തിരയുക

വത്തിക്കാൻ വത്തിക്കാൻ  

2025 ൽ നടക്കുന്ന ജൂബിലിയെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും ഇറ്റാലിയൻ ഭരണകൂടവും തമ്മിൽ ചർച്ച

വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജാ മെലോണിയും നേതൃത്വം വഹിച്ച പ്രതിനിധി സംഘങ്ങൾ ജൂബിലി പ്രമാണിച്ച് റോമിലെത്തുന്നവർക്ക് ഉചിതമായ സ്വീകരണം നൽകാൻ വേണ്ട പരിപാടികൾ ചർച്ച ചെയ്യവെ സജ്ജീകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഭാവിയിൽ കൂടുതൽ ചർച്ചകളുടെ ആവശ്യം അടിവരയിട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സാർവ്വത്രിക സഭ 2025 ൽ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ട് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള സഹകരണത്തിന് ഇരുകൂട്ടരും പരസ്പരം നന്ദിയർപ്പിക്കുകയും റോമിനും ഇറ്റലിക്കും ആത്മീയവും സാംസ്കാരികവുമായ സംഭാവനകൾ ജൂബിലി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പരിശുദ്ധ സിംഹാസത്തിന്റെ മാധ്യമകാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു. 

ജൂബിലിയുടെ അവസരത്തിൽ റോമ നഗരത്തിലെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ഉചിതമായ ഒരു സ്വാഗതം നൽകുവാനായി നടത്തുന്ന പ്രവർത്തനങ്ങളും പുരോഗതിയും  പിൻതുടരാൻ കൂടുതൽ ആശയ വിനിമയങ്ങൾ ആവശ്യമാണെന്ന കാര്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജ മെലോണി നയിച്ച ഇറ്റാലിയൻ പ്രതിനിധി സംഘത്തിൽ വിവിധ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരും, ലാത്സിയോ പ്രവിശ്യയുടെ തലവനും, റോമിലെ മേയറും ജൂബിലിക്കായുള്ള പ്രത്യേക കമ്മീഷണറും സന്നിഹിതരായിരുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിൻ വത്തിക്കാ൯ സംഘത്തെ നയിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, വത്തിക്കാൻ രാജ്യത്തിന്റെ ഗവർണ്ണറേറ്റ്  ഡെപ്യൂട്ടി സെക്രട്ടറി, അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള വകുപ്പിന്റെ ഡയറക്ടർ, സുരക്ഷാ സംവിധാനത്തിന്റെ ഡെപ്യൂട്ടി ഡയക്ടർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഏപ്രിൽ 2023, 13:17