ഹൃദയഗന്ധിയായ ആത്മീയ മരണപത്രിക
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവിലാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മരണപത്രികയുടെ മുഴുവൻ അന്തസത്തയും ഉൾക്കൊള്ളുന്നത്. തന്റെ മരണകർമ്മങ്ങളെപ്പറ്റി യാതൊന്നും സൂചിപ്പിക്കുന്നില്ലെങ്കിലും,തന്റെ ജീവിതത്തിലുടനീളം താങ്ങും തണലുമായി നിന്ന ദൈവത്തിനും സഹോദരീസഹോദരങ്ങൾക്കും ഹൃദയപൂർവം അദ്ദേഹം നന്ദി പറയുന്നു. തന്റെ അനാരോഗ്യം പരിഗണിച്ച് വിനയപുരസ്സരം സ്ഥാനത്യാഗം ചെയ്ത മാർപ്പാപ്പയുടെ മരണകുറിപ്പിലെ ക്ഷമാപണവും എടുത്തുപറയേണ്ടതാണ്.അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ക്രിസ്ത്യാനികൾക്ക് അഭിമാനഹേതുവാണ്.
ദൈവമാണ് എല്ലാ ദാനങ്ങളുടെയും ദാതാവെന്ന സത്യത്തിന് അടിവരയിടുന്നതാണ് ശാസ്ത്രീയ ഗവേഷണങ്ങളും, വിശുദ്ധ ഗ്രന്ഥപഠനങ്ങളുമെല്ലാം തന്നെ കൊണ്ടുവന്നെത്തിച്ചത് യേശുക്രിസ്തുവിലും,സഭയിലുമുള്ള അചഞ്ചലമായ വിശ്വാസത്തിലാണെന്ന തീക്ഷ്ണപരമായ അദ്ദേഹത്തിന്റെ വാക്കുകൾ.എപ്പോഴും തന്റെ കൃതികളിലും,സംസാരത്തിലും വിശ്വാസത്തിന്റെ തീവ്രത കാത്തുസൂക്ഷിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ആത്മീയ മരണപത്രികയിൽ നൽകുന്ന സന്ദേശവും വിശ്വാസം മുറുകെപ്പിടിക്കുവാനുള്ള ആഹ്വാനമാണ്.
വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുക, ആശയക്കുഴപ്പങ്ങളിൽ വീണുപോകാതെ കാത്തുകൊള്ളുക. ശാസ്ത്രവും, ചരിത്രഗവേഷണങ്ങളും പ്രത്യേകമായി വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങളും ചിലപ്പോൾ കാതോലിക്കാവിശ്വാസത്തിന് എതിരായി വന്നേക്കാം.ഇത്തരം പ്രശ്നങ്ങൾ ഞാൻ ഏറെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഈ എതിർപഠനങ്ങൾ കുറച്ചുനാളുകൾക്കുശേഷം മാഞ്ഞുപോകുന്നതായും ഞാൻ കണ്ടിട്ടുണ്ട്.ഇവയൊന്നും ശാസ്ത്രമല്ല മറിച്ച് തത്വചിന്തയുടെ അനുമാനങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. യേശുക്രിസ്തുവാണ് ശരിയായ വഴിയും, സത്യവും, ജീവനും. സഭ എല്ലാ കുറവുകളോടും കൂടി ക്രിസ്തുവിന്റെ ശരീരമാണ്.
തന്റെ മരണകുറിപ്പ് അവസാനിപ്പിക്കുന്നത് എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ടാണ്: അവസാനമായി നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ മുഖാന്തിരം ദൈവം എന്റെ പാപങ്ങളും കുറവുകളും പൊറുത്ത് എന്നെ നിത്യവസതിയിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: