നിർമ്മിത ബുദ്ധിയെയും മനുഷ്യ ധിഷണയെയും അധികരിച്ച് വത്തിക്കാൻ രേഖ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
“പുരാതനവും പുതിയതും” എന്നർത്ഥം വരുന്ന “അന്തീക്വ ഏത്ത് നോവ” എന്ന ശീർഷകത്തിൽ ഒരു രേഖ വത്തിക്കാൻറെ, വിശ്വാസകാര്യങ്ങൾക്കായുള്ള വിഭാഗവും സാംസ്കാരിക വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വിഭാഗവും ചേർന്നു ചൊവ്വാഴ്ച )28/01/25) പുറപ്പെടുവിച്ചു.
വിശ്വാസ പരിശീലകരെയും സംവേദകരെയും ശാസ്ത്രീയവും സാങ്കേതികവുമായ വികസനത്തിൻറെ ആവശ്യകതയുടെ വക്താക്കളെയും ഉദ്ദേശിച്ചുള്ള ഈ രേഖ വളരെയേറെ അവസരങ്ങളേകുന്ന കൃത്രിമ ബുദ്ധി മനുഷ്യനെ യന്ത്രങ്ങളുടെ അടിമയായി മാറ്റുന്ന മഹാവിപത്തിനെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നു.
നിർമ്മിത ബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിലുള്ള വിത്യാസം വിവേചിച്ചറിയേണ്ടതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഈ രേഖ നിർമ്മതി ബുദ്ധി ധിഷണാശക്തിയുടെ കൃത്രിമ രൂപമല്ല പ്രത്യുത അതിൻറെ ഉല്പന്നങ്ങളിൽ ഒന്നു മാത്രമാണെന്ന് വിശദീകരിക്കുന്നു.
മാനുഷിക വൈഭവത്തിൻറെ ഏതൊരുല്പന്നത്തെയും പോലെ നിർമ്മിത ബുദ്ധിയും രചനാത്മകവും നിഷേധാത്മകവുമായ കാര്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും വാസ്തവത്തിൽ സുപ്രധാനം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതോടൊപ്പം അത് വിവേചനം, ദാരിദ്ര്യം സാമൂഹ്യ അസമത്വങ്ങൾ, സാങ്കേതിക ഭിന്നതകൾ തുടങ്ങിയവ കൂടുതൽ വഷളാക്കുന്ന അപകടവുമുണ്ടെന്ന് പറയുന്നു.
നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന നൂതന യുദ്ധോപകരണങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമാണെന്നും അവ യാതൊരു വിവേചനബുദ്ധിയും ഉപയോഗിക്കാതെ കുഞ്ഞുങ്ങളുൾപ്പടെ നിരപരാധികളെ ഇല്ലായ്മ ചെയ്യുകയും യുദ്ധത്തിന് കടിഞ്ഞാണില്ലാത്ത സംഹാരശക്തി പകരുകയും ചെയ്യുന്നുവെന്നും ഈ രേഖ വിശദീകരിക്കുന്നു.
നിർമ്മിതബുദ്ധി മാനുഷികബന്ധങ്ങളിൽ ഉളവാക്കുന്ന തിന്മയെക്കുറിച്ചും ഈ രേഖ പരാമാർശിക്കുന്നു. വിനാശകരമായ ഏകാന്തതയ്ക്ക് ഇതു കാരണമാകുമെന്നും അത് കുഞ്ഞുങ്ങളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും രേഖ മുന്നറിയിപ്പേകുന്നു. തൊഴിൽ മേഖലയിലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തുമെല്ലാം നിർമ്മിതബുദ്ധിയുടെ ഭാവാത്മകവും നിഷേധാത്മകവുമായ സ്വാധീനങ്ങളെക്കുറിച്ചും രേഖ പരാമർശിക്കുന്നുണ്ട്.
മനുഷ്യൻ അവൻറെതന്നെ സൃഷ്ടിയുടെ അടിമയായി മാറുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പേകുന്ന രേഖ നിർമ്മിത ബുദ്ധിയെ മാനുഷിക ബുദ്ധിയുടെ സമ്പന്നതയ്ക്ക് പകരം വയ്ക്കാതെ ആ ബുദ്ധിയുടെ പൂരകമായ ഒരു ഉപകരണമായി ഉപയോഗിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: