ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ, സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ, സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

സ്വയം നിയന്ത്രിത ആയുധങ്ങളുടെ വികസനം പ്രശ്നപരിഹൃതി ആകില്ല, വത്തിക്കാൻ!

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ സ്വയംനിയന്ത്രിത മാരകായുധ സംവിധാനങ്ങളുടെ മേഖലയിൽ ജന്മംകൊള്ളുന്ന നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള ഒരു യോഗത്തെ ആഗസ്റ്റ് 26-ന് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൃത്രിമ ബുദ്ധിയുൾപ്പടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള തീരുമാനങ്ങളിൽ മനുഷ്യൻറെ ഉചിതമായ നിയന്ത്രണത്തിനുള്ള ഒരിടം ഉറപ്പുവരുത്തുകയും സംരക്ഷിക്കുകയും വേണമെന്നും മാനവ ഔന്നത്യംതന്നെ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ.

സ്വയംനിയന്ത്രിത മാരകായുധ സംവിധാനങ്ങളുടെ മേഖലയിൽ ജന്മംകൊള്ളുന്ന നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ ആഗസ്റ്റ് 26-ന് സംബോധന ചെയ്യുകയായിരുന്നു സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം.

സ്വയം നിയന്ത്രിത മാരകായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനർവിചിന്തനവിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാൻസീസ് പാപ്പാ ജൂൺ മാസത്തിൽ ഇറ്റലിയിൽ ജി 7 നാടുകളുടെ തലവന്മാരുടെ സമ്മേളനത്തിൽ പറഞ്ഞത് ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ അനുസ്മരിച്ചു. ഇന്നു യുദ്ധവേദികൾ ഇത്തരം സങ്കീർണ്ണമായ നൂതനായുധങ്ങളുടെ പരീക്ഷണശാലകളായിമാറുകയാണെന്നും കൂടുതൽ സങ്കീർണ്ണങ്ങളായ ആയുധങ്ങൾ വികസപ്പിച്ചെടുക്കുന്നത് ഒരിക്കലും ഒരു പ്രശ്നപരിഹൃതിയാകില്ലെന്നുമുള്ള വസ്തുതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സാങ്കേതിക പുരോഗതിയിൽ നിന്ന് മനുഷ്യരാശിക്ക് അസന്ദിഗ്ദ്ധമായ നേട്ടങ്ങൾ കൈവരിക്കാനകുക, സാങ്കേതിക പുരോഗതികളെ സമഗ്രമാനവവികസനത്തിനും പൊതുന്മയ്ക്കുമായി പ്രതിഷ്ഠിക്കാൻ കഴിയുന്ന ഉത്തരവാദിത്വബോധത്തിൻറെയും മൂല്യങ്ങളുടെയും ഉചിതമായ വികസനവുമായി എത്രത്തോളം കൈകോർത്തു നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ പറഞ്ഞു.

ക്രിത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്ന ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയുടെ മേഖലയിൽ മൂർത്തമായ നൈയമിക കടിഞ്ഞാണിൻറെ അടിയന്തിരാവശ്യകത ചൂണ്ടിക്കാട്ടുന്ന അദ്ദേഹം അതുണ്ടാകുന്നതു വരെ ഇത്തരം ആയുധങ്ങളുടെ വികസനവും ഉപയോഗവും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വയം നിയന്ത്രിതആയുധ സംവിധനാങ്ങളെ ധാർമ്മിക ഉത്തരവാദിത്തമുള്ള യാഥാർത്ഥ്യങ്ങളായി  കാണാൻ പരിശുദ്ധസിംഹാസനത്തിനാവിവല്ലെന്നും ധാർമ്മികമായ തീർപ്പുകല്പിക്കാനും നൈതികമായ തീരുമാനമെടുക്കാനും അതുല്യമായ കഴിവുള്ള ചിന്താശക്തിയുള്ള മനുഷ്യ വ്യക്തിക്ക് പകരം നില്ക്കാൻ, എത്ര  സങ്കീർണ്ണമായവയാണെങ്കിൽപ്പോലും, ഒരു കൂട്ടം അൽഗോരിതങ്ങൾക്ക്, അഥവാ, നിർദ്ധരണികൾക്ക് സാധിക്കില്ലെന്നും ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2024, 16:16