കർദിനാൾ പിയെത്രോ പരോളിൻ ലെബനനിൽ സന്ദർശനം നടത്തുന്നു
ഡെൽഫിൻ അല്ലെയർ & ലിൻഡ ബോർഡോണി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ ലെബനൻ സന്ദർശനം തുടരുന്നു. ഓർഡർ ഓഫ് മാൾട്ടയുടെ സന്നദ്ധപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹം സന്ദർശിച്ചു. യുദ്ധം മൂർച്ഛിച്ചുനിൽക്കുന്നതും, വിനാശകരമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ലെബനൻ സന്ദർശത്തിനു തയ്യാറായ കർദിനാളിന്റെ തീരുമാനം, സാധാരണ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം വെളിപ്പെടുത്തുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഇസ്രയേലിൻ്റെ വടക്കൻ അതിർത്തിയായ ലെബനനിലേക്ക് നീങ്ങുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കർദിനാൾ സന്ദർശനം നടത്തുന്നത്.
തിങ്കളാഴ്ച്ച ബെയ്റൂട്ടിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ വിശുദ്ധ ബലിയിൽ കർദിനാൾ മുഖ്യകാർമികത്വം വഹിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, എത്രയും വേഗം ഒരു ഭരണാധിപതിയെ തിരഞ്ഞെടുക്കുവാൻ ഉത്തരവാദിത്വപെട്ടവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന കർദിനാൾ എടുത്തു പറഞ്ഞു. അതോടൊപ്പം, നിലവിലെ വെല്ലുവിളികളെ ഗൗരവമായി അഭിമുഖീകരിക്കുന്നതിന് ആവശ്യമായ സ്ഥാപനപരമായ സ്ഥിരത കണ്ടെത്തുവാനും കർദിനാൾ ആഹ്വാനം ചെയ്തു.
തുടർന്ന്, ചൊവ്വാഴ്ച, കർദ്ദിനാൾ, ലെബനനിലെ ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡർ, സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ്, സംഘടനയുടെ ആരോഗ്യ സംരക്ഷണ, സാമൂഹിക പിന്തുണ സേവനകേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്.
കഴിഞ്ഞ 70 വർഷമായി ഓർഡർ ഓഫ് മാൾട്ട സംഘടന, ലെബനൻ രാജ്യത്തുടനീളവും വിദൂര പ്രദേശങ്ങളിലെയും ആവശ്യമുള്ള ആളുകൾക്ക് സേവനം നൽകി വരുന്നു. ജനസംഖ്യയുടെ 80% ആളുകളെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അവർക്ക് സഹായങ്ങൾ കൊടുക്കുന്നു. പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും കൈവരിക്കുക, സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രവർത്തനങ്ങളുടെ ലക്‌ഷ്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: