പൗരസ്ത്യ സഭകളുടെ ശിക്ഷാനിയമ സംഹിതയിൽ ഭേദഗതിയുമായി മോത്തു പ്രോപ്രിയൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പൗരസ്ത്യ സഭകളുടെ ശിക്ഷാനിയമ സംഹിത പരിഷ്ക്കരിച്ചുകൊണ്ടുള്ള സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” “വൊക്കാരെ പെക്കത്തോരെസ്” (Vocare peccatores) പാപ്പാ പുറപ്പെടുവിച്ചു.
മാർച്ച് 20-ന് ഒപ്പുവച്ച മോത്തു പ്രോപ്രിയൊ രൂപത്തിലുള്ള ഈ അപ്പോസ്തോലിക ലേഖനം ബുധനാഴ്‌ച (05/04/23) ആണ് ഫ്രാൻസീസ് പാപ്പാ നല്കിയത്. ഈ നിയമ ഭേദഗതി ഇക്കൊല്ലം ജൂൺ 29-ന് പ്രാബല്യത്തിലാകും.
നീതി പുനഃസ്ഥാപിക്കൽ, കുറ്റവാളിയെ തിരുത്തൽ, കുറ്റത്തിനും നാശനഷ്ടങ്ങൾക്കും പരിഹാരമുണ്ടാക്കൽ എന്നിവയാണ് സഭയിൽ ശിക്ഷയുടെ ഉദ്ദേശ്യങ്ങൾ എന്ന് പാപ്പാ ഈ മോത്തുപ്രോപ്രിയോയിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ, തെറ്റ് ചെയ്യുന്ന ക്രിസ്തീയ വിശ്വാസികളുടെ സ്വഭാവം തിരുത്തുന്നതിൽ ഇടയന്മാർ ഔത്സുക്യപൂർവ്വം ശ്രമിക്കണമെന്ന് പാപ്പാ പറയുന്നു.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സഭാധികാരികൾ എപ്പോൾ ഇടപെടണമെന്ന് കൂടുതൽ വ്യക്തമായി നിർണ്ണയിക്കുന്നതാണ് പുതിയ നിയമങ്ങൾ. ഭേദഗതി ചെയ്ത നിയമങ്ങൾ കൂടുതൽ കൃത്യതയുള്ളതാണ്. ചുമത്തേണ്ട ശിക്ഷ കൂടുതൽ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ പ്രായപൂർത്തിയാകത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ, കൂദാശകളുടെ സംരക്ഷണം തുടങ്ങിയ പലകാര്യങ്ങളിലും പൗരസ്ത്യസഭാ നിയമ നടപടിക്രമങ്ങൾ ലത്തീൻ സഭയുടേതുമായി സമന്വയിപ്പിച്ചിരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: