സുവിശേഷവത്കരണത്തിന്റെ ഡിക്കസ്റ്ററിയ്ക്ക് പുതിയ അംഗങ്ങൾ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.കർദിനാൾമാരും, മെത്രാന്മാരും, വൈദികരും ,സിസ്റ്റേഴ്സും ,അല്മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്.
സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ലൂയിസ് അന്തോണിയോ താഗ്ലെ, സാംസ്‌കാരിക - വിദ്യാഭ്യാസ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഹോസെ ടോളെന്തിനോ ദേ മെൻഡോട്സ, അല്മായർ-കുടുംബങ്ങൾ-ജീവൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കെവിൻ ജോസഫ് ഫാരെൽ, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ലാറ്റ്സറോ യു ഹോംഗ് സിൽക്ക്,പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ക്‌ളൗദിയോ ഗുജറോത്തി, വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫിനി എന്നിവരാണ് പുതിയ സമിതിയിൽ ഉൾപ്പെടുന്ന വത്തിക്കാൻ കാര്യാലയങ്ങളുടെ തലപ്പത്തുള്ളവർ.
സമിതിയിൽ, ഇന്ത്യയിൽ നിന്നും ഗോവൻ ആർച്ചുബിഷപ്പ് കർദിനാൾ ഫെലിപ്പെ നേരി അന്തോണിയോ സെബാസ്ത്യാവോ ദോ റൊസാരിയോ ഫെറാവോയും നിയമിക്കപ്പെട്ടു. സുവിശേഷവത്ക്കരണത്തെ സംബന്ധിച്ച് ആഗോളതലങ്ങളിൽ ഉയരുന്ന ചോദ്യങ്ങളിൽ ഉചിതമായ മറുപടികൾ നൽകുവാനും, ആഗോളതലത്തിൽ ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനുമാണ് ഈ സമിതി ലക്‌ഷ്യം വയ്ക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: