തിരയുക

"ദി പവർ ഓഫ് എക്‌സ്‌ക്ലൂഷൻ" എന്ന പരിപാടിയിൽ കർദ്ദിനാൾ സൂപ്പി "ദി പവർ ഓഫ് എക്‌സ്‌ക്ലൂഷൻ" എന്ന പരിപാടിയിൽ കർദ്ദിനാൾ സൂപ്പി 

കർദ്ദിനാൾ സൂപ്പി: അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന ലോകം മനോഹരമായ ഒരു ലോകമാണ്

"അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന ഒരു ലോകം എല്ലാവർക്കും കൂടുതൽ മനോഹരമായ ഒരു ലോകമാണ്. നമുക്ക് നമ്മിൽ നിന്ന് ആരംഭിക്കാം." ലോക അഭയാർത്ഥി ദിനത്തിൽ ഇറ്റാലിയൻ മെത്രാ൯ സമിതി അധ്യക്ഷ൯ (സിഇഐ) കർദ്ദിനാൾ മത്തേയോ സൂപ്പിയുടെ ആഹ്വാനവുമായിരുന്നു ഇത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റോമിലെ ലൂയിസ് സർവകലാശാലയിൽ ഐക്യരാഷ്ട്ര സഭ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ) സംഘടിപ്പിച്ച "ദി പവർ ഓഫ് എക്‌സ്‌ക്ലൂഷൻ" എന്ന പരിപാടിയിലാണ് കർദ്ദിനാൾ സൂപ്പി ജൂൺ പത്തൊമ്പതാം തിയതി ഈ പരാമർശങ്ങൾ നടത്തിയത്.

ഈ വർഷം ലോകമെമ്പാടും 120 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതായി UNHCR ന്റെ "ഗ്ലോബൽ ട്രെൻഡ്സ്" എന്ന പുതിയ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.  ഇത് അഫ്ഗാനിസ്ഥാൻ മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വരെയും ലാറ്റിൻ അമേരിക്ക മുതൽ കരീബിയൻ വരെയും ഉള്ള പ്രദേശങ്ങളിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും അഭാവമാണെന്ന് വ്യക്തമാക്കുന്നു. പലരും സ്വന്തം വീടുകളിൽ പോലും അഭയാർത്ഥികളാണ് എന്ന് ഗാസ മുനമ്പിലെ സാഹചര്യം സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ, കുടിയേറ്റക്കാർ അധിനിവേശക്കാരാണെന്ന ഭയം നിലനിൽക്കുന്നതിനു വിരുദ്ധമായി, ഓരോ അഭയാർത്ഥിയുടെയും "സമ്പന്നത" തിരിച്ചറിയുകയും ഐക്യദാർഢ്യം വളർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കർദ്ദിനാൾ ഓർമ്മപ്പെടുത്തി. ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ട്  കർദ്ദിനാൾ സൂപ്പി മെഡിറ്ററേനിയൻ കടലിനെ ഒരു സെമിത്തേരി എന്ന് വിശേഷിപ്പിച്ചു. പുതിയ യൂറോപ്യൻ പാർലമെന്റ്  അഭയം തേടാനുള്ള അവകാശം ഉറപ്പുനൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇറ്റലിയിലേക്കും യൂറോപ്പിലേക്കും അഭയാർത്ഥികൾ ഒഴുകുന്നത് സംബന്ധിച്ച് പലപ്പോഴും അടിയന്തര സ്വരത്തിലുള്ള വിവരണങ്ങൾ ഉണ്ടെങ്കിലും 75% അഭയാർത്ഥികളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാണ് അവരെ സ്വീകരിക്കുന്നതെന്ന് UNHCR ചൂണ്ടിക്കാണിക്കുന്നു. ഇറ്റലി ഉൾപ്പെടെ 52 രാജ്യങ്ങളിൽ ഇപ്സോസുമായി നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്, യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളെ മറ്റ് രാജ്യങ്ങളും സ്വന്തം രാജ്യങ്ങൾ പോലും സ്വാഗതം ചെയ്യണമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 73% പേരും സമ്മതിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ്, "അഭയം തേടാനുള്ള അവകാശം ഉൾപ്പെടെയുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് അഭയാർത്ഥികളെ സഹായിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനുമുള്ള ലോകത്തിന്റെ കൂട്ടായ ഉത്തരവാദിത്തം" ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം വച്ചു കൊണ്ടാണ്, യുഎൻഎച്ച്സിആർ ഒരു കൂട്ടം ഇറ്റാലിയൻ കമ്പനികളുമായി സഹകരിച്ച് അഭയാർഥികൾക്കായി തൊഴിൽ ഇടനാഴികൾ ആരംഭിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2024, 13:18