തിരയുക

വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി ഉക്രൈനിലേക്ക് അയക്കുന്ന ജനറേറ്ററുകൾ വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി ഉക്രൈനിലേക്ക് അയക്കുന്ന ജനറേറ്ററുകൾ 

ശൈത്യത്തെ അതിജീവിക്കാൻ ഉക്രൈന് കൈത്താങ്ങായി വത്തിക്കാൻ

റഷ്യ ഉക്രൈൻ യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ അതിശൈത്യകാലാവസ്ഥയിൽ അവിടുത്തെ ജനങ്ങൾക്ക് തെർമൽ വസ്ത്രങ്ങൾ സംഭാവന ചെയ്‌ത്‌ വത്തിക്കാൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഠിനമായ ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങാകാൻ വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി അവർക്ക് തെർമൽ വസ്ത്രങ്ങൾ എത്തിക്കുവാനുള്ള പുതിയ സംരഭം ആരംഭിച്ചു. റഷ്യ ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനിലെ നാൽപതു ശതമാനത്തോളം  ഊർജ്ജോത്പാദകകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ ഉക്രൈനിലെ സാധാരണ ജനജീവിതം ദുരിതപൂർണ്ണമായതുകൊണ്ടാണ് പരിശുദ്ധസിംഹാസനം ഇത്തരമൊരു സേവനവുമായി മുന്നോട്ടിറങ്ങിയത്. വത്തിക്കാൻ അപ്പസ്തോലിക ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ തലവൻ കർദിനാൾ ക്രയേവ്സ്‌കിയുടെ മേൽനോട്ടത്തിലാണ് പുതിയ ഈ സംരംഭം.

പുതിയ ഈ സംരംഭത്തിന്റെ ഭാഗമായി എപ്പേലാ (Eppela) എന്ന ധനശേഖരണത്തിനായുള്ള ഇന്റർനെറ്റ് പേജുവഴി ഉക്രൈൻ ജനതയ്ക്ക് തെർമൽ ഉടുപ്പുകൾ വാങ്ങുവാനായി ആളുകൾക്ക് സംഭാവനകൾ നൽകുവാനാകും. ഡിസംബർ പതിനാല് ബുധനാഴ്ച വത്തിക്കാനിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ, ചിലവുകൾ ചുരുക്കി ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നതിലേക്കും, മിച്ചം പിടിക്കുന്നവ ഉക്രൈൻ ജനതയ്ക്കായി സംഭാവന നല്കുന്നതിനെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വസ്ത്രങ്ങളും, മുൻപേ തന്നെ നൽകുമെന്ന് അറിയിച്ചിരുന്ന ജനറേറ്ററുകളും കർദ്ദിനാൾ ക്രയേവ്സ്‌കിയുടെ സാന്നിദ്ധ്യത്തിൽ ഉക്രൈൻ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററി അറിയിച്ചു. 2018 നവംബർ 26-ന് കാസ സാന്താ മാർത്തായിൽ അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ അധികരിച്ച്, ഉദാരതയും ദാനശീലവും എന്നും തുടരേണ്ട ഒന്നാണെന്നും, ഇപ്പോൾ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും നൽകുന്നതിനപ്പുറവും ഉക്രൈൻ ജനതയ്ക്കുള്ള സഹായങ്ങൾ തുടരുമെന്നും കർദ്ദിനാൾ ക്രയേവ്സ്‌കി പറഞ്ഞു. റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പാപ്പായുടെ പേരിൽ നിരവധി തവണ സഹായവുമായി അദ്ദേഹം ഉക്രൈനിലെത്തിയിരുന്നു.

ഉക്രയിൻജനതയ്ക്കായി സംഭാവനകൾ നൽകുവാൻ താല്പര്യമുള്ളവർക്കായി https://www.eppela.com/projects/9302 എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2022, 16:18