തിരയുക

യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടന,ഒ എസ് സി ഇ (OSCE) യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടന,ഒ എസ് സി ഇ (OSCE)   (AFP or licensors)

ഗതകാല സംഭവാനുസ്മരണം വർത്തമാന-ഭാവി തീരുമാനങ്ങൾക്ക് പ്രചോദനം, മോൺ.ഗീറ

യഹൂദവിരുദ്ധതയ്ക്കെതിരെ പോരാടുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണം, യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ, ഒ എസ് സി ഇയിൽ (OSCE) വത്തിക്കാൻറെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ റിച്ചാർഡ് അലെൻ ഗീറ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാസികൾ യഹൂദരും ഇതരമതവിശ്വാസികളുമുൾപ്പടെ ദശലക്ഷങ്ങളെ നിഷഠൂരം ഇല്ലായ്മ ചെയ്ത ദുരന്തത്തിൻറെ അനുസ്മരണം അത്തരം തെറ്റുകൾ ആവർത്തിക്കുന്നതു തടയുന്നതിനും സമാധാനോന്മുഖമായ വർത്തമാന-ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പ്രചോദനമേകുമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ റിച്ചാർഡ് അലെൻ ഗീറ പ്രസ്താവിച്ചു.

യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ, ഒ എസ് സി ഇയിൽ (OSCE) വത്തിക്കാൻറെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം 1945 ജനുവരി 27-ന് ഓഷ്വിറ്റ്സ് നാസി തടങ്കൽ പാളയം മോചിതമായതിൻറെ എൺപതാം വാർഷികപശ്ചാത്തലത്തിൽ യഹൂദകൂട്ടക്കുരുതിയെക്കുറിച്ച് ഈ സംഘടനയുടെ സ്ഥിരസമിതിയുടെ യോഗത്തിൽ വ്യാഴാഴ്ച (30/01/25) സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൻറെ പൂർവാർദ്ധത്തിൽ അരങ്ങേറിയ ദശലക്ഷങ്ങളെ ഇല്ലായ്മയ ചെയ്ത ഈ ക്രൂരതയുടെ അനുസ്മരണവും അപലപനവും നമ്മുടെ മനുഷ്യത്വത്തെത്തനെ നിഷേധിക്കുന്ന വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും യുക്തിയെ ഒരിക്കലും ന്യായീകരിക്കാനാകില്ലയെന്നത് മറക്കാതിരിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ മോൺസിഞ്ഞോർ ഗീറ അനുസ്മരിച്ചു.

ഈ അനുസ്മരണം യുഹൂദവിരുദ്ധതയ്ക്കെതിരെ പോരാടുന്നതിനും അതു തടയുന്നതിനും വിലയേറിയ നടപടികൾ സ്വീകരിക്കാനുള്ള പൊതുവായ പരിശ്രമത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരിശീലനമേകുക എന്നത് യഹൂദ വിരുദ്ധതയെന്ന വ്യാധിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മൗലിക മാർഗ്ഗമാണെന്ന വസ്തുതയും മോൺസിഞ്ഞോർ ഗീറ ചൂണ്ടിക്കാട്ടി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജനുവരി 2025, 12:39