വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം:കർദിനാൾ പരോളിൻ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
വിശുദ്ധനാട്ടിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഖേദവും,ആശങ്കയും അറിയിച്ചു.യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശ്വാശ്വതപരിഹാരം കാണുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് കർദിനാൾ പരോളിൻ ഇക്കാര്യംപറഞ്ഞത്.
ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് ശേഷം ഇസ്രായേലിൽ അക്രമം രൂക്ഷമായതിനെ കർദിനാൾ എടുത്തു പറഞ്ഞു.
മധ്യപൂർവേഷ്യയിലും,ഇസ്രയേലിലും,പലസ്തീനിലും, ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ട്ടൂരമായ ക്രൂരതകൾ വേദനാജനകമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ഞായറാഴ്ച്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സമാധാനത്തിനായുള്ള അഭ്യർത്ഥനയും അദ്ദേഹം അനുസ്മരിച്ചു.അക്രമണങ്ങൾ അവസാനിപ്പിക്കുവാനും, സമാധാനം സ്ഥാപിക്കാനുമുള്ള ലോകരാഷ്ട്രങ്ങളിലെ സർക്കാരുകളുടെ തീരുമാനങ്ങളും കർദിനാൾ ഓർമ്മിപ്പിച്ചു.
മധ്യപൂർവേഷ്യയിലും, ഉക്രൈനിലുമൊക്കെ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കുവാൻ ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥനയ്ക്കും കർദിനാൾ എല്ലാവരെയും ക്ഷണിക്കുന്നു.പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടു പോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ് നാമെന്നും, ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
നമ്മൾ, ബലം, അക്രമം, സംഘർഷം എന്നിവയിൽ മാത്രമാണ് ആശ്രയിക്കുന്നതെന്നും എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ പരിഹരിക്കപ്പെടണമെന്നും കർദിനാൾ പറഞ്ഞു. ഇത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് നൽകുന്ന സേവനങ്ങളെ അദ്ദേഹം ശ്ളാഘേഷിച്ചു.സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സമാധാനപരമായ പരിഹാരം തേടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: