FILES-ENTERTAINMENT-US-TELEVISION-AWARD-FILM-MUSIC FILES-ENTERTAINMENT-US-TELEVISION-AWARD-FILM-MUSIC 

ചലച്ചിത്രലോകത്ത് ക്രിസ്തുവിന്‍റെ മുഖകാന്തി

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ പ്രബന്ധത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ലോക സിനിമയ്ക്ക് ബൈബിള്‍ എന്നും പ്രചോദനമെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയൊ വിഗനോ പ്രസ്താവിച്ചു. ഫെബ്രുവരി 13-Ɔ൦ തിയതി മെക്സിക്കോയിലെ മോന്തെരീ യൂണിവേഴ്സിറ്റിയുടെ ദൃശ്യകലാ വിഭാഗത്തില്‍ അവതരിപ്പിച്ച, “സിനിമയില്‍ ക്രിസ്തുവിന്‍റെ മുഖപ്രസാദം – ചരിത്രം, അവതരണരീതി, ദൃശ്യബിംബങ്ങളുടെ ഉള്‍ക്കാഴ്ച” – എന്ന പ്രബന്ധത്തിലാണ് ലോകസിനിമയില്‍ ബൈബിളിന്‍റെയും ക്രിസ്തുവിന്‍റെയും സ്വാധീനത്തെക്കുറിച്ച് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കിയത്.

സിനിമയെന്ന മാധ്യമത്തിലെ പ്രാപഞ്ചിക ഘടകങ്ങളായ ഇരുളും വെളിച്ചവും ഇടകലര്‍ന്ന പ്രതലത്തിലൂടെ ചലിക്കുന്ന ആത്മീയബിംബങ്ങള്‍ ദൃശ്യാവിഷ്ക്കാരത്തിനും അപ്പുറമുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങാന്‍ ഏതു സംസ്ക്കാരത്തില്‍പ്പെട്ട പ്രേക്ഷകരെയും സഹായിക്കുന്നുണ്ട്. തന്‍റെ പ്രബന്ധത്തില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വിശദകരിച്ചു.

സിനിമയുടെ വ്യാഖ്യാന ലോകത്ത് അതിന്‍റെ ആരംഭം മുതല്ക്കേ ബൈബിള്‍ വിഷയങ്ങള്‍ സ്വഭാവികമായും ഇടംകണ്ടെത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. സിനിമയുടെ പ്രതലമായ അഭ്രപാളിയുടെ ഉപജ്ഞാതാക്കളായ അഗുസ്തേയും ലൂയി ലൂമിയെറും 1897-ല്‍ ക്രിസ്തുവിന്‍റെ പീഡാനുഭവ രംഗങ്ങള്‍ ആദ്യമായി ചിത്രീകരിച്ചത് ചരിത്രമാണ്. തുടര്‍ന്ന് 1907-ല്‍ ഫെര്‍ഡിനന്‍റ് സേക്ക നിര്‍മ്മിച്ച ക്രിസ്തുവിന്‍റെ ജീവിതവും പീ‍ഡാനുഭവവും പ്രശസ്തമാണ്. 1916-ലാണ് ഹോളിവുഡില്‍ ജൂലിയോ അന്‍റൊമോറൊ ക്രിസ്തു The Christ എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. 1927-ല്‍ സെസില്‍ ബി. ഡി മില്‍ സംവിധാനംചെയ്ത് ആവിഷ്ക്കരിച്ച The King of Kings രാജാക്കന്മാരുടെ രാജാവ്, ലോകശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ഹെന്‍റി കോസ്റ്ററുടെ The Robe ക്രിസ്തുവിന്‍റെ തയ്യലില്ലാത്ത മേലങ്കിയെക്കുറിച്ചുള്ള സിനിമ പുറത്തുവന്നു.

