തിരയുക

ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പ്രിൻസിപ്പാലിറ്റി ഓഫ് മോണക്കൊയിൽ ദിവ്യപുജാർപ്പണ വേളയിൽ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പ്രിൻസിപ്പാലിറ്റി ഓഫ് മോണക്കൊയിൽ ദിവ്യപുജാർപ്പണ വേളയിൽ  (Terza Loggia)

എളിമയുടെ അഭാവത്തിൽ സമാധാനം സംജാതമാകില്ല, ആർച്ചുബിഷപ്പ് ഗാല്ലഗെർ!

വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശിയായ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പ്രിൻസിപ്പാലിറ്റി ഓഫ് മോണക്കൊ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അംഹഭാവം എന്നും യുദ്ധഹേതുവാണെന്നും ഔദ്ധത്യം വാഴുന്നിടത്ത് എപ്പോഴും അപരനെ തോല്പിക്കാനുള്ള അഭിവാഞ്ഛയും അപരനെക്കാൾ വലിയവരാണെന്ന തോന്നലും ഉണ്ടാകുമെന്നും ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.

വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശിയായ അദ്ദേഹം തിങ്കളാഴ്ച (27/01/25) ചെറുരാജ്യമായ പ്രിൻസിപ്പാലിറ്റി ഓഫ് മോണക്കൊയിൽ അന്നാടിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ ദെവോത്തയുടെ തിരുന്നാളിനോടനുബന്ധിച്ച അമലോത്ഭവ നാഥയുടെ കത്തീദ്രലിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഇതു പറഞ്ഞത്. മോണക്കൊയുടെ സർവ്വാധിപതിയായ ആൽബെർട്ട് ദ്വിതീയൻറെ അതിഥിയായ ആർച്ചുബിഷപ്പ് ഗാല്ലഗെർ ഞായറാഴ്ചയാണ് അവിടെ എത്തിയത്.

സമാധാനസംസ്ഥാപനത്തിനും പ്രത്യാശയുടെ യാത്രയ്ക്കും പ്രതിബന്ധങ്ങളുടെയും പരീക്ഷണങ്ങളുടെയും മുന്നിൽ ധൈര്യം ആവശ്യമാണെന്ന വസ്തുത എടുത്തുകാട്ടിയ അദ്ദേഹം വിനയത്തിൻറെ അഭാവത്തിൽ സമാധാനവും സമാധാനം കൂടാതെ ഐക്യവും സാധ്യമല്ല എന്നു പ്രസ്താവിച്ചു.

ഇന്നത്തെ ലോകത്തിൻറെ വെല്ലുവിളികൾക്കു മുന്നിൽ സ്വന്തം വിശ്വാസം പൂർണ്ണമായി ജീവിക്കേണ്ടതിനെക്കുറിച്ച് പരാമർശിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ ഇന്നു ലോകത്തിൻറെ വിവിധഭാഗങ്ങളിൽ അരങ്ങേറുന്ന മതപീഢനങ്ങളെ, വിശിഷ്യ, ക്രിസ്തീയവിരുദ്ധ ആക്രമണങ്ങളെ അപലപിച്ചു. തിന്മകൾക്കും അനീതികൾക്കുമെതിരായ രോഷം ന്യായമാണെന്നും എന്നാൽ വിശ്വാസത്തെപ്രതി മരണം വരെയെത്തുന്ന പിഢനങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമാക്കപ്പെടുമ്പോൾ പോലും വിദ്വേഷം ഒരിക്കലും വച്ചുപുലർത്തരുതെന്നും പറഞ്ഞു.

മതസ്വാതന്ത്ര്യം അന്യാധീനപ്പെടുത്താനാവാത്ത ഒരു മൗലികാവകാശമാണെന്നും അതിനെ ഊട്ടിവളർത്തണമെന്നും ആർച്ചുബിഷപ്പ് ഗാല്ലഗെർ ഓർമ്മിപ്പിച്ചു. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകൾ തേടിപ്പിടിച്ച് അത് നമ്മുടെ കാലഘട്ടത്തിൻറെയും ലോകത്തിൻറെയും ശൂന്യതകളിൽ വിതയ്ക്കാൻ പരിശ്രമിക്കുന്നതിന് പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിലുടനീളം സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജനുവരി 2025, 17:43