അമ്മമാരുടെ ആർദ്രസ്നേഹം ലോകത്തിന് ജീവൻ നൽകുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
'സ്ത്രീകളും, സമാധാനവും, സുരക്ഷയും' എന്ന വിഷയത്തിൽ 2000 ൽ നടത്തിയ തുറന്ന ചർച്ചയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടടുക്കുമ്പോൾ, 2023 മാർച്ചുമാസം ഏഴാംതീയതി അന്താരാഷ്ട്ര വനിതാദിനത്തിന്റെ തലേദിവസം ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ ഉപദേശകസമിതിയിലെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച നടത്തിയ പ്രസ്താവനയിലെ വാക്കുകൾ ലോകശ്രദ്ധയാകർഷിക്കുന്നു. സംഘട്ടനത്തിലായ സ്ത്രീകളുടെ അതുല്യമായ ആവശ്യങ്ങളെ സംബന്ധിച്ചും, അവരുടെ അവകാശങ്ങളെ ഹനിക്കുന്ന തിന്മകളെ തടയുന്നതിലും പരിഹരിക്കുന്നതിലും ഐക്യരാഷ്ട്രസഭയുടെ പ്രധാന പങ്കിനെ പുനർവിചിന്തനം ചെയ്യേണ്ടത്കാലോചിതമാണെന്ന് ആമുഖത്തിൽ ആർച്ചുബിഷപ്പ് എടുത്തുപറയുന്നു.
തുടർന്ന് ഫ്രാൻസിസ് പാപ്പാ 2023 ജനുവരി മാസം വത്തിക്കാൻ രാഷ്ട്രത്തിലെ അന്താരാഷ്ട്ര നയതന്ത്രപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നടത്തിയ പരാമർശങ്ങളും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. "എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെടുമ്പോൾ, സമൂഹത്തിന്റെ ജീവിതത്തിനും, സമാധാനത്തിന്റെ ആദ്യ സഖ്യകക്ഷികളാകാനും വേണ്ടി സ്ത്രീകൾക്ക് അവരുടെ അതുല്യമായ സംഭാവന നൽകാൻ കഴിയും." എന്നാൽ ഇന്ന് സമൂഹത്തിൽ ഏറെ ചൂഷണങ്ങൾക്കും അസമത്വങ്ങൾക്കും സ്ത്രീകൾ വിധേയരാകുന്നുവെന്ന യാഥാർഥ്യവും ആർച്ചുബിഷപ്പ് അടിവരയിടുന്നു.
സ്ത്രീകളുടേയും പെൺകുട്ടികളുടേയും മോശമായ സാഹചര്യങ്ങൾക്ക് കാരണമാകുന്ന പ്രാഥമിക കാര്യങ്ങളെ അഭിസംബോധന ചെയ്യാത്തിടത്തോളം സ്ത്രീകളുടെയും, സമാധാനത്തിന്റെയും, സുരക്ഷയുടെയും കൃത്യമായ ആസൂത്രണനടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുകയില്ല. അതിനാൽ സ്ത്രീയുടെ നന്മയെ തിരിച്ചറിഞ്ഞുകൊണ്ട് അവളെ സ്വീകരിക്കുവാൻ എല്ലാവരും തയ്യാറാവണമെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അവസാനമായി ഫ്രാൻസിസ് പാപ്പാ മാൾട്ടയിൽ നടത്തിയ സന്ദേശത്തിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് ഉപസംഹരിക്കുന്നത്, " ലോകത്തിന് ജീവൻ നൽകുന്ന അമ്മമാരുടെ ആർദ്രമായ സ്നേഹവും സ്ത്രീകളുടെ സാന്നിധ്യവുമാണ് യുദ്ധത്തിലേക്ക് നയിക്കുന്ന അധികാരത്തിന്റെ നിന്ദ്യമായ യുക്തിക്ക് എതിരായിനിൽക്കുന്ന ചാലകശക്തി".
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: