തിരയുക

ഡോ.പൗളോ റുഫിനി പത്രസമ്മേളനത്തിൽ ഡോ.പൗളോ റുഫിനി പത്രസമ്മേളനത്തിൽ  

സ്ത്രീകൾ, പാവപ്പെട്ടവർ,കുടിയേറ്റക്കാർ, ഉക്രൈൻ യുദ്ധത്തിന്റെ ഇരകൾ: രണ്ടാം ദിന സിനഡ് സമ്മേളനത്തിന്റെ പ്രധാന ചിന്തകൾ

പതിനാറാമത് സാധാരണ സിനഡ് സമ്മേളനത്തിലെ രണ്ടാം ദിന പ്രമേയങ്ങളുടെ സംക്ഷിപ്തവിവരണം ഒക്ടോബർ ആറാം തീയതി വൈകുന്നേരം വാർത്താവിനിമയ വിഭാഗത്തിന്റെ തലവൻ ഡോ.പൗളോ റുഫീനി പത്രസമ്മേളനത്തിൽ പങ്കുവച്ചു.

സാൽവത്തോരെ ചെർണൂത്സിയോ, ഫാ.ജിനു ജേക്കബ്

ആഗോളസഭയിൽ നിന്നും  351 അംഗങ്ങൾ പ്രതിനിധികളായി വത്തിക്കാനിൽ സമ്മേളിക്കുന്ന പതിനാറാമത് സാധാരണ സിനഡ് സമ്മേളനത്തിലെ രണ്ടാം ദിന പ്രമേയങ്ങളുടെ സംക്ഷിപ്തവിവരണം ഒക്ടോബർ  ആറാം തീയതി വൈകുന്നേരം വാർത്താവിനിമയ വിഭാഗത്തിന്റെ തലവൻ ഡോ.പൗളോ റുഫീനി പത്രസമ്മേളനത്തിൽ പങ്കുവച്ചു. അംഗങ്ങളെ 35 ചെറിയ ഗ്രൂപ്പുകളായി തരംതിരിച്ചുകൊണ്ടാണ് ചർച്ചകൾ നടത്തുന്നത്.

രണ്ടാം ദിനമായ ഒക്ടോബർ മാസം ആറാം തീയതി സെമിനാരിക്കാർ ,വൈദികർ,മതാധ്യാപകർ, അത്മായർ എന്നിവർക്കുള്ള പരിശീലനവും, സഭയിൽ സ്ത്രീകളുടെയും, അഭിഷിക്തരും അല്ലാത്തവരും ആയ ആളുകളുടെ  കർത്തവ്യങ്ങളും, വിശുദ്ധകുർബാനയുടെ പ്രാധാന്യവും,സഭയുടെ പ്രധാന താത്പര്യമായ ദരിദ്രരായ ആളുകളുടെ പ്രാധാന്യവും,കുടിയേറ്റദുരിതബാധിതരും,ദുരുപയോഗത്തിനു ഇരകളായവരുമൊക്കെ ചർച്ചകളുടെ പ്രധാന വിഷയങ്ങളായിരുന്നു. യുദ്ധത്തിന്റെ ഭീകരതയിൽ വേദനിക്കുന്ന  ഉക്രൈൻ ജനതയെ പറ്റിയുള്ള വാക്കുകൾക്ക് പോൾ ആറാമൻ ശാലയിൽ അവർക്ക് സാമീപ്യം നൽകിക്കൊണ്ട് കരഘോഷം മുഴങ്ങിയതും ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