1957-ലാണ് ചാള്‍ട്ടന്‍ ഹെന്‍സ്റ്റണ്‍ മോശയായി വേഷമിട്ട് വിശ്വത്തര ചലച്ചിത്രം 10 കല്പനകള്‍, Ten Commandment പ്രേക്ഷകലോകത്തെ ആശ്ചര്യപ്പെടുത്തിയ സെസില്‍ ഡിമേല്‍ ചിത്രം പുറത്തുവന്നത്. 1964-ല്‍ പിയെര്‍ പാവുളോ പസ്സോളീന സംവിധാനം ചെയ്ത Gospel According to St. Mathew ആധുനിക സിനിമ നിര്‍മ്മാണ പഠനത്തിന് എല്ലാമേഖലയിലും മാതൃകയായി നില്ക്കുന്നു. 1966-ല്‍ ജോണ്‍ ഹുസ്റ്റണ്‍ നിര്‍മ്മിച്ച ബൈബിള്‍ The Bible ലോക ശ്രദ്ധ പിടിച്ചുപറ്റി. നോര്‍മന്‍ ജ്വീസണ്‍ 1973-ല്‍ നിര്‍മ്മിച്ച Jesus Christ Super Star ടിം ബ്രൈസ് ആന്‍ഡ്രൂവെബര്‍ എന്ന സംഗീത ജോഡിയുടെ ആധുനിക അമേരിക്കന്‍ സംഗീതശൈലിയുടെ ദൃശ്യാവിഷ്ക്കരണമായിരുന്നു. 1975-ല്‍ മിശിഹാ The Messiah എന്ന ചലച്ചിത്രം നിര്‍മ്മിച്ചത് Roberto Rosellini-യായിരുന്നു. 1977-ല്‍ 7 മണിക്കൂര്‍ നീണ്ട 14 ഭാഗങ്ങളുള്ള ക്രിസ്തുവിന്‍റെ വ്യക്തിത്വം സുവിശേഷാധിഷ്ഠിതമായി ചലച്ചാത്രാവിഷ്ക്കാരം ചെയ്യപ്പെട്ടു. ഫ്രാങ്കോ സെഫിറോല്ലിയാണി ഇതിന്‍റെ സംവിധായകന്‍. ബ്രിട്ടിഷ് നടന്‍ റോബെര്‍ട് പവ്വലിനെ ക്രിസ്തുവായി വേഷമിടിയിച്ചുകൊണ്ട് 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീരിയല്‍ ചിത്രം നിര്‍മ്മിച്ചത് സിനിമാ ലോകത്ത് ബൈബിള്‍ വിഷയങ്ങള്‍ക്കുള്ള ശക്തി സ്ഥിരീകരിക്കുന്ന വസ്തുതയായിരുന്നു. 1988-ല്‍ പുറത്തുവന്ന കസന്‍സാക്കീസിന്‍റെ നോവലിനെ ആസ്പദമാക്കിയ The Last Temptation of Jesus സംവിധാനംചെയ്തത് Martin Scorses-സായിരുന്നു.

ഹോളിവുഡിന്‍റെ വെള്ളിത്തിരയില്‍ തിളങ്ങിനിന്ന മെല്‍ഗിബ്സണ്‍ ലോകജനതയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് 2004-ല്‍ The Passion of the Christ ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ 12 മണിക്കൂറുകള്‍ ചിത്രീകരിച്ചത് കുരിശുമരണം ഉള്‍പ്പെടുന്ന കഠോരപീഡകളായിരുന്നു. 2006-ല്‍ കാതറീന്‍ ഹാര്‍ഡ് നിക്ക് തിരുപ്പിറവിയുടെ കഥകള്‍ The Nativity Story ചിത്രീകരിച്ചു. 2013-ല്‍ Christopher Spencer ദൈവപുത്രന്‍ The Son of God എന്ന ചിത്രം പുറത്തുകൊണ്ടുവന്നു. അങ്ങനെ തന്‍റെ പ്രഭാഷണത്തില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വചനത്തിന്‍റെയും ക്രിസ്തുവിന്‍റെയും പ്രഭനിറഞ്ഞ ഒരു ചലച്ചിത്ര ലോകത്തിന്‍റെ ചരിത്രം ദൈര്‍ഘ്യമുള്ളതെങ്കിലും ചിട്ടയുള്ള പ്രഭാഷണത്തില്‍ ചുരുളഴിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 20:25