന്നു. ദൈവം നമ്മെ കൈപിടിച്ചുയര്‍ത്തുന്നു, വളര്‍ത്തുന്നു!

5. വിളിയുടെ ഉള്‍പ്പൊരുള്‍
സന്ന്യാസത്തിലോ പൗരോഹിത്യത്തിലോ പ്രവേശിക്കുന്നവര്‍ പുതിയ പേരു സ്വീകരിക്കുന്ന രീതി ഇതില്‍നിന്നാണ് നിലവില്‍ വന്നത്. അത് വ്യക്തിയുടെ ജീവിതത്തിലെ പുതിയ സ്ഥാനവും ദൗത്യവും വെളിപ്പെടുത്തുന്നു. ദൈവം നല്കുന്ന വിളി തനിമയാര്‍ന്നതും വ്യക്തിഗതവുമാകയാല്‍ നിശ്ചിതഘടനകളാല്‍ രൂപപ്പെടുത്തുന്നതിനുള്ള ധൈര്യം വ്യക്തിക്ക് ആവശ്യമാണ്. അതുവഴി നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും സഭയ്ക്കും സകലര്‍ക്കുമുള്ള സത്യവും യഥാര്‍ത്ഥവും പകരംവയ്ക്കാനാവാത്തതുമായ സമ്മാനമായി മാറുന്നു. പേരുചൊല്ലി വിളിച്ചു എന്നു പറയുന്നത് നമുക്കു ലഭിക്കുന്ന ദൈവികാന്തസ്സിന്‍റെയും ദൈവസ്നേഹത്തിന്‍റെയും അടയാളമാണ്. നമ്മെ ഓരോരുത്തരെയും ദൈവം പേരു ചൊല്ലി വിളിച്ചു. നാം ഒരോരുത്തരും അതിനാല്‍ ദൈവത്തിന്‍റേതാണ്, ദൈവദൃഷ്ടിയില്‍ വിലപ്പെട്ടവരാണ്, നാം സ്നേഹാദരങ്ങള്‍ക്ക് സദാ യോഗ്യരുമാണ് (ഏശയ്യാ 43 :4). അതിനാല്‍ ജീവിത തിരഞ്ഞെടുപ്പിനായി നമ്മോടുള്ള ഈ ദൈവിക അഭ്യര്‍ത്ഥനയും പേരുവിളിയും ഹൃദയപൂര്‍വ്വം നമുക്കെന്നും സ്വാഗതം ചെയ്യാം (ഏശയ്യ:43:11).

6. “കൃപ” കണ്ടെത്തുന്നവര്‍
ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതിനാലാണ് മറിയം ജീവിതത്തില്‍ ഭയപ്പെടാതിരുന്നത്. “കൃപ” എന്നാല്‍ നിരുപാധികം നമുക്കായി ദൈവം നല്കുന്ന സ്നേഹമാണ്, അവിടുത്തെ സ്നേഹമാണ്. അത് ഒരാള്‍ അര്‍ഹിക്കുന്നതാകണമെന്നില്ല. ദൈവകൃപയും അവിടുത്തെ അനുഗ്രഹ സാമീപ്യവും സാന്നിധ്യവും ജീവിതദൗത്യവും കഴിവുകളും നാം കുറിച്ചു കൊടുത്ത്, എഴുതിക്കൊടുത്ത് നേടിയെടുക്കുന്നതല്ല. ദൈവദൂതന്‍ മറിയത്തെ അറിയിച്ചത് അവള്‍ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഭാവിയില്‍ കൃപ കണ്ടെത്തുമെന്നല്ല, ഇപ്പോള്‍ ദൈവകൃപ ഉള്ളവളായിരിക്കുന്നുവെന്നാണ്. ദൈവകൃപ അന്യൂനമാണെന്നും, അത് താല്ക്കാലികമോ, കടന്നുപോകുന്നതോ അല്ലെന്നുമാണ് ദൈവദൂതന്‍റെ ഈ അഭിവാദ്യശൈലി വ്യക്തമാക്കുന്നത്. അത് ഒരിക്കലും നിന്നുപോകില്ല, അറ്റുപോകില്ല. ജീവിതത്തിന്‍റെ വര്‍ത്തമാനത്തിലും ഭാവിയിലും, ഇരുട്ടിലും വ്യഥകളുടെ നടുവിലും അത് നമ്മോടൊപ്പം ഉണ്ടായിരിക്കും.

7. ശിഷ്യത്വത്തിന്‍റെ അപര്യാപ്തതയും ദൈവകൃപയും
ജീവിതദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കാനും അതില്‍ മുന്നേറാനും ദൈവകൃപയുടെ നിറഞ്ഞ സാന്നിധ്യമാണ് നമുക്ക് സഹായകമാകുന്നത്. അതുപോലെ നമ്മുടെ ജീവിത തിരെഞ്ഞടുപ്പ് അനുദിനം നവീകരിക്കപ്പെടേണ്ടതാണ്. അത് ഏറെ സമര്‍പ്പണവും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ട്. സമര്‍പ്പണത്തിന്‍റെ പാതയില്‍ കുരിശുകള്‍ തീര്‍ച്ചയാണ്. അവ ജീവിതത്തിന്‍റെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന സംശയങ്ങള്‍  മാത്രമല്ല, അതില്‍ മുന്നേറുമ്പോഴും മാര്‍ഗ്ഗമധ്യേയും എന്തെല്ലാം ചെറുതും വലുതുമായ പ്രതിസന്ധികളാണ് കടന്നുവരുന്നത്. ഈ അപര്യാപ്തതയുടെ വികാരം ക്രിസ്തുശിഷ്യന്‍റെയോ ശിഷ്യയുടേയോ ജീവിതത്തില്‍ അവസാനംവരെ തുടരുകയും ചെയ്യുന്നു. എങ്കിലും അവനും അവള്‍ക്കും നമുക്കോരോരുത്തര്‍ക്കും അവസാനം ദൈവകൃപയുടെ നിലയ്ക്കാത്ത സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാനും ജീവിതത്തില്‍ ഇടവരുന്നു.

8. കൃപയും തിരഞ്ഞെടുപ്പിന്‍റെ ഏകാന്തതയും
മറിയത്തിന്‍റെ ജീവിതത്തിലേതുപോലെ ദൈവവചനം നമ്മില്‍ ആവസിക്കുമ്പോള്‍ മാനുഷികമായ ഭീതി നമ്മില്‍നിന്നും അലിഞ്ഞു മാറുന്നു. കാരണം, നാം ദൈവത്തിന്‍റെ സൃഷ്ടിയാണ്, നാം വചനത്തിന്‍റെ സന്ദേശവാഹകരാണ്. നമ്മുടെ ജീവിതങ്ങള്‍ വെറുതെ ഉന്തിത്തള്ളി നീക്കേണ്ട അവസരങ്ങളല്ല, മറിച്ച് ദൈവസ്നേഹത്താല്‍ മെനഞ്ഞെടുക്കപ്പെടേണ്ടതും രൂപപ്പെടുത്തേണ്ടതുമായ സമ്പൂര്‍ണ്ണവും ശ്രേഷ്ഠവുമായ വ്യക്തിത്വങ്ങളാണ്. ചുരുക്കത്തില്‍ ദൈവദൃഷ്ടിയില്‍ മറിയത്തെപ്പോലെ നാമും കൃപ കണ്ടെത്തിയവരാണ്. അതായത് നമ്മുടെ അസ്തിത്വത്തിന് ദൈവത്തിന്‍റെ മഹത്തരമായ പദ്ധതിയില്‍ അന്യൂനമായ, സമാനതകളില്ലാത്ത മറ്റാര്‍ക്കും ഇല്ലാത്ത ഒരു സ്ഥാനമുണ്ട്, മനോഹാരിതയുമുണ്ട്.

നമുക്കായി ദൈവത്തിനു ഒരു നിശ്ചിത പദ്ധതിയുണ്ട് എന്ന വസ്തുത ഒരു കാരണത്താലും നമ്മുടെ ജീവിത പ്രശ്നങ്ങളെ കുറയ്ക്കുകയോ അനിശ്ചിതത്വങ്ങള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ അവ നമ്മുടെ ജീവിതങ്ങളെ ആഴമായി രൂപാന്തരപ്പെടുത്താന്‍ സഹായിക്കുന്നു. നാം നേരിടേണ്ട ഭാവിയുടെ അനിശ്ചിതത്വങ്ങളെ ഒരിക്കലും ജീവിതത്തിന്‍റെ ഇരുണ്ട ഭീഷണിയായി കാണരുത്, മറിച്ച് അവ നമ്മുടെ വ്യക്തി തിരഞ്ഞെടുപ്പിന്‍റെ ഏകാന്തത ജീവിച്ചു തീര്‍ക്കാനും സഹോദരങ്ങളുമായി സഭയിലും ലോകത്തും പങ്കുവയ്ക്കാനുമുള്ള സ്വീകാര്യമായ ദൈവിക പദ്ധതികളാണ്.

