തിരയുക

Vatican News
TOPSHOT-SKOREA-NKOREA-POLITICS-SUMMIT TOPSHOT-SKOREA-NKOREA-POLITICS-SUMMIT  (AFP or licensors)

വിശ്വശാന്തിക്കായി വ്യക്തികള്‍ പരിശ്രമിക്കണം : യുഎന്‍ മേധാവി

യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റെണി ഗുത്തിയരസിന്‍റെ സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

സമാധാനത്തിനായി നാം ഓരോരുത്തരം പരിശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജെനറല്‍, ആന്‍റെണി ഗുത്തിയരസ് അഭ്യര്‍ത്ഥിച്ചു. തന്‍റെ പുതുവത്സര സന്ദേശത്തിലാണ് ഗുത്തിയരസ് സമാധാന അഭ്യര്‍ത്ഥന വ്യക്തികളോടും രാഷ്ട്രങ്ങളോടും നടത്തിയത്. ലോകമിന്ന് അസമാധാനത്തിന്‍റെ വഴികളിലേയ്ക്കാണ് നീങ്ങുന്നത്. തന്‍റെ സേവനത്തിന്‍റെ ഒരു വര്‍ഷക്കാലം ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് അസ്ഥാനത്തിരുന്ന് വിലയിരുത്തുമ്പോള്‍ സമാധാനത്തിന്‍റെ പാതയില്‍ ലോകം പിന്നോട്ടാണ് ചരിക്കുന്നതെന്നും, നമുക്കു ചുറ്റും കലാപങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ച് കലുഷിതമാകുന്ന അന്തരീക്ഷമാണ് അനുഭവവേദ്യമാകുന്നതെന്നും ഗുത്തിയരസ് സന്ദേശത്തില്‍ വിലയിരുത്തി.

പൂര്‍വ്വോപരി ശക്തമായ ആണവായുധങ്ങളുടെ ഭീഷണി, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ കെടുതികള്‍, മനുഷ്യാവകാശങ്ങളുടെ ലംഘനം, വര്‍ദ്ധിച്ചുവരുന്ന അസമത്വം, ഇനിയും തലപൊക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ഭീദിതവും ആശങ്കാജനകവുമാണെന്ന് ഗുത്തിയരസ് ചൂണ്ടിക്കാട്ടി. നിഷേധാത്മകവും ഭീതിപ്പെടുത്തുന്നതുമാണ് ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയും സമാധാനനിലയും. എന്നിരുന്നാലും പ്രത്യാശ കൈവെടിയരുതെന്നും, കൂടുതല്‍ സുരക്ഷയുള്ളൊരു ലോകത്തിനായി വ്യക്തികളും സമൂഹങ്ങളും കുടുംബങ്ങളും പരിശ്രമിക്കേണ്ടതാണ്. സംഘട്ടനങ്ങള്‍ ഇല്ലാതാക്കാം, വിദ്വേഷം മറികടക്കാം, മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സത്യസന്ധമായി പരിശ്രമിക്കാം! അങ്ങനെ സമാധാനപൂര്‍ണ്ണമായൊരു നവലോകം വളര്‍ത്താന്‍ നാം ഓരോരുത്തരും തയ്യാറാകണം! സെക്രട്ടറി ജനറല്‍ ആന്‍റെണി ഗുത്തിയരസ് സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

ഉത്തരവാദിത്വം ഓരോരുത്തരുടേതുമാണ്. വ്യക്തിജീവിതത്തില്‍ നന്മയും സമാധാനവും വളര്‍ത്താനായാല്‍, നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും യുദ്ധം അവസാനിപ്പിച്ചാല്‍, യുദ്ധം ഇല്ലാതാക്കാന്‍ സാധിച്ചാല്‍ നമുക്ക് സമൂഹത്തില്‍ സമാധാനത്തിന്‍റെ പ്രയോക്തക്കളാകാമെന്ന് ഗുത്തിയരസ് ഉദ്ബോധിപ്പിച്ചു.

15 July 2018, 20:42