തിരയുക

C9 ഉപദേശകസമിതി യോഗം ചേരുന്നു C9 ഉപദേശകസമിതി യോഗം ചേരുന്നു   (Vatican Media)

പാപ്പായുടെ കർദിനാൾ ഉപദേശകസംഘം യോഗം ചേർന്നു

ഫ്രാൻസിസ് പാപ്പായുടെ ഉപദേശക സമിതിയിലെ (C9) കർദിനാളന്മാരുടെ യോഗം ജൂൺ മാസം പതിനേഴാം തീയതി, തിങ്കളാഴ്ച്ച വത്തിക്കാനിൽ ആരംഭിച്ചു. 2024 ലെ മൂന്നാമത്തെ സമ്മേളനമാണിത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ ഉപദേശക സമിതിയിലെ (C9) കർദിനാളന്മാരുടെ യോഗം ജൂൺ മാസം പതിനേഴാം തീയതി, തിങ്കളാഴ്ച്ച  വത്തിക്കാനിൽ ആരംഭിച്ചു. 2024 ലെ മൂന്നാമത്തെ സമ്മേളനമാണിത്. കഴിഞ്ഞ സമ്മേളനം ഏപ്രിൽ മാസമാണ് ചേർന്നത്. റോമൻ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കർദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാൻസിസ് പാപ്പാ രൂപം നൽകിയത്.

ഏപ്രിൽ മാസം നടന്ന ചർച്ചകളിൽ, ഉക്രൈനിലേയും, വിശുദ്ധ നാട്ടിലെയും യുദ്ധസാഹചര്യങ്ങൾ, രൂപതാഭരണസംവിധാനങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്ക്, എന്നെ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.

ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ വേർഗെസ് അൽസാഗ, കോംഗൊയിലെ കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ, സ്പെയിനിലെ ബർസെല്ലോണ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഹുവാൻ ഹൊസേ ഒമേല്ല ഒമേല്ല, കാനഡയിലെ ക്ബെക് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജെറാൾഡ് ലക്രോയ്, ലക്സംബർഗ് ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോൺ ക്ലോഡ് ഹൊള്ളെറിക്, ബ്രസീലിലെ സാവൊ സാർവദോർ ദ ബഹീയ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സേർജൊ ദ റോഷ എന്നിവരാണ് ഇതര അംഗങ്ങൾ. ബിഷപ്പ് മാർക്കൊ മെല്ലീനൊയാണ് ഈ ഒമ്പതംഗ കർദ്ദിനാൾ ഉപദേശകസമിതിയുടെ കാര്യദർശി.

2022 മാർച്ച് പത്തൊൻപതിനു റോമൻ കൂരിയയുടെ പരിഷ്കരണം സംബന്ധിച്ച് പ്രെഡിക്കാത്തെ  ഇവാഞ്ചെലിയം എന്ന പേരിൽ ഒരു അപ്പസ്തോലിക ഭരണഘടനയും പുറത്തുവന്നു. കർദിനാൾ സംഘത്തിന്റെ ആദ്യയോഗം 2013 ഒക്ടോബർ 1നാണ് നടന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2024, 12:41