തിരയുക

സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ഉൾഭാഗം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ഉൾഭാഗം  (Vatican Media)

വത്തിക്കാനിൽ തീർത്ഥാടകർക്ക് പ്രത്യേക വഴിയൊരുക്കുന്നു

വിനോദസഞ്ചാരികളിൽനിന്നും വ്യത്യസ്തമായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ പ്രാർത്ഥിക്കാനും. തീർത്ഥാടനത്തിനുമായി വരുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കവാടം തുറന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

തീർത്ഥാടകരുടെയും, പ്രാർത്ഥിക്കാൻ ആഗ്രഹിച്ചു വരുന്നവരുംമായ വിശ്വാസികളുടെ സൗകര്യാർത്ഥം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലേക്ക് പുതിയ ഒരു കവാടം പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു. എല്ലാദിവസവും രാവിലെ  6.50 മുതൽ വൈകുന്നേരം 18.40 വരെ ബസിലിക്ക തുറക്കുന്ന സമയത്തിന് തുല്യമായിരിക്കും പുതിയ പാതയുടെ പ്രവർത്തന സമയം. പ്രവേശനം തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും മുൻപെന്ന പോലെ സൗജന്യമായിരിക്കും. മാർച്ചുമാസം ഇരുപത്തിയെട്ടാം  തീയതിയാണ് പാത തുറന്നത്. ഈ പുതിയ ക്രമീകരണം തീർത്ഥാടകരായ ആളുകൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 വത്തിക്കാൻ ബസിലിക്കയ്ക്കുള്ളിൽ വലത് ഇടനാഴിയിലൂടെ കടന്നുപോകുന്ന ഈ പാത , ആത്മീയവും, ആരാധനാക്രമവുമായ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേരാൻ തീർത്ഥാടകരെ സഹായിക്കുന്നു. വിശുദ്ധ പത്രോസിന്റെ തിരുസ്വരൂപം, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കബറിടം, വിശുദ്ധ കുർബാനയുടെ ചാപ്പൽ, നിത്യസഹായ മാതാവിന്റെ ചാപ്പൽ, അനുരഞ്ജനശുശ്രൂഷയുടെ ചാപ്പൽ, തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന പാത, ഭൂഗർഭത്തിലുള്ള  വിശുദ്ധ പത്രോസിന്റെ കബറിടവും ദർശിച്ചു പുറത്തിറങ്ങാൻ തക്ക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

"വിശ്വാസികൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും തീർഥാടകർക്കുംദേവാലയത്തിൽ  വന്ന് പ്രാർത്ഥിക്കുന്നതിനും കൂദാശകളിൽ പങ്കെടുക്കുന്നതിനും നീണ്ട ക്യൂവിൽ നിൽക്കാതെ സൗകര്യപ്രദമായ രീതിയിൽ ഉള്ളിൽ പ്രവേശിക്കുന്നതിനും പുതിയ ഒരു  പാത  പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു.പരിശുദ്ധ പിതാവിന്റെ ആഗ്രഹത്തിന് അനുസൃതമായി, ആത്മീയവും ആരാധനാക്രമവും ആഘോഷപരവുമായ ജീവിതത്തിനായി ബസിലിക്കയിലേക്കുള്ള പ്രവേശനം സുഗമമാക്കുവാൻ  പരമാവധി പരിശ്രമിക്കുമെന്ന്", ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി  വിശദീകരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2023, 18:16