സീമാതീത സ്നേഹം അവിരാമം പ്രസരിപ്പിക്കാൻ ബുദ്ധ-ക്രിസ്തു മതങ്ങൾക്കാകട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്നേഹത്തോടും അനുകമ്പയോടും കൂടി ജീവിക്കാനും കൂടുതൽ നീതിയും സമാധാനവും ഐക്യവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് ബുദ്ധമത വിശ്വാസികൾക്കും ക്രൈസ്തവർക്കും കഴിയട്ടെയെന്ന് മതാന്തരസംവാദാത്തിനായുള്ള വത്തിക്കാൻ വിഭാഗം (Dicastery for Interreligious Dialogue=ആശംസിക്കുന്നു.
പതിവുപോലെ ഇക്കൊല്ലവും, ബുദ്ധന്‍റെ ജനനം, ബോധോദയം, മരണം എന്നിവയുടെ സംയുക്ത ഓര്‍മ്മയാചരണമായി വൈശാഖമാസത്തിലെ പൗര്‍ണ്ണമിനാളില്‍ കൊണ്ടാടപ്പെടുന്ന ബുദ്ധപൂര്‍ണ്ണിമ, അഥവാ, വേശാഖ് ആചരണത്തോടനുബന്ധിച്ച് മതാന്തരസംവാദാത്തിനായുള്ള വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഖേൽ ആംഹെൽ അയുസൊ ഗിഷോത്തും കാര്യദർശി മോൺസി്ഞോർ ഇന്തുനിൽ ജനകരത്നെ കൊടിത്തുവ്വക്കുവും ഒപ്പിട്ട് ബുദ്ധമതാനുയായികളായ സഹോദരങ്ങള്‍ക്കായി നല്കിയ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.
വൈശാഖ മാസത്തിലെ വെളുത്തവാവും (പൗര്‍ണമി) വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണ്ണിമയായി ആചരിക്കുന്നത്.
“മുറിവേറ്റിരിക്കുന്ന നരകുലത്തെയും ഭൂമിയെയും കരുണയും നിസ്വാർത്ഥ സ്നേഹവും വഴി സൗഖ്യമാക്കുന്നതിൽ ബുദ്ധമതസ്ഥരും ക്രൈസ്തവരും” എന്ന ശീർഷകത്തിലുള്ളതാണ് മതാന്തരസംവാദാത്തിനായുള്ള വത്തിക്കാൻ വിഭാഗം അയച്ചിരിക്കുന്ന ആശംസാസന്ദേശം.
ലോകമെമ്പാടും, സീമാതീത സ്നേഹം ദുരുദ്ദേശവും ശത്രുതയും ഇല്ലാതെ നിർബ്ബാധം പ്രസരിപ്പിക്കാൻ ഇരു മതസ്ഥർക്കും കഴിയട്ടെയെന്നും സന്ദേശത്തിൽ പറയുന്നു. ദുഃഖത്തിൻറെ സ്വഭാവത്തെയും അതിനുള്ള കാരണങ്ങളെയും കുറിച്ചും അതിനെ എങ്ങനെ തരണം ചെയ്യാം എന്നതിനെകുറിച്ചും ഒരു ഉൾക്കാഴ്ച ലഭിക്കാനുള്ള അന്വേഷണത്തിന് ബുദ്ധപൂർണ്ണിമ ആഘോഷം പ്രചോദനമാകട്ടെയെന്നും ഈ മതാന്തരസംവാദാത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ സന്ദേശം ആശംസിക്കുന്നു. സഹനങ്ങളും മുറിവുകളും ഭാഗമായുള്ള ജീവിതത്തിൽ പുതിയൊരു ഉൾക്കാഴ്ച ലഭിക്കുന്നതിനുവേണ്ടി ദൈനംദിന ചര്യകളിൽ നിന്ന് ആവശ്യമായ അകലം പാലിക്കുന്നതിന് ഒരു അവസരം ഈ ആഘോഷം പ്രദാനം ചെയ്യുന്നുവെന്ന് സന്ദേശം പറയുന്നു.
ദാരിദ്ര്യം, വിവേചനം, അക്രമം; ദരിദ്രരോടുള്ള നിസ്സംഗത, മനുഷ്യ വ്യക്തിയെയും പ്രകൃതിയെയും ആദരിക്കുന്നതിൽ പരാജയപ്പെടുന്ന വികസന മാതൃകകളുടെ ഫലമായ അടിമത്തം, മതപരവും ദേശീയവുമായ തീവ്രവാദം പ്രചോദിപ്പിക്കുന്നതും ആളിക്കത്തിക്കുന്നതുമായ വിദ്വേഷം, എല്ലാറ്റിനുമുപരിയായി, വിവിധങ്ങളായ ഉത്കണ്ഠകളിലൂടെയും ആസക്തിയിലൂടെയും ആവിഷ്കൃതമാകുന്ന ജീവിതത്തോടുള്ള നിരാശാ മനോഭാവം എന്നിങ്ങനെ ലോകത്തെ ക്ലേശിപ്പിക്കുന്ന മുറിവുകൾ നിരവധിയാണെന്ന വസ്തുതയും സന്ദേശം ചൂണ്ടിക്കാട്ടുന്നു.
സകല ജീവജാലങ്ങളോടുമുള്ള കരുണ വഴി ഈ മുറിവുണക്കാമെന്ന് ബുദ്ധമതം വ്യക്തമാക്കുമ്പോൾ ക്രിസ്തുമതം പ്രതിവിധിയായി നിസ്വാർത്ഥ സ്നേഹാഭ്യാസം അവതരിപ്പിക്കുന്നുവെന്ന് സന്ദേശം വിശദീകരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: