സഭ ഉക്രൈനിലേക്കെത്തിച്ച സാധനസാമഗ്രികൾ - ഫയൽ ചിത്രം സഭ ഉക്രൈനിലേക്കെത്തിച്ച സാധനസാമഗ്രികൾ - ഫയൽ ചിത്രം 

ഉക്രൈനിലെ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായസമാഹരണം ഒരു ലക്ഷം യൂറോയിലേക്ക്

ഉക്രൈൻ ജനതയ്ക്കായുള്ള ധനശേഖരണം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈൻ യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ അതിശൈത്യകാലാവസ്ഥയിൽ അവിടുത്തെ ജനങ്ങൾക്ക് തെർമൽ വസ്ത്രങ്ങൾ സംഭാവന ചെയ്യുവാനായി വത്തിക്കാന്റെ  ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി ആരംഭിച്ച സംരംഭം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് ഡിക്കസ്റ്ററിയുടെ വക്താക്കൾ അറിയിച്ചു. ഡിസംബർ പത്തൊൻപതാം തീയതി തന്നെ ഈ സംഭാവനകൾ ഒരു ലക്ഷം യൂറോ എന്ന സംഖ്യയിലേക്കെത്തിയെന്ന് അവർ വ്യക്തമാക്കി.

റഷ്യ ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനിലെ നാൽപതു ശതമാനത്തോളം  ഊർജ്ജോത്പാദകകേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. ഈയൊരവസ്ഥയിൽ രാജ്യത്ത് സാധാരണ ജനജീവിതം ദുരിതപൂർണ്ണമായതുകൊണ്ടാണ് പരിശുദ്ധസിംഹാസനം ഇത്തരമൊരു സേവനവുമായി മുന്നോട്ടിറങ്ങിയത്. പുതിയ ഈ സംരംഭത്തിന്റെ ഭാഗമായി എപ്പേലാ (Eppela) എന്ന ഇന്റർനെറ്റ് പേജുവഴി ഉക്രൈൻ ജനതയ്ക്ക് വേണ്ടി തെർമൽ ഉടുപ്പുകൾ വാങ്ങുന്നതിലേക്ക് സംഭാവനകൾ നൽകുവാൻ വത്തിക്കാന്റെ  ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി, ഫ്രാൻസിസ് പാപ്പായുടെ ഉക്രൈനുവേണ്ടിയുള്ള അഭ്യർത്ഥനകളെ മാനിച്ച് ആഹ്വാനം ചെയ്തിരുന്നു. ഇതുവഴിയുള്ള സംഭാവനകളാണ് ഏതാണ്ട് എൺപത്തിയഞ്ചു ലക്ഷം രൂപയോളം എത്തിയത്.

ഉക്രൈനിലെ അതിശൈത്യം മൂലമുള്ള അടിയന്തിരാവസ്ഥ തുടരുന്നതിനാലും, യുദ്ധത്തിന് അറുതിവരാത്തതിനാലും ഈ ധനശേഖരണം ജനുവരി എട്ടു വരെ തുടരുമെന്ന് വത്തിക്കാൻ ഡിക്കസ്റ്ററി അറിയിച്ചു. ധനശേഖരണത്തിലൂടെ ലഭിച്ച പണം മുഴുവനും ഉക്രൈൻ ജനതയ്ക്കായുള്ള തെർമൽ വസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് അവർ വ്യക്തമാക്കി. ഈ മാസം പത്തൊൻപതാം തീയതി തിങ്കളാഴ്ച, ഉക്രൈനിലെ ജനങ്ങൾക്കുവേണ്ടിയുള്ള തെർമൽ വസ്ത്രങ്ങളും ജെനറേറ്ററുകളുമായി വത്തിക്കാന്റെ  ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി ഉക്രൈനിലെത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2022, 16:04