ത്രിവാർഷിക ലോക രോഗീദിനാചരണം 2026-ലേക്കു മാറ്റി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മൂന്നുവർഷത്തിലൊരിക്കൽ ആഗോളസഭാതലത്തിൽ നടത്തുന്ന ലോക രോഗീദിനാചരണം ഒരു വർഷം മാറ്റിവച്ചിരിക്കുന്നു.
അനുവർഷം ഫെബ്രുവരി 11-ന് ലൂർദ്ദ്നാഥയുടെ തിരുന്നാൾദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ അതെ ദിനത്തിൽതന്നെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തിലും ലോകരോഗീദിനം ആഘോഷിക്കാറുണ്ട്.
ഇതനുസരിച്ച് ഇക്കൊല്ലം പെറുവിലെ അരേക്കിപ്പായിലുള്ള “വിർഹെൻ ദെ ചപീ” (Virgen de Chapi) അഥവാ, ചപിയിലെ കന്യകയുടെ തീർത്ഥാടന കേന്ദ്രത്തിൽ ഫെബ്രുവരി 11-നു നടത്താൻ നിശ്ചയിച്ചിരുന്ന ആചരണമാണ് 2026-ലേക്കു മാറ്റിയത്.
2025-ലെ പ്രത്യാശയുടെ ജൂബിലിവർഷാചരണ പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ തീരുമാനമെടുത്തതെന്ന് വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗവും സുവിശേഷവത്കരണത്തിനായുള്ള വിഭാഗവും തിങ്കളാഴ്ച (27/01/25) സംയുക്തമായി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.
ജൂബിലി വർഷത്തിൽ ലോകരോഗീദനാചരണം രൂപതാതലത്തിൽ സാധാരണ രീതിയിലായിരിക്കും ആചരിക്കുകയെന്നും രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി ഏപ്രിൽ 5,6 തീയതികളിലും, ഭിന്നശേഷിക്കാരുടെ ജൂബിലി ഏപ്രിൽ മാസത്തിൽ തന്നെ 28,29 തീയതികളിലായിരിക്കുമെന്നും ഈ പ്രസ്താവനയിലുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: