“പ്രത്യാശ കൈവെടിയാത്തവൻ ഭാഗ്യവാൻ”
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള അഞ്ചാം ലോകദിനത്തിനായി പാപ്പാ തിരഞ്ഞെടുത്ത വിചിന്തന പ്രമേയം പരസ്യപ്പെടുത്തപ്പെട്ടും.
പ്രഭാഷകൻറെ പുസ്തകത്തിലെ പതിനാലാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്നടർത്തിയെടുത്ത “പ്രത്യാശ കൈവെടിയാത്തവൻ ഭാഗ്യവാൻ” എന്ന വാചകമാണ് ഫ്രാൻസീസ് പാപ്പാ ഈ ദിനാചരണത്തിൻറെ ആപ്തവാക്യമായി നല്കിയിരിക്കുന്നതെന്ന് ഇതെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പിൽ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം വെളിപ്പെടുത്തി. ഇക്കൊല്ലം ജൂലൈ 27-ന് ഞായറാഴ്‌ചയാണ് മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള അഞ്ചാം ലോകദിനാചരണം.
ഈ ദിനാചരണത്തിനുള്ള വിചിന്തന പ്രമേയം, പ്രായംചെന്നവരുടെ സൗഭാഗ്യത്തെ ആവിഷ്ക്കരിക്കുകയും കർത്താവിൽ അർപ്പിക്കുന്ന പ്രത്യാശയിലാണ് ക്രൈസ്തവികവും അനുരഞ്ജിതവുമായ ഒരു വാർദ്ധക്യത്തിനുള്ള വഴിയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുവെന്ന് ഈ പത്രക്കുറിപ്പിൽ കാണുന്നു.
ഈ ജൂബിലി വർഷത്തിൽ ഈ ദിനാചരണം, മുത്തശ്ശീമുത്തശ്ശന്മാരുടെയും വൃദ്ധജനത്തിൻറെയും സാന്നിധ്യം കുടുംബങ്ങളിലും സഭാ സമൂഹത്തിലും പ്രത്യാശയുടെ അടയാളമായി എങ്ങനെ മാറുമെന്ന് ചിന്തിക്കാനുള്ള അവസരമായി ഭവിക്കട്ടെയെന്ന ആശംസയും ഈ പത്രക്കുറിപ്പിലുണ്ട്. ഫ്രാൻസീസ് പാപ്പാ, 2021-ലാണ്, മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ദിനാചരണം സഭയിൽ ഏർപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: