ജനസംഖ്യയുടെ ആനുപാതികമായി വികസനവും ഉറപ്പുവരുത്തണം: ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ജനസംഖ്യയും, വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ 30 -ാം വാർഷികദിനമായ ഏപ്രിൽ മാസം മുപ്പതാം തീയതി ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി. ധാരാളം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ ആധുനിക ലോകത്ത്, ജനസംഖ്യയും, വികസനവും അടിസ്ഥാനമാക്കി പ്രായോഗികമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ, വത്തിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന് ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.
വ്യക്തികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കേണ്ടതിൻ്റെ നിർണായക പ്രാധാന്യം തിരിച്ചറിഞ്ഞ്, ജനസംഖ്യയും വികസനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായിരുന്നു മുപ്പതു വർഷങ്ങൾക്കു മുൻപ് കെയ്‌റോയിൽ വച്ചുനടന്ന അന്താരാഷ്ട്ര സമ്മേളനം. 'മനുഷ്യകുലത്തിലെ എല്ലാ അംഗങ്ങളും പൊതുനന്മയ്ക്കുവേണ്ടി ഒരുമിച്ചുപ്രവർത്തിക്കുമ്പോഴും, എല്ലാ അംഗങ്ങളെയും ഉൾകൊള്ളുന്ന ഒരു സംസ്കാരം രൂപപ്പെടുമ്പോഴുമാണ് അഭിവൃദ്ധി പ്രാപിക്കുവാൻ സാധിക്കുകയുള്ളുവെന്ന' കെയ്റോയിലെ നിരീക്ഷണം ഇന്നും സത്യമാണെന്ന് ആർച്ചുബിഷപ്പ് അടിവരയിട്ടു.
മുപ്പതു വർഷങ്ങൾക്കു മുൻപ് നടന്ന സമ്മേളനം കാര്യമായ പുരോഗതികൾ സമൂഹത്തിൽ കൊണ്ടുവന്നെങ്കിലും, ദാരിദ്ര്യ നിർമ്മാർജ്ജനം പൂർണ്ണമായി പ്രവൃത്തിപഥത്തിൽ എത്തിക്കുവാൻ ഇന്നും സാധിച്ചിട്ടില്ലയെന്നും മോൺസിഞ്ഞോർ പറഞ്ഞു. "പരിഹരിക്കേണ്ട" ഒരു പ്രശ്നമായി ജനസംഖ്യയെ രാഷ്ട്രീയവത്ക്കരിച്ചതോടെ ഗർഭച്ഛിദ്രത്തിനായുള്ള മുറവിളികളും ഏറിയെന്നും എന്നാൽ അത് മനുഷ്യവ്യക്തിയുടെ അനിഷേധ്യമായ അന്തസ്സിനും, ആദരവിനും എതിരെയുള്ള വെല്ലുവിളിയാണെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: