തിരയുക

പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ തലവൻ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി ഫ്രാൻസീസ് പാപ്പായുമൊത്ത്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ തലവൻ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി ഫ്രാൻസീസ് പാപ്പായുമൊത്ത്. 

പൗരസ്ത്യ സഭകൾക്കായുള്ള വിഭാഗത്തിൻറെ തലവൻ ഭൂകമ്പബാധിതരുടെ ചാരെ!

ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി തുർക്കിയും സിറിയയും സന്ദർശിക്കുന്നു. ഇക്കഴിഞ്ഞ പതിനേഴാം തീയതി ആരംഭിച്ച ഈ സന്ദർശനം 21-ന് സമാപിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭൂകമ്പബാധിതരോട് പാപ്പായുടെ സാമീപ്യം പ്രകടിപ്പിക്കുന്നതിന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ തലവൻ, അഥവാ, പ്രീഫെക്ട് ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി തുർക്കിയും സിറിയയും സന്ദർശിക്കുന്നു.

ഇക്കഴിഞ്ഞ പതിനേഴാം തീയതി ആരംഭിച്ച ഈ സന്ദർശനം 21-ന് സമാപിക്കും. തുർക്കിയിലും സിറിയയിലും പ്രവർത്തനനിരതമായ ഉപവിപ്രവർത്തന-ദുരിതാശ്വാസ സംഘടനകളുടെ പ്രതിനിധികളും മെത്രാന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു.

ഈ സന്ദർശനത്തിൻറെ ആദ്യപാദമായ സിറിയയിൽ കത്തോലിക്ക സഭയുടെയും ഓർത്തഡോക്സ് സഭയുടെയും മെത്രാന്മാരുമായും മുസ്ലീം പ്രതിനിധികളുമായും വിവിധ ഉപവിപ്രവർത്തന സംഘടനകളുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി മദർ തെരേസയുടെ സന്ന്യാസിനികളെയും സന്ദർശിക്കുകയും സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിൽ വച്ച് തിങ്കളാഴ്ച ആ നഗരത്തിൽ വസിക്കുന്ന പാത്രിയാർക്കീസുമാരും മെത്രാന്മാരുമായും കത്തോലിക്കാ അകത്തോലിക്കാ നിവാസികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അന്നു വൈകുന്നേരം തുർക്കിയിലേക്കു പോകുന്ന അദ്ദേഹം അവിടെയും മെത്രാന്മാരുമായും ദുരിതാശ്വാസ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും.

പൗരസ്ത്യസഭകൾക്കായുള്ള വിഭാഗത്തിൻറെ ഉപകാര്യദർശിയും പ്രത്യേക കാര്യദർശിയുമായ വൈദികൻ ഫ്ലവിയൊ പാച്ചെയും പൗരസത്യസഭകൾക്ക് സഹായമേകുന്ന സംഘടനകളുടെ സമിതിയുടെ (ROACO) കാര്യദർശി മോൺസിഞ്ഞോർ കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിലും ആർച്ച്ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തിയെ ഈ യാത്രയിൽ അനുഗമിക്കുന്നുണ്ട്

ഭൂകമ്പത്തിൻറെ തീവ്രതയുടെ തോത് അളക്കുന്ന റിക്ടെർ സ്കെയിലിൽ 7 ദശാംശം 8 രേഖപ്പെടുത്തിയ ഭൂമികുലുക്കം തുർക്കിയിലും സിറിയയിലും ഫെബ്രുവരി 6-ന് തിങ്കളാഴ്ച (06/02/23) ആണ് ഉണ്ടായത്. ഈ ഭൂകമ്പം ഇരു രാജ്യങ്ങളിലുമായി ജീവനപഹരിച്ചവരുടെ സംഖ്യ നാല്പതിനായിരത്തോട് അടുത്തിരിക്കയാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2023, 12:47