തിരയുക

Vatican News
ഫാദര്‍ തദേവൂസ് അരവിന്ദത്ത് ഫാദര്‍ തദേവൂസ് അരവിന്ദത്ത് 

തദേവൂസച്ചന്‍ കുറിച്ച സുവിശേഷഗീതം : അഞ്ചപ്പവും രണ്ടുമീനും

സംഗീതം വയലിന്‍ ജേക്കബ് ആലാപനം മനീഷയും സംഘവും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗാനം - വന്നൂ... ആയിരങ്ങള്‍!

ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ ഗാനത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. സുവിശേഷഭാഗം സുപരിചിതമാണെങ്കിലും അച്ചന്‍റെ ആധുനിക കവിതയും വിനോദ് ജേക്കബിന്‍റെ ഈണവും  കേള്‍വിക്കാരെ പിടിച്ചിരുത്തും!  താളക്കൊഴുപ്പും ഉപകരണങ്ങളുടെ സുന്ദരനാദവും  
ഒരു നാടന്‍ശീല്‍ കോര്‍ത്തിണക്കയതാണ്  ഈ ഗാനത്തെ എന്നും നവമാക്കുന്നത്. നല്ലൊരു വിരുന്നിന്‍റെ ആനന്ദലഹരി ഈ സംഗീതസൃഷ്ടിയുടെ കലാശിക്കൊട്ടുവരെ മുഴങ്ങുന്നു.

തദേവൂസച്ചനും വയലിന്‍ ജേക്കബ് എന്നറിയപ്പെടുന്ന വിനോദ് ജേക്കബിനും നന്ദി. ഈ ഗാനത്തിലൂടെ ഇന്നും വിനോദ് ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്നു! വരികളില്‍  തദേവൂസച്ചന്‍ വര്‍ണ്ണിക്കുന്ന ഗലീലിയയന്‍ കുന്നിന്‍ ചെരുവിലെ പുല്‍ത്തകിടിയില്‍ ഈശോ വിളമ്പുന്ന സ്നേഹവിരുന്നില്‍ നമുക്കും പങ്കെടുക്കാം..സംതൃപ്തരാകാം....!  

പല്ലവി
വന്നൂ ആയിരങ്ങള്‍ ആകുലരായ് യേശുവിന്‍ മുന്നില്‍
ഉള്ളം വേദനിച്ചു നാഥനന്നാ കാഴ്ചകണ്ടപ്പോള്‍ (2)

അനുപല്ലവി
അപ്പസ്തോലന്മാര്‍ ചൊല്ലീ, “എന്തു ചെയ്യേണ്ടൂ?
നേരംപോയല്ലോ! അപ്പംവാങ്ങാന്‍ പൊയ്ക്കോട്ടേ!?”
“ഇന്നിനിയെങ്ങു പോകുവാന്‍, ഭക്ഷണം നിങ്ങള്‍ നല്കണം,
കഷ്ടത കണ്ടു നില്ക്കുവാന്‍ എങ്ങനെ നിങ്ങള്‍ക്കാവുന്നു?”
“അതിനിവിടെ, പണമെവിടെ?” അവര്‍ അമ്പരന്നുപോയ്!!

ചരണം ഒന്ന്
ഇതായിതാ ബാലനിവന്‍ കരുതിയ ആഹാരം
ഈശോയ്ക്കു നല്കിടുവാന്‍ മുന്‍പില്‍ വന്നിതാ!
“അഞ്ചപ്പവും രണ്ടുമത്സ്യം പൊരിച്ചതും നാമിവര്‍-
ക്കേകിടുകില്‍ ആരതിനാല്‍ തൃപ്തരായിടും?”
“അതുവേഗം കൊണ്ടുവാ, അതു കയ്യില്‍ തന്നിടൂ
ഇനി പുല്ലുതന്‍ തകിടിയില്‍ പന്തി തീര്‍ക്കുവിന്‍!”
 പിതാവിന്‍ പ്രശാന്തസന്നിധേ
 പ്രണാമമേകി വാഴ്ത്തിമോദമായ്
 മുറിച്ചേകിടാം ദയാപുരസ്സരം
വിഷാദമൂകമായ് പ്രമോദരായ്.
                     - വന്നൂ ആയിരിങ്ങള്‍

ചരണം രണ്ട്
അയ്യായിരം മാനവരും അവരുടെ പൈതങ്ങള്‍
മാതാക്കള്‍ എന്നിവരും തിന്നു തൃപ്തരായ്
“എന്നാലിനി ബാക്കിയെല്ലാം ഒരു തരി താഴത്തു
പോകാതെ ശേഖരിക്കിന്‍! പ്രിയ ശിഷ്യരേ,”
പന്ത്രണ്ടു കൊട്ടകള്‍ മുഴുവന്‍ നിറഞ്ഞിതാ,
ജനകോടികള്‍ യേശുവില്‍ വിശ്വസിച്ചിതാ!
“മഹാത്മന്‍ പ്രവാചകാ വരൂ!
പ്രണാമിയായ് വരിക്കൂ ഞങ്ങളേ…!”
കുലംരാജനായ് വരേണമെന്നവര്‍
പറഞ്ഞനേരം യേശു യാത്രയായ്.
                      - വന്നൂ ആയിരിങ്ങള്‍

28 July 2018, 17:57