തിരയുക

ഫ്രാൻസീസ് പാപ്പാ കുടിയേറ്റക്കാരിയായ ഒരു ബാലികയുമൊത്ത്, ഒരു ഫയൽ ചിത്രം ഫ്രാൻസീസ് പാപ്പാ കുടിയേറ്റക്കാരിയായ ഒരു ബാലികയുമൊത്ത്, ഒരു ഫയൽ ചിത്രം 

കുടിയേറ്റ സ്വാതന്ത്ര്യം മനുഷ്യാവകാശം !

109 മത് ആഗോള അഭയാർത്ഥി-കുടിയേറ്റ ദിനത്തിന്റെ പ്രമേയം: "സ്വദേശത്ത് തുടരണോ, കുടിയേറ്റം നടത്തണോ എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം"

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

109 മത് ആഗോള അഭയാർത്ഥി-കുടിയേറ്റ ദിനത്തിന്റെ പ്രമേയം വത്തിക്കാൻ സമഗ്ര മനുഷ്യവികസന ഡിക്കസ്റ്ററി പുറത്തിറക്കി.

ആഗോളപരമായി സമഗ്രമായ മാനുഷികവികസനത്തിന് ഊന്നൽ നൽകുന്ന വത്തിക്കാന്റെ ഭരണ കേന്ദ്രമാണ്  സമഗ്ര മനുഷ്യവികസന സേവന  ഡിക്കസ്റ്ററി. 2016 ൽ ഫ്രാൻസിസ് പാപ്പാ മനുഷ്യ വികസനം  (Humanam Progressionem) എന്ന സ്വയാധികാര പ്രബോധനം(Motu Proprio) വഴിയായി സ്ഥാപിച്ചതാണ് ഈ ഡിക്കസ്റ്ററി. കത്തോലിക്കാസഭയുടെ ആഗോളപരമായ മാനുഷികപ്രവർത്തനങ്ങൾക്ക് ഈ ഡിക്കസ്റ്ററി ചുക്കാൻ പിടിക്കുന്നു.

പ്രത്യേകമായി യുദ്ധമേഖലകളിലെ ആളുകളുടെ കുടിയേറ്റവും, അഭയാർഥികളായി കഴിയുന്ന ആളുകളുടെ പലവിധമായ പ്രശ്നങ്ങളും ഈ ഡിക്കസ്റ്ററി പ്രത്യേകമായി ചർച്ച ചെയ്യുകയും അതിനുവേണ്ടുന്ന നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു.

നൂറ്റിയൊമ്പതാമത് ആഗോള അഭയാർത്ഥി-കുടിയേറ്റ ദിനത്തിന്റെ പ്രമേയമായി ഡിക്കസ്റ്ററി തിരഞ്ഞെടുത്തിരിക്കുന്നത്, "സ്വദേശത്ത് തുടരണോ, കുടിയേറ്റം നടത്തണോ എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം" എന്നതാണ്.

പലപ്പോഴും നിർബന്ധിതമായി സ്വന്തം ദേശങ്ങളിൽ നിന്നും പലായനം ചെയ്യുവാൻ വിധിക്കപ്പെട്ടവരുടെ ജീവൻ തന്നെ നഷ്ടമാകുന്ന സങ്കടകരമായ അവസ്ഥ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിന്റെ തീരങ്ങളിൽ ഇപ്രകാരം കപ്പലപകടങ്ങളിൽ മരണമടഞ്ഞ അഭയാർത്ഥികളായവരെ പറ്റി  തുടർച്ചയായി ഫ്രാൻസിസ് പാപ്പായും തന്റെ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഡിക്കസ്റ്ററി തിരഞ്ഞെടുത്തിരിക്കുന്ന  ആഗോള അഭയാർത്ഥി-കുടിയേറ്റ ദിനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2023, 11:42