ഫ്രാൻസിസ് പാപ്പാ നയിക്കുന്ന 2023-ലെ വലിയ നോമ്പാരംഭം വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വലിയനോമ്പാചരണവുമായി ബന്ധപ്പട്ട് വിഭൂതി ബുധനാഴ്ച്ച ഫ്രാൻസിസ് പാപ്പാ നടത്തുന്ന ആരാധനാചടങ്ങുകൾ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും റോമിൽ വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ വച്ച് നടക്കും.
ഈ വർഷത്തെ നോമ്പുകാലവുമായി ബന്ധപ്പെട്ട പ്രാരംഭആഘോഷങ്ങൾ റോമിലെ അവെന്തീനോയിലെ വിശുദ്ധ ആൻസെൽമോ ദേവാലയത്തിൽ ആരംഭിക്കുമെന്നും, വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്നും, പൊന്തിഫിക്കൽ ലിറ്റർജിക്കൽ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്ന മോൺസിഞ്ഞോർ ദിയേഗോ റവെല്ലി അറിയിച്ചു.
പതിവുപോലെ നോമ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടക്കുന്ന ചടങ്ങുകൾ ഫെബ്രുവരി 22 ബുധനാഴ്ച വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ ആൻസെൽമോ ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന അനുതാപഘോഷയാത്രയോടെ തുടങ്ങി, സാന്ത സബീന ബസലിക്കയിൽ എത്തും. തുടർന്ന് ചാരം ഉപയോഗിച്ചുള്ള കുരിശുവരയുടെ ചടങ്ങുകൾ ഉൾക്കൊള്ളുന്ന വിശുദ്ധബലിയർപ്പണമുണ്ടായിരിക്കും. വൈകുന്നേരം അഞ്ചുമണിക്കായിരിക്കും വിശുദ്ധ ബലിയർപ്പണം.
ചടങ്ങുകളിൽ നിരവധി കർദ്ദിനാൾമാരും മെത്രാന്മാരും, ബെനെഡിക്റ്റൻ, ഡൊമിനിക്കൻ സന്ന്യാസസഭകളിൽനിന്നുള്ള അംഗങ്ങളും മറ്റ് ആളുകളും പങ്കെടുക്കും.
കോവിഡ്-19 ആരംഭിച്ചതിനുശേഷം ഇതാദ്യമായായാണ് പൊതുജനങ്ങൾക്ക് കൂടി സംബന്ധിക്കാവുന്ന രീതിയിൽ വിഭൂതിബുധനാഴ്ചയുടെ ചടങ്ങുകൾ പാപ്പാ നടത്തുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: