റുഫീനി: പരസ്പരം ശ്രവിക്കാനുള്ള ഇടവേളയാക്കി സിനഡ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
35 സംഘങ്ങളായി (Circuli Minori) സിനഡിൽ പങ്കെടുക്കുന്നവരെ തിരിച്ചു കൊണ്ട് വ്യാഴാഴ്ച തന്നെ അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും, വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡികാസ്റ്ററിയുടെ തലവ൯ കൂടിയായ പാവൊളോ റുഫീനി അറിയിച്ചു. കർമ്മസംഘത്തിലെ അംഗങ്ങൾ തമ്മിൽ പരസ്പരമറിയാനുള്ള അവസരം നൽകിയെന്നും ഓരോരുത്തരുടേയും സിനഡാലിറ്റി അനുഭവവും മറ്റുള്ളവരുടെ അനുഭവങ്ങളിൽ അവരെ സ്പർശിച്ച കാര്യങ്ങയും അവർ പങ്കുവയ്ക്കുകയും ചെയ്തു. സിനഡിന്റെ വിവിധ നടപടിക്രമങ്ങളെയും റുഫീനി മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു.
ഫ്രാൻസിസ് പാപ്പാ ബുധനാഴ്ച തന്നെ സിനഡിന്റെ ആദ്യ ഘട്ട പ്രവർത്തന രീതികളെക്കുറിച്ച് സിനഡിൽ പങ്കെടുക്കുന്നവർക്ക് നൽകിയ നിർദ്ദേശങ്ങളും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. ശ്രവണത്തിനുള്ള മുൻഗണന, പരസ്യ പ്രഖ്യാപനങ്ങളോടുള്ള തപസ്സ്, പരസ്പരം പരിചയപ്പെടൽ, വിവേചനം, രഹസ്യ സ്വഭാവമുള്ളവയോടുള്ള ബഹുമാനം എന്നിവയായിരുന്നു അവ.
ആഗോള കത്തോലിക്കാ സഭ ഈ നാല് ആഴ്ചകളിലെ സമ്മേളനത്തിൽ ഒരു ഇടവേളയെടുക്കുകയാണ് എന്ന് സിനഡിന്റെ വാർത്താ സമിതിയുടെ അദ്ധ്യക്ഷൻ പറഞ്ഞു. പാപ്പാ ആ ഗ്രഹിച്ചതു പോലെ ശാന്തവും, ബഹുമാനത്തോടെയുള്ള കാതോർക്കലും ഇവിടെ മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി മുതലായ തലങ്ങളിൽ ഒന്ന് ശാന്തമായി ഇരുന്ന് പരസ്പരം കേൾക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം മുഴുവൻ ഇവിടെ നിന്ന് സിനഡിന്റെവാർത്തകൾ നല്കുന്ന മാധ്യമ പ്രവർത്തകരോടു പാപ്പാ പ്രകടിപ്പിച്ച നന്ദിയും ആഴമായ ശ്രവണത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള ആഹ്വാനവും റുഫീനി അവരെ അറിയിച്ചു.
വാർത്ത സമയത്തെ താങ്ങി നിറുത്തലാണ്
ബൈബിളിലും സുവിശേഷങ്ങളിലും കാണുന്നതുപോലെ വാർത്ത എന്നത് സമയത്തിന്റെ താങ്ങി നിറുത്തലാണ്, ശ്രവണവും വിവേചനവും അനുവദിക്കുന്ന ഒരു നിശബ്ദതയാണ്. സഭയെപ്പോലുള്ള ഒരു വലിയ സ്ഥാപനം വിശ്വാസത്തിലും, ഐക്യത്തിലും, പ്രാർത്ഥനയിലും ഒരു നിശബ്ദ സമയം നൽകുന്നു എന്നതാണ് വാർത്ത, അദ്ദേഹം പറഞ്ഞു. തെക്കൻ ആഫ്രിക്കൻ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായ ഷൈല പെരസിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ചെറിയ കർമ്മസംഘങ്ങൾ അവരവരുടെ ഭാഷയിൽ ഒത്തുചേർന്ന് പ്രവർത്തിക്കുന്ന രീതികളും വിശദീകരിച്ചു. ആദ്യ സമ്മേളന ദിവസം ഓരോ അംഗത്തിനും ലഭിച്ചിരുന്ന നാല് മിനിറ്റിൽ പ്രാദേശിക സഭയിലെ ആദ്യ തല സിനഡൽ പ്രക്രിയ നടന്ന വിധവും, കണ്ടെത്തിയ ബുദ്ധിമുട്ടുകളും, പ്രദേശിക സഭയും ആഗോളസഭയുമായുള്ള ബന്ധവും വിശദീകരിച്ചു.
ഓരോ കർമ്മസംഘത്തിലും അവരാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു റിപ്പോർട്ടർ ചർച്ചകളിലെ അഭിപ്രായങ്ങളിലെ ഐക്യവും, വൈവിധ്യവും, ആശയങ്ങളും അറിയിക്കും. ആർക്കു വേണമെങ്കിലും പൊതുസമ്മേളനത്തിൽ സംസാരിക്കാനും അവരുടെ പ്രബന്ധം സിനഡിന്റെകാര്യാലയത്തിനു സമർപ്പിക്കാനും കഴിയുന്ന വളരെ സ്വതന്ത്രമായ, ശാന്തമായ പങ്കുവയ്പിന്റെആഴമായ ആത്മീയാനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആര് എന്തു പറയുന്നുവെന്നതല്ല സഭ ഐക്യത്തിന്റെ ചൈതന്യത്തിൽ തീരുമാനങ്ങളെടുക്കുന്ന ഒരു സങ്കീർണ്ണമായ പ്രക്രിയയാണ് സിനഡ് എന്ന് റുഫീനി വിശദീകരിച്ചു.
അന്തിമഫലമെന്തെന്ന് പറയാൻ ഇനിയും ഒരുപാട് വഴിയുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, പടികൾ ഒന്നൊന്നായി കയറി വേണം ഈ പ്രക്രിയയെന്നും അത് 2024 ലേക്കും നീളുന്നതാണെന്ന കാര്യവും ഓർമ്മിപ്പിച്ചു. സിനഡിന്റെ അവസാനത്തിലെ പ്രമാണത്തിൽ യോജിപ്പുകളും വിയോജിപ്പുകളും ഉൾപ്പെടുത്തുമെന്നും എന്നാൽ അത് നമ്മൾ തിരഞ്ഞെടുക്കുന്ന വഴി മാത്രമാണ് എത്തേണ്ട ലക്ഷ്യസ്ഥാനമല്ല എന്നും റുഫീനി അറിയിച്ചു.
കർമ്മസംഘങ്ങൾ ഒരു പൊതുവായ വിവേചനത്തിന്റെ കാര്യക്രമങ്ങളിലാണ്. അതിൽ വന്ന യോജിപ്പുകളും വിയോജിപ്പുകളും, പിരിമുറുക്കങ്ങളും, ഇനിയും ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും, ഉൾക്കാഴ്ചകളും, ആശയങ്ങളും, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് എന്ത് നടപടികൾ സ്വീകരിക്കണമെന്നതും ചർച്ചകളിലുണ്ടാകും. ഇതിനു വേണ്ടിയാണ് സിനഡിലെ അംഗങ്ങൾ ഒത്തു ചേരുന്നത്. അത് ഒരു "അതെ " യോ "അല്ല " യോ അല്ല മറിച്ച് മുഴുവൻ സഭയും ശ്രവിക്കുകയും വിവേചിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്, സിനഡിന്റെ വാർത്താ സമിതിയുടെ അദ്ധ്യക്ഷൻ പാവൊളോ റുഫീനി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: