തിരയുക

ഒക്ടോബറിൽ നടക്കാൻപോകുന്ന  സിനഡുയോഗത്തെ അധികരിച്ചുള്ള വാർത്താസമ്മേളനത്തിൽ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രെക്, 16/09/24 ഒക്ടോബറിൽ നടക്കാൻപോകുന്ന സിനഡുയോഗത്തെ അധികരിച്ചുള്ള വാർത്താസമ്മേളനത്തിൽ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രെക്, 16/09/24  (Vatican Media)

സിനഡ് പ്രാർത്ഥനയുടെ സമയം, കർദ്ദിനാൾ മാരിയൊ ഗ്രെക്!

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരാണ സമ്മേളനത്തിൻറെ ഇക്കൊല്ലം ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാൻ പോകുന്ന രണ്ടാമത്തെയും അവസാനത്തെയുമായ ഘട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പതിനാറാം തീയതി തിങ്കളാഴ്ച (16/09/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൽ വാർത്താസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രെക് ഉൾപ്പടെയുള്ളവർ ഇതിൽ സംസാരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം ആദ്യം ശ്രവിക്കേണ്ടത് കർത്താവിനെയാണെന്നും ഈ "യഥാർത്ഥ" ശ്രവണമാണ് പിന്നീട് പരസ്പരം കേൾക്കാനും വിശ്വാസികളുടെ ഹൃദയത്തോട്  സംസാരിക്കുന്ന പരിശുദ്ധാരൂപിയെ ശ്രവിക്കാനും നമ്മെ  പ്രാപ്തരാക്കുന്നതെന്നും മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രെക്.

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരാണ സമ്മേളനത്തിൻറെ ഇക്കൊല്ലം ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാൻ പോകുന്ന രണ്ടാമത്തെയും അവസാനത്തെയുമായ ഘട്ടത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് വിശദീകരിക്കുന്നതിന് പതിനാറാം തീയതി തിങ്കളാഴ്ച (16/09/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൽ, അഥവാ, പ്രസ്സ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകമാന സഭയെ ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധ ഘട്ടങ്ങളിലുടെ കടന്നു പോയ ഈ സിനഡു സമ്മേളനം അതിൻറെ സമാപന ഘട്ടത്തിലേക്കു കടക്കാൻ പോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്നിടത്തേക്കു സിനഡിനെ നയിക്കുന്നത് പരിശുദ്ധാരൂപിയാണെന്നും സിനഡുയോഗം പ്രാർത്ഥനയുടെ വേളയാണെന്നും കർദ്ദിനാൾ ഗ്രെക് പ്രസ്താവിച്ചു.

സിനഡിനോടനുബന്ധിച്ച് ഒക്ടോബർ 1-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ പാപപ്പരിഹാര ജാഗര പ്രാർത്ഥന നയിക്കുമെന്നും അതിൻറെ അവസാനം പാപ്പാ സകല ക്രൈസ്തവരുടെയും നാമത്തിൽ ദൈവത്തോടും നരകുലം മുഴുവനോടും മാപ്പപേക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതു പോലെ തന്നെ,  ഒക്ടോബർ 11-ന് വെള്ളിയാഴ്ച വൈകുന്നേരം സിനഡുശാലയിൽ സന്നിഹിതരായിരിക്കുന്ന അകത്തോലിക്ക സമൂഹങ്ങളുടെ പ്രതിനിധികളുമൊത്ത് ഒരു എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയും ഉണ്ടാകുമെന്ന് കർദ്ദിനാൾ ഗ്രെക് പറഞ്ഞു.  

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2024, 12:27