എല്ലാ ദിവസവും നടത്തുന്ന ചർച്ചാവിഷയങ്ങളിന്മേലുള്ള വാർത്താസമ്മേളനം സഭയുടെ സുതാര്യത വെളിവാക്കുന്നതാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ഡോ.പൗളോ റുഫീനി തന്റെ വാക്കുകൾ ആരംഭിച്ചത്. ഒക്ടോബർ ആറാം തീയതി രാവിലെ ഫ്രാൻസിസ് പാപ്പായുടെ സാന്നിധ്യത്തിൽ  നടന്ന സമ്മേളനത്തിൽ, വിവിധ ചെറു ഗ്രൂപ്പുകളിൽ നിന്ന്  18 റിപ്പോർട്ടർമാരും, 22   ആളുകൾ വ്യക്തിഗതമായും സംസാരിച്ചു. തുടർന്ന് ഉച്ചക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ' വിശുദ്ധിയേയും,അഴിമതിയെയും സംബന്ധിക്കുന്ന ഫ്രാൻസിസ് പാപ്പാ കർദിനാൾ ആയിരുന്ന അവസരത്തിൽ നടത്തിയ ഒരു പ്രസംഗവും, പാപ്പാ ആയതിനുശേഷം നടത്തിയ ഒരു പ്രസംഗവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകം എല്ലാവർക്കും വിതരണം ചെയ്യുമെന്നും  ഡോ.പൗളോ റുഫീനി അറിയിച്ചു.

തുടർന്ന് വാർത്താവിനിമയ വിഭാഗത്തിന്റെ സെക്രട്ടറി ഷെയ്‌ല പീരെസും സംസാരിച്ചു. സിനഡിന്റെ യഥാർത്ഥ ചൈതന്യമായ 'ഒരുമിച്ചു നടക്കുന്ന അന്തരീക്ഷം' ഓരോ ചെറിയ ഗ്രൂപ്പുകളിലെ അംഗങ്ങൾ കണ്ടുമുട്ടുമ്പോൾ പ്രാവർത്തികമാക്കപ്പെടുന്നുവെന്ന്, എടുത്തു പറഞ്ഞു.ഓരോ ഗ്രൂപ്പിലും വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ആളുകളുടെ സാന്നിധ്യം സാഹോദര്യത്തിന്റെ സന്ദേശം പ്രദാനം ചെയ്യുന്നു.

സഭ ഒരു കുടുംബം

കഴിഞ്ഞ സെഷനുകളിൽ എടുത്തു പറയപ്പെട്ട സഭയുടെ കുടുംബാത്മക സ്വഭാവത്തെപ്പറ്റിയുള്ള സിനഡ് അംഗങ്ങളുടെ വാക്കുകൾ  ഡോ. പൗളോ റുഫീനിയും, ഷെയ്‌ല പീരെസും എടുത്തു പറഞ്ഞു. 'സഭ എല്ലാവരെയും സ്വാഗതം ചെയ്യുന്ന കുടുംബം' എന്ന പ്രമേയം യോഗത്തിൽ ആവർത്തിച്ചു ഉന്നയിക്കപ്പെട്ടു.അതുപോലെ തന്നെ എക്യൂമെനിസവും,മതാന്തരസംവാദവും, യുവജനങ്ങളുടെയും,സ്ത്രീകളുടെയും പങ്കാളിത്തവുമൊക്കെ ചർച്ച ചെയ്തുകൊണ്ട് സഭ എങ്ങനെ കൂടുതൽ സാകലേന്യമായ ഒരു കൂട്ടായ്മയായി  മാറാമെന്നു ചിന്തിക്കണമെന്നും അതിന് അത്യന്താപേക്ഷിതമായ മറ്റുള്ളവരെ ശ്രവിക്കുവാനുള്ള കടമ പരിശീലന പഥത്തിൽ കൊണ്ടുവരണമെന്നും, സിനഡിൽ അംഗമായ ഒരു സന്ന്യാസിനി പറഞ്ഞു.

സൗഹൃദത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും,ബുദ്ധിമുട്ടുകൾക്ക് നടുവിലും ക്രിസ്തുവിന്റെ പീഡാനുഭവം ഉൾക്കൊണ്ടുകൊണ്ട് മുൻപോട്ടു യാത്രചെയ്യുവാനും സിനഡിൽ സംബന്ധിക്കുന്നവർ പരസ്പരം സാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നതും മഹത്തായ കാര്യമാണെന്ന് ഡോ.പൗളോ പറഞ്ഞു.

ചർച്ച ചെയ്ത വിഷയങ്ങൾ

കാനൻ നിയമം സഭയുടെ ഘടനയെന്നത് പുനർവിചിന്തനം ചെയ്യണമെന്നും,കൂരിയയുടെ മാനം,പരിശീലനം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.അതുപോലെ പാശ്ചാത്യപൗരസ്ത്യ സഭകൾ തമ്മിലുള്ള ബന്ധം, കുടിയേറ്റക്കാരുടെ അജപാനശുശ്രൂഷകൾ, സേവനങ്ങൾ, സഭയിൽ സ്ത്രീകളുടെ കർത്തവ്യങ്ങൾ, യുവജനങ്ങളുടെ പ്രാധാന്യം, പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള കാര്യങ്ങളുടെ വേഗത തുടങ്ങിയ കാര്യങ്ങളായിരുന്നു മറ്റു ചർച്ചാവിഷയങ്ങൾ.

സഭയുടെ അറ്റകുറ്റപ്പണികൾ

സഭയെ ഭൗതികമായി നന്നാക്കുന്നതിനോടൊപ്പം അറ്റകുറ്റപണികളുടെ ശരിയായ അർത്ഥം 'സേവനത്തിലാണ്' എന്ന സിനഡിൽ ഉയർന്നുവന്ന ചിന്തയും ഡോ.പൗളോ എടുത്തു പറഞ്ഞു.സേവനത്തിൽ ഏർപ്പെടുന്നവരാണ് യഥാർത്ഥത്തിൽ സഭയെ നന്നാക്കുന്നത്.കൂടാതെ, "ഒരു സഭ എന്ന നിലയിലും വിശ്വാസികൾ എന്ന നിലയിലും ക്രിസ്തുവിനോട് സാമ്യമില്ലാത്ത എല്ലാ കാര്യങ്ങളും" "സുവിശേഷത്തോട് അനുരൂപപ്പെടാത്ത" എല്ലാറ്റിനെയും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും, സേവനത്തിനു പകരം അധികാരം ഉയർത്തുന്ന അപകടവും സിനഡിൽ ഉന്നയിക്കപ്പെട്ടു. 'സിനഡാലിറ്റി സഭയുടെ ഡി എൻ എ ആണെന്ന' സിനഡ് അംഗങ്ങളുടെ ആശയവും ഡോ.പൗളോ ചൂണ്ടിക്കാട്ടി.

ഉക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യം

വേദനിക്കുന്ന സഭയെപ്പറ്റിയുള്ള ചിന്തകൾക്കിടയിൽ ഹൃദയഭേദകമായ ഉക്രൈനെ പറ്റിയുള്ള ചിന്തകളും പങ്കുവയ്ക്കപ്പെട്ടു. വാക്കുകൾക്ക് എല്ലാവരും ചേർന്ന് കരഘോഷങ്ങളോടെ ഐക്യദാർഢ്യം  പ്രഖ്യാപിച്ചു.യുദ്ധത്തിന്റെ വേദനയിൽ കഴിയുന്ന ഉക്രൈൻ ജനതയ്ക്കും, ക്രിസ്ത്യാനികൾക്കും കൂട്ടായ്മയുടെ ഒരു അനുഭവം ഇത് പ്രദാനം ചെയ്യുന്നുവെന്ന് ഡോ.പൗളോ പറഞ്ഞു.സിനഡ് ഒരു കുടുംബത്തിന്റെ കൂട്ടായ്മയായതു കൊണ്ട് ജന്മദിനം ആഘോഷിക്കുന്ന  സിസ്റ്റർ ലെറ്റീത്സിയയ്ക്കും, മെത്രാഭിഷേക വാർഷികം ആഘോഷിക്കുന്ന ആർച്ചുബിഷപ്പ് ചാൾസ് ഷിക്ലൂനയ്ക്കും ആശംസകൾ നേർന്നു. സിനഡിൽ ശിക്ഷകൾ ഉണ്ടാകുമോ? എന്നു കർദിനാൾ മുള്ളെറിന്റെ അഭിമുഖത്തിലെ ചില വാക്കുകൾ മാത്രം എടുത്തുകൊണ്ട് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, സിനഡിന്റെ യഥാർത്ഥ ചൈതന്യം ഡോ.പൗളോ വിശദീകരിച്ചു. നിശ്ശബ്ദതയിലുള്ള  വിവേചനവും,സാഹോദര്യത്തിന്റെ കൂട്ടായ്മയുമാണ് സിനഡ് എന്ന വാക്കുകളോടെയാണ് ഡോ.പൗളോ മറുപടി നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2023, 13:12