ഏകത്വത്തിലെ നാനാത്വമാണ് മാനവികതയുടെ സമ്പത്ത്: മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റോമിലെ സാൻ കലിസ്‌തോ ശാലയിൽ വച്ച് ജൂൺ മാസം ഇരുപത്തിയഞ്ചാം തീയതി ' എല്ലാം ബന്ധപ്പെട്ടിരിക്കുന്നു: ലൗദാത്തോ സി മുതൽ ഫ്രത്തെല്ലി തൂത്തി വരെ' എന്ന തലക്കെട്ടിൽ നടന്ന സെമിനാറിൽ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ സംസാരിച്ചു. ലോകത്തിൻ്റെ ഒരു ഏകീകൃത ദർശനം, ഇന്ന് നടമാടുന്ന യുദ്ധങ്ങളെ മറന്നുകൊണ്ട് ചിന്തിക്കുക അസാധ്യമാണെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം അതിന്റെ വിവിധരൂപങ്ങളിൽ മൂർച്ഛിക്കുമ്പോൾ, മനുഷ്യൻ ദർശനങ്ങളും, സ്വപ്നങ്ങളും ഇല്ലാത്തവരായി മാറുന്നത് , ഭാവിയെ ഇരുളടഞ്ഞതാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെയും മാനവികതയുടെയും രക്ഷയ്ക്കായി, ഫ്രാൻസിസ് പാപ്പാ തന്റെ രണ്ടു ചാക്രികലേഖനങ്ങളായ ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി വഴിയായി നൽകുന്ന നിർദേശങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്യുന്ന ഈ ചാക്രികലേഖനങ്ങൾ, ഓരോ മനുഷ്യൻ്റെയും മൂല്യവും അന്തസ്സും മുറുകെ പിടിച്ചുകൊണ്ട്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, മാനവികത എന്നിവ ഉറപ്പാക്കുന്നതിന് ഉതകട്ടെയെന്നും മോൺസിഞ്ഞോർ ആശംസിച്ചു.
"ഏകത്വത്തിലെ നാനാത്വമാണ് മാനവികതയുടെ സമ്പത്ത്; നാനാത്വത്തിൽ ഏകത്വം മാനവികതയുടെ നിധിയാണ്: മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള പുതിയ മാനവികതയുടെ നല്ല വാർത്ത ഇതായിരിക്കണം", മോൺസിഞ്ഞോർ പാല്യ അടിവരയിട്ടു പറഞ്ഞു. മനുഷ്യബന്ധങ്ങളെയും മനുഷ്യരുടെ പ്രകൃതിയുമായുള്ള ബന്ധത്തെയും പുനർവിചിന്തനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും എടുത്തു പറയുന്ന ഫ്രാൻസിസ് പാപ്പായുടെ ലേഖനങ്ങളിലെ വാക്കുകൾ പരസ്പരാശ്രിതത്വത്തിൻ്റെ പുതിയ ഒരു അധ്യായം തുറക്കുവാൻ ഇടവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: