തിരയുക

കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ 

കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ!

മാർച്ച് 17,18 തീയതികളിൽ ഇരുപത്തിനാലു മണിക്കൂർ ജാഗരണ പ്രാർത്ഥന.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക ആഗ്രഹപ്രകാരം, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷവും നോമ്പുകാലത്തിൽ നടത്താറുള്ള ഇരുപത്തിനാലുമണിക്കൂർ ആരാധന ലോകമെമ്പാടും ഇത്തവണയും ആചരിക്കുന്നു.

ഫ്രാൻസിസ് പാപ്പാ തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച നോമ്പുകാലത്തിലെ നാലാം ഞായറാഴ്ച്ചയ്‌ക്കൊരുക്കമായി നടത്താറുള്ള ഇരുപത്തിനാലുമണിക്കൂർ ജാഗരണ പ്രാർത്ഥന ലോകമെമ്പാടും ഇത്തവണയും മാർച്ചു മാസം 17, 18 തീയതികളിൽ നടത്തപ്പെടുന്നു. ഇത്തവണ പത്താം വർഷത്തിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ഈ പ്രത്യേക പ്രാർത്ഥനായജ്ഞത്തിനുണ്ട്.    യേശുവിന്റെ ഉത്ഥാനത്തിരുനാളിന് മുന്നോടിയായി ലോകം മുഴുവൻ നോമ്പാചരിക്കുമ്പോൾ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഒരുമിച്ചു ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളാകുന്നത് ഏറെ അനുഗ്രഹപ്രദമാണ്.

റോമിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള സാന്താ മരിയ ദെല്ലെ  ഗ്രാറ്റ്സിയെ  ഇടവക ദേവാലയത്തിലാണ് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. മാർച്ച് 17 നു വൈകുന്നേരം ഇറ്റാലിയൻ സമയം നാലു മുപ്പത്തിനാണ് കർമ്മങ്ങൾ ആരംഭിക്കുന്നത്. അനുരഞ്ജനശുശ്രൂഷയ്ക്കും വിശ്വാസികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

ദേവാലയങ്ങളുടെ തുറന്ന വാതിലുകൾ ദൈവത്തിന്റെ കരുണാർദ്രമായ സ്‌നേഹത്തിന്റെ പ്രതീകമാണ്."കർത്താവിനുവേണ്ടിയുള്ള 24 മണിക്കൂറിനുള്ള" തയ്യാറെടുപ്പിന്റെ ഭാഗമായി, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി  സമൂഹത്തിലെ ആഘോഷത്തിനുള്ള നിർദ്ദേശങ്ങൾ  അടങ്ങിയ ലേഖനവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ ഈ പതിപ്പുകൾ ലഭ്യമാണ്.  http://www.evangelizatio.va/content/pcpne/it/attivita/24ore/24-ore-per-il-signore-2023.html എന്ന സൈറ്റിൽ നിന്ന് ഈ പ്രതികൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2023, 18:08