9.  ധൈര്യമുള്‍ക്കൊള്ളാം!
ദൈവകൃപ നമ്മോട് ഒപ്പമുണ്ടെന്ന ഉറപ്പില്‍നിന്നാണ് സമകാലിക ജീവിതത്തിന്‍റെ ആത്മധൈര്യവും ഇന്നിന്‍റെ ജീവിത വ്യഗ്രതകളെ ധൈര്യത്തോടെ നേരിടാനുള്ള കരുത്തും നമുക്ക് ലഭിക്കുന്നത്.  ഇന്ന്... ഇവിടെ..., ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവം               നമ്മോട് ആവശ്യപ്പെടുന്നത് എന്തു നന്മയും ചെയ്യാനുള്ള കരുത്താണ്.  ദൈവം വെളിപ്പെടുത്തി തന്ന ജീവിതാന്തസ്സ് ആശ്ലേഷിക്കാനുള്ള കരുത്താണത്.  കൂടാതെ ഒളിവോ മറവോ കൂടാതെ വിശ്വാസം ബോധ്യത്തോടെ ജീവിക്കാനും പ്രഘോഷിക്കാനുമുള്ള ധൈര്യവുമാണത്. ദൈവകൃപയോട് നാം തുറവുകാണിക്കുമ്പോള്‍ നമുക്ക് അസാദ്ധ്യമായത്, ദൈവം സാദ്ധ്യമാക്കിത്തീര്‍ക്കുന്നു, സാദ്ധ്യമാക്കി തരുന്നു.   “ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും” (റോമ.8 :31). ദൈവകൃപ നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സ്പര്‍ശിക്കുകയും നാം ആയിരിക്കുന്ന അവസ്ഥയില്‍ ഭീതിയോടും പരിമിതികളോടുംകൂടെ ജീവിക്കുന്ന നമ്മെ അത് ഗ്രസിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയിലൂടെ ദൈവം തന്‍റെ അത്ഭുതാവഹമായ പദ്ധതികള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പാപ്പായ്ക്കും സഭയ്ക്കും യുവജനങ്ങളില്‍ ഏറെ വിശ്വസമുണ്ടെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. അതിനാല്‍ മറുഭാഗത്ത് യുവജനങ്ങളും സഭയോട് വിശ്വസ്തരായിരിക്കണം.

നസ്രത്തിലെ മറിയത്തിന് ദൈവം പ്രത്യേക ദൗത്യം നല്കാന്‍ കാരണം അവള്‍ യുവതിയായിരുന്നു. ജീവിതത്തിന്‍റെ ഈ പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ യുവജനങ്ങള്‍ക്ക് എന്തും നന്നായി ചെയ്യാനുള്ള കരുത്തു ലഭിക്കുന്നു. ഈ ഊര്‍ജ്ജവും ശക്തിയും ചുറ്റുമുള്ള ലോകത്തും നിങ്ങളുടെ കയ്യെത്താദൂരത്തും നന്മചെയ്യാന്‍ ഉപകാരപ്പെടുത്തണം. സഭയിലെ പല ഉത്തരവാദിത്വങ്ങളും യുവജനങ്ങളെ ഏല്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് എടുത്തു പറയുന്നുണ്ട്. എന്നാല്‍ അതിന് ഇടമുണ്ടാക്കാനുള്ള ധൈര്യം സഭാമക്കള്‍ക്കുണ്ടാകണം. മാത്രമല്ല യുവജനങ്ങള്‍ അതിനായി ഒരുങ്ങുകയും വേണം.

8. സ്നേഹക്കാനുള്ള കരുത്ത്
പരിശുദ്ധ മറിയത്തിന്‍റെ കരുത്തുള്ളതും സജീവവും യഥാര്‍ത്ഥവുമായ സ്നേഹത്തെക്കുറിച്ചു ധ്യാനിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. അത് സ്വയാര്‍പ്പണത്തിന്‍റെ നിശ്ചയദാര്‍ഢ്യമുള്ള സ്നേഹമാണ്. ഇങ്ങനെയുള്ള മരിയന്‍ പുണ്യങ്ങള്‍ ചൂഴ്ന്നിറങ്ങിയ സഭയ്ക്കു മാത്രമേ വളരാനും, പരിമിതികള്‍ മറികടന്ന് അതിരുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പാവങ്ങളും  പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി തങ്ങള്‍ സ്വീകരിച്ച കൃപാതിരേകം പങ്കുവയ്ക്കാനും സാധിക്കൂ. മറിയത്തിന്‍റെ മാതൃകയില്‍ നാം പ്രചോദിതരായാല്‍ സര്‍വ്വോപരി ദൈവത്തേയും അതുപോലെ അനുദിന ജീവിതത്തിന്‍റെ പങ്കാളികളാകേണ്ട സഹോദരങ്ങളെയും ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥമായ ഉപവിയില്‍ ജീവിക്കാന്‍ ഇടയാകും. മാത്രമല്ല സ്നേഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരെപ്പോലും സ്നേഹിക്കാന്‍ പരിശുദ്ധ കന്യകാനാഥയുടെ മാതൃക പ്രചോദനമാകും. അത് സര്‍വ്വോപരി ബലഹീനരോടും പാവങ്ങളോടുമുള്ള ശുശ്രൂഷയും സമര്‍പ്പണവുമാണ്.  അത് നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും ആത്മീയാനന്ദത്താല്‍ നിറയ്ക്കുകയും ചെയ്യും.  വിശുദ്ധ ബര്‍ണാര്‍ഡിന്‍റെ വിഖ്യാതമായ പ്രഭാഷണത്തില്‍നിന്നും  മംഗലവാര്‍ത്തയുടെ ദിവ്യരഹസ്യങ്ങളെ സംബന്ധിച്ച മനോഹരമായ ചിന്തകള്‍ അടര്‍ത്തി എടുക്കാവുന്നതാണ്. ആ വാക്കുകളില്‍ സകല മാനവകുലത്തിന്‍റെയും ആശങ്കയും പ്രത്യാശയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

വിളിക്ക് ഒരു മറുപടി അനിവാര്യം! 
ഓ കന്യകേ, മാനുഷികമായല്ല ദൈവാത്മാവിന്‍റെ ശക്തിയാല്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന് അങ്ങ് അറിഞ്ഞുവല്ലോ! ദൈവദൂതന്‍ അങ്ങില്‍നിന്നും മറുപടി പ്രതീക്ഷിച്ചു. അതുപോലെ, ജീവിത വിളിയോട് പ്രത്യുത്തരിക്കാന്‍ കന്യകാ മാതാവേ, അങ്ങേ കരുണാകടാക്ഷത്തിനായി ഞങ്ങള്‍ കാതോര്‍ക്കുന്നു.  ഹ്രസ്വവും ലളിതവുമായ അങ്ങേ വാക്കുകളാല്‍ പ്രചോദിതരായി ജീവിക്കാനും ജീവിതത്തില്‍ മുന്നേറാനും അമ്മേ, ഇടയാക്കണമേ!. പ്രത്യാശയോടെ അങ്ങേ സന്നിധി ചേരുന്ന സകല മാനവകുലത്തെയും തുണയ്ക്കണമേ! അങ്ങില്‍ ശരണപ്പെടുന്ന ഞങ്ങളുടെ യാചന എത്രയും വേഗം അമ്മേ, അങ്ങു ശ്രവിക്കണമേ!
(പ്രഭാഷണം 4 : 8-9).

ജീവിതത്തിലെ അന്യൂനമായ വിളിയോടുള്ള അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനോടുള്ള യുവജനങ്ങളുടെ ഓരോരുത്തരുടേയും പ്രതികരണം ദൈവം ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്ന ചിന്തയാല്‍, സഭയും ലോകവും നിങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പനാമയിലെ ലോക യുവജനോത്സവം അടുത്തുവരികയാണല്ലോ (22-27 ജനുവരി 2019). സന്തോഷത്തോടും ഉത്സാഹത്തോടും, ധീരമായ വെല്ലുവിളിയോടുംകൂടെ അതിന് ഒരുങ്ങാന്‍ ഏവരെയും ക്ഷണിക്കുന്നു. ധീരര്‍ക്കുള്ളതാണ് യുവജനോത്സവങ്ങള്‍..., സുഖസൗകര്യങ്ങള്‍ അന്വേഷിക്കുകയും പ്രതിസന്ധികളുണ്ടാകുമ്പോള്‍ പിന്മാറുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല... ആഗോള യുവജനോത്സവം! ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള യുവജനങ്ങള്‍ ഈ വെല്ലുവിളി സ്വീകരിക്കുമെന്ന പ്രതീക്ഷയും പ്രത്യാശയും പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിക്കുന്നത്!!

Ps :  ആദ്യഭാഗവും ശബ്ദരേഖയോടെ ഉടനെ പ്രസിദ്ധപ്പെടുത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2018, 10:29